മല്ലപ്പള്ളി (പത്തനംതിട്ട): ഇനി വിവാഹിതരാകുന്ന പുരുഷ സർക്കാർ ഉദ്യോഗസ്ഥർ സ്ത്രീധനം വാങ്ങിയില്ലെന്ന സത്യപ്രസ്താവന നൽകണം. ഉദ്യോഗസ്ഥന് പുറമേ വധുവും ഇരുവരുടെയും മാതാപിതാക്കളും ഒപ്പുവയ്ക്കണം. വിവാഹം കഴിഞ്ഞ് ഒരുമാസത്തിനകം ഇത് നിശ്ചിതമാതൃകയിൽ ഓഫീസ് മേലധികാരിക്ക് സമർപ്പിക്കണം. ഓരോ വകുപ്പിന്റെയും ജില്ലാ തലവൻ താഴെയുള്ള ഓഫീസുകളിലെ വിവരങ്ങൾ ക്രോഡീകരിച്ച് ആറ് മാസത്തിലൊരിക്കൽ ജില്ലാ സ്ത്രീധന നിരോധന ഉദ്യോഗസ്ഥനായ വനിതാ ശിശുക്ഷേമ ഓഫീസർക്ക് നൽകണം.

വിവാഹത്തിന് മുൻപും പിൻപും നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ വസ്തുവകകളും വിലപിടിപ്പുള്ള ഏതു സാധനവും സ്ത്രീധനത്തിന്റെ നിർവചനത്തിൽ വരും. വാങ്ങുന്നതും കൊടുക്കുന്നതും കണ്ടെത്തിയാൽ അഞ്ച് വർഷത്തിൽ കുറയാത്ത തടവാണ് ശിക്ഷ. ഒപ്പം ഇടപാടിന്റെ മൂല്യമോ പതിനയ്യായിരം രൂപയോ കൂടുതൽ ഏതാണോ അത് എന്ന നിരക്കിൽ പിഴയും ഈടാക്കും. നേരിട്ടോ അല്ലാതെയോ സ്ത്രീധനം ചോദിച്ചതായി തെളിഞ്ഞാൽ രണ്ട് വർഷംവരെ തടവും പതിനായിരം രൂപ വരെ പിഴയും ലഭിക്കും.

സ്ത്രീധനനിരോധന ദിനം-നവംബർ 26

എല്ലാവർഷവും നവംബർ 26 സ്ത്രീധന നിരോധനദിനമായി ആചരിക്കും. ഹൈസ്കൂൾ മുതൽ കോളേജ് തലംവരെ പഠിക്കുന്ന വിദ്യാർഥികൾ സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ഇല്ലെന്ന് വിദ്യാലയ അസംബ്ലിയിൽ അന്നേ ദിവസം പ്രതിജ്ഞയെടുക്കണം. സംസ്ഥാന വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടറാണ് മുഖ്യ സ്ത്രീധന നിരോധന അധികാരി എന്ന നിലയിൽ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സ്ത്രീധനം എന്ന സമ്പ്രദായം നിയമപരമായി നിരോധിച്ചെങ്കിലും സാമൂഹിക വ്യവസ്ഥിതിയുടെ ഭാഗമായി പലരും കാണുന്നു. ഇതേച്ചൊല്ലിയുള്ള പീഡനവും മരണവും ഒഴിവാക്കാനാണ് നിയമം കർശനമാക്കുന്നത്. എന്നാൽ സർക്കാരിന്റെ ഭാഗമായ ജീവനക്കാർപോലും ഇതിൽനിന്ന് മുക്തരല്ല. അതിനാലാണ് ജീവനക്കാർക്കിടയിൽ അവബോധം സൃഷ്ടിക്കുന്നതിനുകൂടി ലക്ഷ്യമിട്ട് സാക്ഷ്യപത്രം വാങ്ങുന്നതെന്ന് ഉത്തരവിൽ പറയുന്നു.