കൊച്ചി: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുന്ന തികച്ചും കൗതുകമേറിയൊരു വായ്പയാണ് കൊതുകുവല വാങ്ങാനുള്ള വായ്പ. രണ്ടു സാമ്പത്തിക വർഷമായി ആരും ഇത് വാങ്ങിയിട്ടില്ല. 200 രൂപയാണ് സർക്കാർ ജീവനക്കാർക്ക് കൊതുകുവല വാങ്ങാനായി വായ്പയായി ലഭിക്കുക. 200 രൂപ മാസതവണകളിലായി ശമ്പളത്തിൽനിന്ന് പിടിക്കും.

2016-17 സാമ്പത്തിക വർഷത്തിലാണ് അവസാനമായി ഫണ്ട് അനുവദിച്ചത്. അന്ന് 103 പേർ അപേക്ഷിച്ചു. 20,600 രൂപ ഇതിനായി സർക്കാർ അനുവദിച്ചു. ഇതിൽ 11 പേർ വായ്പ കൈപ്പറ്റിയില്ല. ഇതോടെ 18400 രൂപ സർക്കാരിന് ഈയിനത്തിൽ ചെലവായി.

പതിറ്റാണ്ടുകൾക്കുമുമ്പാണ് സാംക്രമികരോഗങ്ങളിൽനിന്ന് സർക്കാർ ജീവനക്കാരെ സംരക്ഷിക്കുന്നതിനായി വായ്പ അനുവദിക്കാൻ തീരുമാനിച്ചത്. 27800 രൂപയ്ക്ക് താഴെ അടിസ്ഥാന ശമ്പളമുള്ള സർക്കാർ ജീവനക്കാർക്കാണ് കൊതുകുവല വായ്പ അനുവദിക്കുക. കാലം ഏറെ കഴിഞ്ഞിട്ടും 200 രൂപ വായ്പ അനുവദിക്കുന്നതെന്നാണ് ഏറെ വിചിത്രം. കൊതുകുവല ഉപയോഗിക്കുന്നവർ അപൂർവമായി മാറിയ വിവരം സർക്കാർമാത്രം തിരിച്ചറിഞ്ഞിട്ടില്ല.

വായ്പാസംവിധാനം കാലഹരണപ്പെട്ടതാണെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടാത്തതിനാൽതന്നെ സംവിധാനം തുടർന്നുക്കൊണ്ടുമിരിക്കുന്നു. ഓരോ വർഷവും വായ്പകൾ നൽകാൻവേണ്ട അപേക്ഷകൾ ലഭ്യമാക്കാൻ വകുപ്പുമേധാവികൾക്ക് നിർദേശം നൽകി ധനകാര്യവകുപ്പ് ഉത്തരവിറക്കുന്നത് ഇപ്പോഴും തുടരുകയാണ്.

Content Highlights: Nobody Taking Loan for Mosquito Nets