തിരുവനന്തപുരം: ബി.എസസി. നഴ്‌സിങ് പ്രവേശനത്തിനുള്ള തീയതികൾ വീണ്ടും സർക്കാർ നീട്ടി. 16-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാനും 23-ന് ആദ്യ അലോട്ട്‌മെന്റ് നടത്താനുമാണ് തീരുമാനം. നേരത്തേ ഒക്ടോബർ മൂന്നിന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് 10-ന് ആദ്യ അലോട്ട്‌മെന്റും 21-ന് മൂന്നാമത്തെ അലോട്ട്‌മെന്റും നടത്താനാണ് തീരുമാനിച്ചിരുന്നത്. നവംബർ 15-ന് എല്ലാ പ്രവേശന നടപടികളും അവസാനിപ്പിക്കാനുമാണ് മാനേജ്‌മെന്റുകളുമായി സീറ്റ് ധാരണയായത്.
പ്രവേശന നടപടികൾ ആകെ കുഴഞ്ഞ സാഹചര്യത്തിൽ എൽ.ബി.എസ്. കൂടുതൽ സമയം സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു. പ്രോസ്‌പെക്ടസ് അംഗീരിക്കുന്നതടക്കമുള്ള നടപടികൾ ഇനിയും പൂർത്തിയാക്കിയിട്ടില്ല. കോവിഡ് സാഹചര്യത്തിൽ നഴ്‌സിങ് കോഴ്‌സുകളുടെ പ്രവേശനം പൂർത്തിയാക്കാൻ ഡിസംബർ 31 വരെ നഴ്‌സിങ് കൗൺസിൽ അനുമതി നൽകിയിട്ടുണ്ടെന്നാണ് എൽ.ബി.എസ്. ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
അതേസമയം മറ്റുപല സംസ്ഥാനങ്ങളിലും ഈ മാസം 15-ന് ക്ലാസ് ആരംഭിക്കുമെന്നത് വിദ്യാർഥികളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മാനേജ്‌മെന്റ് സീറ്റുകളിലെ പ്രവേശനം ഇവിടെ പൂർത്തിയായിട്ടുണ്ട്. സർക്കാർ സമയക്രമം പാലിക്കാതെ വന്നതോടെ യഥാസമയം പ്രവേശനം പൂർത്തിയാക്കാൻ ആവില്ലെന്ന് മാനേജ്‌മെന്റുകൾ ചൂണ്ടിക്കാട്ടുന്നു.
കരാർ അനുസരിച്ച് നവംബർ 15-നകം പ്രവേശന നടപടികൾ അവസാനിപ്പിക്കുകയും പിന്നീട് സീറ്റുകൾ അവശേഷിച്ചാൽ സീറ്റുകൾ തങ്ങൾക്ക് ഏറ്റെടുക്കാനാവുമെന്നുമെന്ന നിലപാടിലാണ് മാനേജ്‌മെന്റുകൾ. കൂടിയാലോചനകളില്ലാതെയാണ് പ്രവേശനസമയം പുനഃക്രമീകരിച്ചതെന്നും അവർ പറയുന്നു.
പുതുക്കിയ സമയക്രമം
റാങ്ക് ലിസ്റ്റ്- നവംബർ 16
ഓപ്ഷൻ രജിസ്‌ട്രേഷൻ- നവംബർ 16 മുതൽ 19 വട്രെ
ട്രയൽ അലോട്ട്‌മെന്റ്- നവംബർ 20
ആദ്യഅലോട്ട്‌മെന്റ്- നവംബർ 23
രണ്ടാം അലോട്ട്‌മെന്റ്- നവംബർ 27
മൂന്നാം അലോട്ട്‌മെന്റ്- ഡിസംബർ 3
സ്പോട്ട് അലോട്ട്‌മെന്റ് ഡിസംബർ 20
content highlights: nursing admission extended