ചങ്ങനാശ്ശേരി: വിശ്വാസ സംരക്ഷണം, സംവരണം, വിദ്യാഭ്യാസ നയം എന്നീ വിഷയങ്ങളിൽ സംസ്ഥാന സർക്കാരിനുള്ള നിലപാടിൽ ശക്തമായ എതിർപ്പ് ആവർത്തിച്ച് എൻ.എസ്.എസ്.
മുന്നാക്ക സമുദായങ്ങളുടെ സ്ഥാപനങ്ങൾ നശിപ്പിക്കാനും വിശ്വാസ സംരക്ഷണ പ്രവർത്തനങ്ങളെ പരാജയപ്പെടുത്താനുമുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് പെരുന്നയിൽ ശനിയാഴ്ച നടന്ന ബജറ്റ് സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു.
മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് പത്തുശതമാനം സംവരണം ഏർപ്പെടുത്തിക്കൊണ്ടുള്ള കഴിഞ്ഞ എൻ.ഡി.എ. സർക്കാരിന്റെ തീരുമാനം ഭൂരിപക്ഷം സംസ്ഥാനങ്ങളും നടപ്പാക്കിയപ്പോൾ കേരള സർക്കാർ കാലതാമസം വരുത്തുന്നു. ദേവസ്വം ബോർഡിലെ നിയമനങ്ങളിൽ മുന്നാക്ക സമുദായങ്ങളിലെ പാവങ്ങൾക്കായി സംസ്ഥാന സർക്കാർ പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ച് കൈയടി വാങ്ങിയെങ്കിലും ഇന്നും നടപ്പായിട്ടില്ല.
സംവരണകാര്യത്തിൽ മുന്നാക്ക സമുദായങ്ങളോട് കാണിക്കുന്ന അവഗണന ബോധപൂർവമാണോയെന്ന് സംശയിക്കണം. ശബരിമലയുടെ പേരിൽ ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും ഇല്ലാതാക്കാനുള്ള നടപടികളാണ് സംസ്ഥാന സർക്കാരിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും ഭാഗത്തുനിന്നുണ്ടായത്. പാർലമെന്റിൽ അവതരിപ്പിച്ച സ്വകാര്യ ബില്ലിൽ രാഷ്ട്രീയകക്ഷികൾ എന്ത് നിലപാടെടുക്കുമെന്നറിയാൻ കാത്തിരിക്കുകയാണ്. വിശ്വാസികളോടുള്ള വഞ്ചന ഒരുതരത്തിലും അംഗീകരിക്കില്ലെന്നും വിശ്വാസികൾക്കൊപ്പം എൻ.എസ്.എസ്. ഉണ്ടാകുമെന്നും സുകുമാരൻ നായർ വ്യക്തമാക്കി.
പൊതുവിദ്യാഭ്യാസത്തെ തകർക്കുന്ന ഖാദർ കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകളും അനുബന്ധ ഉത്തരവുകളും പിൻവലിച്ച് നിലവിലെ സമ്പ്രദായം തുടരണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചുള്ള പ്രമേയവും ബജറ്റ് സമ്മേളനത്തിൽ അവതരിപ്പിച്ചു.
എൻ.കെ.പ്രേമചന്ദ്രന് അഭിനന്ദനം
ലോക്സഭയിൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന് സ്വകാര്യ ബിൽ അവതരിപ്പിച്ച എൻ.കെ.പ്രേമചന്ദ്രൻ എം.പി.യെ എൻ.എസ്.എസ്. ജനറൽ സെക്രട്ടറി അഭിനന്ദിച്ചു. ബില്ലിന്റെ ഭാവി എന്തായാലും അത് അവതരിപ്പിക്കാനുള്ള തീരുമാനം അഭിനന്ദനാർഹമാണ്. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ ബില്ല് അനുഗുണമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.