തിരുവനന്തപുരം: കത്തോലിക്കാ സഭയിലെ കന്യാസ്ത്രീപീഡനം വിവാദമാകുമ്പോൾ ഇക്കാര്യത്തോടുള്ള പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെ നിസ്സംഗത ചർച്ചയാകുന്നു. നീതിക്കുമുന്നിൽ എല്ലാവരും സമന്മാരാണെന്നതിൽനിന്ന് ചിലർക്കുമാത്രം കൂടുതൽ പരിഗണനയെന്നതിലേക്ക് ആപ്തവാക്യം മാറി. നീതിതേടി കന്യാസ്ത്രീകളുടെ ശബ്ദം തെരുവിൽ മുഴങ്ങുമ്പോൾ, രാഷ്ട്രീയപ്പാർട്ടികളുടെ സ്ത്രീപക്ഷ വിലാസം പേറുന്ന സംഘടനകളും മൗനത്തിലാണ്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ചെന്ന പരാതി കന്യാസ്ത്രീ പോലീസിന് നൽകിയിട്ട് 80 ദിവസമാകുന്നു. സാധാരണ പൗരനെങ്കിൽ ആദ്യവട്ട മൊഴിയെടുപ്പോടെ തന്നെ അറസ്റ്റിലാകുകയും റിമാൻഡിലാകുകയും ചെയ്യും. ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടിയിലെ നേതാവാണ് പ്രതിയെങ്കിൽ മറുചേരിയിലുള്ളവർ നിയമനടപടിക്കായി മുദ്രാവാക്യമുയർത്തും.

പ്രതിസ്ഥാനത്ത് ആത്മീയനേതാവായതോടെ രാഷ്ട്രീയപ്പാർട്ടികൾ മൃദുസമീപനത്തിലേക്ക് മാറി. തെളിവുകൾ പരസ്പരം യോജിക്കുന്നില്ല, അതിലെ വൈരുധ്യം മാറ്റിയശേഷമേ അറസ്റ്റിലേക്ക് കടക്കാനാകൂവെന്നാണ് പോലീസിന്റെ നിലപാട്. എന്നാൽ, കേസന്വേഷണം അനന്തമായി നീളുന്നതിലാണ് കന്യാസ്ത്രീകൾക്ക് ആശങ്ക. തങ്ങൾക്ക് നീതി ലഭ്യമാക്കൂ എന്നാവശ്യപ്പെട്ട് അവർ സമരത്തിന് ഇറങ്ങിയതോടെ പൊതുസമൂഹത്തിന് മുന്നിൽവെച്ച നിവേദനമായി അതുമാറി.

പീഡനക്കേസുകളിൽ ഇരയോടൊപ്പമാണെന്നാണ് പ്രമുഖ രാഷ്ട്രീയപ്പാർട്ടികളുടെയെല്ലാം പ്രഖ്യാപിത നിലപാട്. എന്നാൽ, ജലന്ധർ ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ സി.പി.എം., കോൺഗ്രസ്, ബി.ജെ.പി. കക്ഷികൾ മിണ്ടുന്നില്ല.

നിലപാടുകൾ ഇങ്ങനെ

സി.പി.എം., സി.പി.ഐ.

അറസ്റ്റിന്റെ കാര്യം കേസ് അന്വേഷിക്കുന്ന പോലീസാണ് തീരുമാനിക്കേണ്ടത്. എല്ലാ പഴുതുമടച്ചേ അറസ്റ്റിലേക്ക് പോകാനാകൂ. അല്ലെങ്കിൽ കേസ് കോടതിയിൽ നിൽക്കില്ല. കടുത്ത നടപടിയിലേക്ക് നീങ്ങാത്തതാണ് രാഷ്ട്രീയ ലാഭമെന്ന് ഇരുപാർട്ടികളും കരുതുന്നു.

യു.ഡി.എഫ്.

പോലീസ് അന്വേഷണം നീളുന്ന വിഷയത്തിനാണ് കോൺഗ്രസ് ഊന്നൽ നൽകുന്നത്. അന്വേഷണം സമയബന്ധിതമായി തീർക്കണമെന്നാണ് നിലപാട്. യു.ഡി.എഫിനോട് കൂടുതൽ അടുപ്പം പുലർത്തുന്ന ക്രൈസ്തവവിഭാഗത്തെ നടപടി ആവശ്യപ്പെട്ട് എന്തിന് അകറ്റണമെന്ന ചിന്തയാണ് യു.ഡി.എഫിന്.

ബി.ജെ.പി.

കുറ്റക്കാരെ പിടിക്കാൻ സർക്കാരിന് ധൈര്യമില്ലെന്ന വിമർശനം ഉയർത്തുന്നു. എന്നാൽ, അറസ്റ്റെന്ന ആവശ്യമുന്നയിച്ച് പ്രത്യേക സമരപരിപാടികൾക്ക് ആരും മുതിരുന്നില്ല. ക്രൈസ്തവ സഭകൾക്ക് നിർണായക സ്വാധീനമുള്ള മധ്യതിരുവിതാംകൂറിലെ ചില മണ്ഡലങ്ങളിൽ ത്രികോണ മത്സരത്തിന് ബി.ജെ.പി. തയ്യാറെടുക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൃദുനിലപാടാണ് ബി.ജെ.പി.ക്കും.

രാഷ്ട്രീയകക്ഷികളെ പിന്നോട്ടുവലിക്കുന്നത്

* ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പ്.

* പകുതി മണ്ഡലങ്ങളിലെങ്കിലും നിർണായക സ്വാധീനമുള്ള കത്തോലിക്കാസഭയെ എന്തിന് പിണക്കണമെന്ന ചോദ്യം.