ചങ്ങനാശ്ശേരി: സാമ്പത്തിക സംവരണം നടപ്പാക്കുന്നതിൽ സർക്കാർ സർവീസിലെ ഉദ്യോഗത്തിനും ദേവസ്വം നിയമനങ്ങളിലും നിഷ്കർഷിക്കുന്ന വ്യത്യസ്ത മാനദണ്ഡങ്ങളിൽ ശക്തമായ എതിർപ്പുമായി എൻ.എസ്.എസ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റേത് ഇരട്ടത്താപ്പ് നയമാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. പെരുന്നയിൽ അഖിലകേരള നായർ പ്രതിനിധിസമ്മേളനത്തിൽ വിശദീകരണപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
സർക്കാർ സർവീസിൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് പത്തു ശതമാനം ഉദ്യോഗ സംവരണം ഏർപ്പെടുത്താൻ സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങൾ സ്വാഗതാർഹമാണ്. കേന്ദ്രസർക്കാർ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നടപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ വൈകിയെങ്കിലും എൻ.എസ്.എസ്. മുന്നോട്ടുവെച്ച നിർദേശങ്ങൾ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നല്ലതു ചെയ്താൽ നല്ലതാണെന്നു പറയാൻ മടിയില്ല.
എന്നാൽ ദേവസ്വം നിയമനങ്ങളിൽ പത്തു ശതമാനം സാമ്പത്തിക സംവരണം പ്രഖ്യാപിച്ച സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ നിഷ്കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾ ആർക്കും ആനുകൂല്യം ലഭിക്കാതിരിക്കാൻ ലക്ഷ്യമിട്ടിട്ടുള്ളതാണ്. ഇത് ഇരട്ടത്താപ്പാണ്. കുരുക്ക് മനസ്സിലാക്കി കുരുക്കഴിക്കാനുള്ള എല്ലാ നടപടികളുമായും എൻ.എസ്.എസ്. മുന്നോട്ടുപോകും.
വിഷയാധിഷ്ഠിതമായി ശരിദൂരം വേണ്ടിവരും
എൻ.എസ്.എസിന് എല്ലാ രാഷ്ട്രീയകക്ഷികളോടും ഒരേ സമീപനമാണുള്ളത്. സമദൂരമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമാണ്. എന്നാൽ വിഷയങ്ങളെ അടിസ്ഥാനമാക്കി ശരിദൂരം എടുക്കേണ്ടിവരും. ശരിദൂരം എപ്പോൾ, എങ്ങനെ വേണമെന്ന് സമുദായാംഗങ്ങൾക്കറിയാം. ശബരിമലവിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നീതി പുലർത്താത്തതിനാലാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരിദൂരം സ്വീകരിക്കേണ്ടിവന്നത്- ജനറൽ സെക്രട്ടറി പറഞ്ഞു. ശബരിമലവിഷയത്തിൽ എൻ.എസ്.എസ്. എടുത്ത നിലപാട് വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടിയാണ്. അതിന് താത്‌കാലിക ഫലം കണ്ടെങ്കിലും ശാശ്വതപരിഹാരത്തിനുള്ള നിയമനടപടികളുമായി മുന്നോട്ടുപോകും.
അഭിപ്രായം മാറ്റുന്നവരോടൊപ്പം യോഗത്തിനില്ല
പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്തില്ലെങ്കിലും ഇക്കാര്യത്തിലുള്ള എൻ.എസ്.എസ്. നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജി.സുകുമാരൻ നായർ പറഞ്ഞു. രൂപവത്‌കരണം മുതൽ മതേതരത്വത്തിലും ജനാധിപത്യത്തിലും സാമൂഹികനീതിയിലും അടിയുറച്ചുനിന്ന് പ്രവർത്തിക്കുന്ന സംഘടന അതേ നയംതന്നെ തുടരുന്നു. ദിവസം മൂന്നുനേരവും അഭിപ്രായം മാറ്റിപ്പറയുന്നവരോടൊപ്പം യോഗത്തിൽ പങ്കെടുക്കുന്നതിൽ സാംഗത്യമില്ലാത്തതിനാലാണ് പങ്കെടുക്കാഞ്ഞത്.
നിലവിലുള്ള പൊതുവിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ടിനെതിരേ നിയമപരമായും അല്ലാതെയുമുള്ള ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എൻ.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എൻ.നരേന്ദ്രനാഥൻ നായർ അധ്യക്ഷത വഹിച്ചു.
Content Highlights: NSS General Secretary G Sukumaran Nair about Economic reservation