സീതത്തോട്: കെ.എസ്.ഇ.ബി.യുടെ ഓൺലൈൻ പണമിടപാടുകൾ കൂടുതലായി നടത്തുന്നത് ഗ്രാമപ്രദേശങ്ങളിലെ ഉപഭോക്താക്കൾ. നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിൽ ഓൺലൈൻ പണമിടപാടുകളുടെ സ്വീകാര്യത വർധിക്കുന്നതായാണ് വൈദ്യുതി ബോർഡിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളിൽ 50 ശതമാനത്തിലധികം പേർ ഇപ്പോൾ ഓൺലൈൻ മാർഗങ്ങളിലൂടെയാണ് പണം അടയ്ക്കുന്നത്. വൈദ്യുതി ബോർഡിന് 1.35 കോടി ഉപഭോക്താക്കളാണുള്ളത്. 774 സെക്ഷൻ ഓഫീസുകൾ മുഖേനയാണ് ബോർഡ് ഉപഭോക്താക്കളുടെ പണം സ്വീകരിക്കുന്നത്.

ഓരോ സെക്ഷനും നടത്തുന്ന പണമിടപാടിൽ വൈദ്യുതിബോർഡ് മാസംതോറും പ്രത്യേകം റാങ്കിങ് നടത്തുന്നുണ്ട്. ഇതനുസരിച്ച് സംസ്ഥാനത്ത് ഏറ്റവും കൂടുതലാളുകൾ ഓൺലൈനായി പണം അടയ്ക്കുന്നത് ഇടുക്കി ജില്ലയിലെ പീരുമേട് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലാണ്. കുറെ നാളുകളായി പീരുമേട് സെക്ഷൻ ഈ സ്ഥാനം നിലനിർത്തുന്നു.

ഒക്‌ടോബറിലെ കണക്കുപ്രകാരം ഇവിടെ ആകെയുള്ള 6467 ഉപഭോക്താക്കളിൽ 5642 പേർ ഓൺലൈനായാണ് പണം അടച്ചത്. അതായത് 87 ശതമാനം. തൊട്ടടുത്ത് നിൽക്കുന്നത് പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി സെക്ഷൻ. 77 ശതമാനം. മൂന്നാമത് ഇടുക്കിയിലെ തന്നെ ചിത്തിരപുരം സെക്ഷനാണ്. 72 ശതമാനം.

സംസ്ഥാനത്ത് 304 സെക്ഷൻ ഓഫീസുകളിലെ ഇടപാടുകളിൽ 50 ശതമാനത്തിലധികവും ഓൺലൈനായാണ്. ഓരോ മാസവും ഓൺലൈൻ പണമിടപാടുകൾ വർധിക്കുന്നുമുണ്ട്.

ഓൺലൈൻ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ വൈദ്യുതി ബോർഡ് വിപുലമായ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതനുസരിച്ച് 18 മാർഗങ്ങളിലൂടെ പണം അടയ്ക്കാം. ഓൺലൈൻ ഇടപാടുകൾ വ്യാപകമായതോടെ, സെക്ഷൻ ഓഫീസുകളിൽ ബില്ലടയ്ക്കാനുള്ള നീണ്ടനിര ഒഴിവായി. പലയിടത്തും കാഷ്യർമാരുടെ എണ്ണവും കുറച്ചിട്ടുണ്ട്.