തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി.യിലെ 315 സംഘടനാ നേതാക്കളെ പൊതുസ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കി. യൂണിയൻ പ്രവർത്തനങ്ങൾക്കു തടസ്സമുണ്ടാകാതിരിക്കാനാണ് പ്രത്യേക ഇളവ്.

സംഘടനയുടെ സമ്മതമില്ലാതെ ഇവരെ സ്ഥലംമാറ്റാൻ മാനേജ്‌മെന്റിനു കഴിയില്ല. അംഗീകൃത സംഘടനകളായ സി.ഐ.ടി.യു., ടി.ഡി.എഫ്., ബി.എം.എസ്. എന്നിവയുടെ പ്രതിനിധികളെയാണ് സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കിയത്. തൊഴിലാളി സംഘടനകളുടെ സമ്മർദത്തെ തുടർന്നാണ് സ്ഥലംമാറ്റ സംരക്ഷണം തിരിച്ചെത്തിക്കാൻ മാനേജ്‌മെന്റ് തയ്യാറായത്. പഴയ യൂണിയൻ ഭരണം തിരിച്ചെത്തുന്നതിന്റെ സൂചനയാണിത്.

ടോമിൻ തച്ചങ്കരി എം.ഡി.യായിരുന്നപ്പോൾ നിർത്തിയ വ്യവസ്ഥയാണ് തിരികെവരുന്നത്. അംഗീകൃത യൂണിയനുകളുടെ സംസ്ഥാന നേതാക്കൾക്കു മാത്രമായി ‘യൂണിയൻ പ്രൊട്ടക്ഷൻ’ തച്ചങ്കരി പരിമിതപ്പെടുത്തിയിരുന്നു. ചെറുകിട നേതാക്കൾക്ക് ഇൗ പരിഗണന നൽകുന്നത് ഡിപ്പോകളിൽ യൂണിയന്റെ സമാന്തര ഭരണത്തിന് ഇടയാക്കുന്നുവെന്നു കണ്ടതിനെ തുടർന്നാണ് തച്ചങ്കരി ഈ സംവിധാനം പിൻവലിച്ചത്.

സ്ഥലംമാറ്റത്തിൽനിന്ന് ഒഴിവാക്കപ്പെടുന്നതോടെ അതത് യൂണിറ്റുകളിലെ നേതാക്കൾ ജീവനക്കാരെ നിയന്ത്രിക്കാൻ തുടങ്ങും. ഡിപ്പോ നിയന്ത്രിക്കുന്ന നേതാവിനെ എത്രകാലം വേണമെങ്കിലും യൂണിയൻ പ്രൊട്ടക്ഷന്റെ ബലത്തിൽ അവിടെത്തന്നെ നിലനിർത്താൻ കഴിയും. ഡിപ്പോ മേധാവികളും ഇവരെ അനുസരിക്കാൻ നിർബന്ധിതരാകും. സംരക്ഷണപ്പട്ടികയിലുള്ള നേതാക്കൾ ഡ്യൂട്ടി ചെയ്യാതെ കറങ്ങിനടക്കുന്നതും ഡിപ്പോകളുടെ പ്രവർത്തനം താളംതെറ്റിച്ചിരുന്നു. മറ്റു ജീവനക്കാരെക്കൊണ്ട് ജോലി ചെയ്യിപ്പിച്ചശേഷം നേതാക്കൾ ഹാജർ ഒപ്പിടുന്നതായും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് യൂണിയൻ പ്രൊട്ടക്ഷൻ അവസാനിപ്പിച്ചത്. തൊഴിലാളി സംഘടനകളുമായുള്ള ഈ ഏറ്റുമുട്ടലാണ് തച്ചങ്കരിയെ മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കഴിഞ്ഞമാസം നടന്ന ഹിതപരിശോധനയ്ക്കു ശേഷമാണ് യൂണിയൻ സംരക്ഷണം പുനഃസ്ഥാപിക്കണമെന്ന് തൊഴിലാളി സംഘടനകൾ ആവശ്യപ്പെട്ടത്. കാര്യമായ എതിർപ്പില്ലാതെ മാനേജ്‌മെന്റ് അംഗീകരിക്കുകയും ചെയ്തു. ഡിപ്പോ ഭരണത്തിൽ യൂണിയൻ ഇടപെടൽ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചെങ്കിലും യൂണിയനുകൾക്ക് കീഴടങ്ങുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

Content Highlights: no transfer for leaders in KSRTC