ധർമടം: ആഗോളീകരണവും വർഗീയതയെ താലോലിക്കൽ നയവും തുടരുന്ന കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമുണ്ടാക്കില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. ബി.ജെ.പി.യെ അധികാരത്തിൽനിന്ന് മാറ്റിനിർത്താൻ പ്രായോഗികസമീപനം സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിറക്കുനിയിൽ പിണറായി ഏരിയാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ ദൗർബല്യങ്ങളെക്കുറിച്ചെല്ലാം ധാരണയുണ്ടായിട്ടും ബി.ജെ.പി.യെ അധികാരത്തിൽനിന്ന് അകറ്റിനിർത്താനാണ് ഇടതുപക്ഷം കോൺഗ്രസിനെ പിന്തുണച്ചത്. രണ്ടാം യു.പി.എ. സർക്കാർ ഒരുഘട്ടം കഴിഞ്ഞതോടെ തങ്ങൾക്ക് തോന്നിയതെല്ലാം നടപ്പാക്കാമെന്ന് കോൺഗ്രസ് കരുതി. അത് ആ പാർട്ടിയുടെ തകർച്ചയിലേക്കു നയിച്ചു. അങ്ങനെയാണ് മോദിസർക്കാർ അധികാരത്തിൽ വന്നത്.

ബി.ജെ.പി.ക്കെതിരേ ഐക്യം രൂപപ്പെടണം. പക്ഷേ, ദേശീയതലത്തിൽ കൂട്ടുകെട്ടോ മുന്നണിയോ രൂപപ്പെടാനുള്ള സാധ്യത വിരളമാണ്. ഓരോ സംസ്ഥാനത്തും ബി.ജെ.പി.ക്കെതിരായ നിലപാട് സ്വീകരിക്കുന്ന കക്ഷികളുമായി ഇടതുപക്ഷം സഹകരിക്കും -അദ്ദേഹം പറഞ്ഞു.

ഹലാൽവിവാദം മുസ്‌ലിം സമുദായത്തെ അന്യവത്കരിക്കാൻ

മുസ്‌ലിം സമുദായത്തെ ഇന്ത്യൻ സമൂഹത്തിൽനിന്ന് അന്യമാക്കാനാണ് ബി.ജെ.പി.യുടെയും സംഘപരിവാറിന്റെയും ശ്രമമെന്നും അതിന്റെ ഭാഗമാണ് കേരളത്തിലെ ഹലാൽ വിവാദമെന്നും മുഖ്യമന്ത്രി. പാർലമെന്റിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിൽപ്പോലും ഹലാൽ എന്ന് എഴുതിയിട്ടുണ്ട്. ഇത് കഴിക്കാൻ പറ്റുന്നതാണ്, വേറെ ദോഷമില്ല എന്നുമാത്രമേ ഇതുകൊണ്ട് അർഥമാക്കുന്നുള്ളൂ.

കേരളത്തിന്റെ സഹകരണമേഖലയെ തകർക്കാനാണ് കേന്ദ്ര ശ്രമം. സംസ്ഥാനങ്ങൾക്ക് അധികാരമുള്ള വിഷയങ്ങളിൽ കേന്ദ്രം കടന്നുകയറുകയാണെന്നും അദ്ദേഹം പറഞ്ഞു.