കണ്ണൂർ: “ഒട്ടുമില്ല പേടി. എന്തിനു പേടിക്കണം. ജോലിയോടും രോഗികളോടും നൂറുശതമാനം സ്നേഹത്തോടെയും സമർപ്പണത്തോടെയുമാണു പ്രവർത്തിക്കുന്നത്. ഉന്നതോദ്യോസ്ഥരുടെയും സഹപ്രവർത്തകരുടെയും കുടുംബത്തിന്റെയും ഭാഗത്തുനിന്നു കിട്ടുന്നത് നിറഞ്ഞ പിന്തുണ. നമ്മുടെ കർമത്തിൽനിന്നു നമ്മൾ ഒരിക്കലും മാറിനിൽക്കരുതെന്ന ചിന്താഗതിയാണെനിക്ക്”- കണ്ണൂർ ജില്ലാ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡിന്റെ ചുമതലയുള്ള ഹെഡ് നഴ്സ് എസ്. ബിന്ദുവിന്റേതാണ് ഇൗ വാക്കുകൾ. ഓരോ വാക്കിലുമുണ്ട് മഹാരോഗത്തോടു പടവെട്ടാനുള്ള കരുത്തും ജോലിയോടുള്ള ആദരവും.

binduആശുപത്രിയിൽ ഐസൊലേഷൻ വാർഡ് തയ്യാറാക്കുന്നതു മുതലുണ്ട് ബിന്ദുവിന്റെ സേവനം. ഏറെക്കുറെ പണി പൂർത്തിയായ ട്രോമാകെയർ കെട്ടിടമാണ് െഎസൊലേഷൻ വാർഡായി മാറ്റിയെടുത്തത്. ട്രോമോ കെയർ യൂണിറ്റിന്റെ ചുമതലയും ഇവർക്കായിരുന്നു. ഡോക്ടർമാർക്കു പുറമേ 14 സ്റ്റാഫ് നഴ്സുമാരും 10 നഴ്സിങ് അസിസ്റ്റന്റുമാരും ആറു ശുചീകരണ ജീവനക്കാരുമാണ് ഒപ്പം വാർഡിലുള്ളത്.

പ്രത്യേകം രൂപകല്പനചെയ്ത വസ്ത്രമായ ‘പേഴ്സണൽ പ്രൊട്ടക്ടീവ് എക്വുപ്മെന്റ്’ ധരിച്ച് കൂടുതൽനേരം ജോലിചെയ്യാനാവാത്തതിനാൽ നാലുമണിക്കൂർ ഇടവിട്ടാണ് െഎസൊലേഷൻ വാർഡിലെ ജോലിക്രമീകരണം. ജോലിക്കു കയറുന്നതുമുതൽ മടങ്ങിപ്പോകുംവരെ അതിസൂക്ഷ്മമായാണ് ഓരോ നീക്കങ്ങളും.

വീട്ടിൽനിന്നു ധരിച്ച വസ്ത്രം മാറുന്നതു മുതൽ തുടങ്ങും പൂർണ ശ്രദ്ധ. കൂട്ടിരിപ്പുകാരില്ലാത്തതിനാൽ രോഗിയുടെ ഭക്ഷണകാര്യങ്ങളും പ്രാഥമിക കാര്യങ്ങളുമെല്ലാം നോക്കണം. ഓരോ രോഗിക്കും പ്രത്യേകം ഗ്ലൗസും ഇൻഫ്രാറെഡ് തെർമോമീറ്ററും എന്തിനേറെ സ്റ്റെതസ്കോപ്പ് പോലും വെവ്വേറെ. ജോലികഴിഞ്ഞ് തിരികെ പുറത്തിറങ്ങുന്നതുപോലും വന്നവഴിയിലൂടെയാകരുത്.salute the heroes

കൊറോണയുടെ തുടക്കംമുതൽ ഉൗണും ഉറക്കവുമൊഴിഞ്ഞ് രോഗികൾക്കൊപ്പം കഴിയുന്ന ബിന്ദു ചേർത്തല കണിച്ചുകളങ്ങര സ്വദേശിനിയാണ്. ഇപ്പോൾ താമസം കണ്ണൂരിനടുത്ത് അഴീക്കോട്ട്. 29 വർഷമായി സർവീസിൽ കയറിയിട്ട്. ഹെഡ് നഴ്സായിട്ട് എട്ടുമാസം. ഫാർമസിസ്റ്റാണ് ഭർത്താവ് രാധാകൃഷ്ണൻ. മകൾ ഗൗരി ആറാം ക്ലാസിൽ.

ഹീറോസിനുവേണ്ടി മാതൃഭൂമി ഒരുക്കിയ ഗാനം കേള്‍ക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.  റഫീക്ക് അഹമ്മദിന്റെ വരികള്‍ ആലപിച്ചിരിക്കുന്നത് കാര്‍ത്തിക് - https://soundcloud.com/mathrubhumi-social/salute-the-hero-mathrubhumi

Content Highlights: nurse s bindu in Corona isolation ward