തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിൽ 50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവെക്കണമെന്നു നേരത്തേ നിർദേശം നൽകിയിരുന്നതായും അത് സജ്ജമാക്കാത്തവർക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയതായും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. തിരുവനന്തപുരം ജില്ലയിൽ മെഡിക്കൽ ഓക്സിജൻ സംഭരണം ആരംഭിച്ചിട്ടുണ്ട്. ഓക്സിജൻ സിലിൻഡറുകൾ സംഭരിച്ചു സൂക്ഷിക്കാൻ വിമെൻസ് കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാ സിലിൻഡർ സ്റ്റോക്ക് റൂം സജ്ജമാക്കി. ആരോഗ്യ കേന്ദ്രങ്ങളിലും സി.എഫ്.എൽ.ടി.സികൾ അടക്കമുള്ള ചികിത്സാ കേന്ദ്രങ്ങളിലും ഓക്സിജൻ സുഗമമായി ലഭിക്കുന്നുണ്ടെന്നു നിരീക്ഷിക്കാൻ ഉദ്യോഗസ്ഥതല കമ്മിറ്റി രൂപവത്‌കരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊല്ലം ജില്ലയിലെ ഹാർബറുകളുടെയും അനുബന്ധ ലേല ഹാളുകളുടെയും പ്രവർത്തനം നിരോധിച്ചു. പത്തനംതിട്ട ജില്ലയിൽ അതിഥി തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ കേന്ദ്രീകരിച്ച് ജില്ലയിൽ കോവിഡ് പരിശോധന വിപുലമാക്കി. ആലപ്പുഴ ജില്ലയിൽ ഓക്സിജൻ വാർ റൂമിന്റെ നേതൃത്വത്തിൽ ശേഖരിച്ച ഓക്സിജൻ നിറച്ച് ഡി.എം.ഒ.യുടെ കീഴിലുള്ള ഓക്സിജൻ സ്റ്റോർ റൂമിൽ സൂക്ഷിക്കും. ആവശ്യാനുസരണം വിതരണം ചെയ്യും.

വളർത്തുമൃഗങ്ങളുടെ സംരക്ഷണത്തിനായി കഞ്ഞിക്കുഴി ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആനിമൽ ഡേ കെയർ സെന്റർ തുടങ്ങി. കോട്ടയം ജില്ലയിൽ സ്വകാര്യ ആശുപത്രികളിലെ ചികിത്സാ സൗകര്യങ്ങളുടെ ലഭ്യത മുൻകൂട്ടി അറിയുന്നതിന് പ്രത്യേക കൺട്രോൾ സെൽ തുറക്കും. കോഴിക്കോട് ജില്ലയിൽ കാര്യമായ രോഗലക്ഷണമില്ലാത്തവരെ ഡൊമിസിലയറി കെയർ സെന്ററുകളിലേക്ക് മാറ്റും.

കണ്ണൂർ ജില്ലയിൽ ചികിത്സാ സൗകര്യം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സർക്കാർ ആശുപത്രികൾക്കുപുറമേ, എല്ലാ സ്വകാര്യ-സഹകരണ-ഇ.എസ്‌.ഐ. ആശുപത്രികളിലെയും പകുതി കിടക്കകൾ കൊവിഡ് ചികിത്സയ്ക്കുമാത്രമായി മാറ്റിവെക്കാൻ ഉത്തരവിട്ടിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കാറ്റഗറി ബി, സി വിഭാഗങ്ങളിൽപ്പെട്ട കൊവിഡ് രോഗികളെ സ്വകാര്യ ആശുപത്രികളിൽ മാറ്റിവെക്കുന്ന കിടക്കകളിലേക്ക് പ്രവേശിപ്പിക്കും. ചികിത്സയ്ക്കാവശ്യമായ കിടക്കകൾ, ഡി ടൈപ്പ് ഓക്സിജൻ സിലിൻഡർ, ജീവൻ രക്ഷാ മരുന്നുകൾ തുടങ്ങിയവ ഉറപ്പുവരുത്തുന്നതിനായി സ്വകാര്യ ആശുപത്രികൾ ഉൾപ്പെടെ ജില്ലയിലെ എല്ലാ പ്രധാന ആശുപത്രിയിലും ഒരോ ഇൻസിഡന്റ് കമാൻഡറെ നിയമിച്ചിട്ടുണ്ട്. ഓരോ ആശുപത്രിയിലും ഓക്സിജൻ ഹെൽപ്പ് ഡെസ്‌ക് സ്ഥാപിക്കും.

Content Highlight: Notice against private hospitals