എടപ്പാൾ: ഉച്ചക്ക് നീളത്തിൽ പായവിരിച്ച് കുട്ടികൾ വരിവരിയായി കിടന്നുറങ്ങുന്ന കാഴ്ച അങ്കണവാടികളിൽ ഇനിയുണ്ടാവില്ല. കുട്ടികളെ മണിക്കൂറുകളോളം കിടത്തിയുറക്കുന്നതിനെതിരേ സ്പെഷ്യൽ സെക്രട്ടറി നിർദേശം നൽകി. പാചകത്തിന് ഇനി മണ്ണിന്റെയോ സ്റ്റീലിന്റെയോ പാത്രങ്ങൾ മതിയെന്നും നിർദേശിച്ചിട്ടുണ്ട്.

പല അങ്കണവാടികളിലും 12 മണിയോടെ കുട്ടികൾക്ക് ഭക്ഷണം കൊടുത്ത് മൂന്നുമണിവരെ നിർബന്ധമായി ഉറക്കിക്കിടത്തുന്നതായി പരാതിയുണ്ടായിരുന്നു. ഇതിന് പരിഹാരമായാണ് പകലുറക്ക നിയന്ത്രണം. ഇങ്ങനെ ഉറങ്ങുന്നത് അവരുടെ ബുദ്ധിവികാസത്തിന് തടസ്സമാകുമെന്നും മന്ദത വരുത്തുമെന്നുമാണ് വിലയിരുത്തൽ. പനിയോ ചെറിയ ക്ഷീണമോ ഉളള കുട്ടികളുടെ കാര്യത്തിൽ നിബന്ധനകളില്ല. കുട്ടികൾ കൂടുതൽസമയം ചെറിയകളികളിലും ബുദ്ധിവികാസത്തിനുതകുന്ന പ്രവർത്തനങ്ങളിലുമേർപ്പെടാനുള്ള സൗകര്യങ്ങൾ അങ്കണവാടികളിലേർപ്പെടുത്താനും നിർദേശമുണ്ട്. കളിസ്ഥലങ്ങൾ, കളിക്കോപ്പുകൾ എന്നിവ കൂടുതൽ സജ്ജമാക്കണം.

കാലങ്ങളായി ഉപയോഗിക്കുന്ന അലൂമിനിയപാത്രങ്ങളിൽ ഭക്ഷണം പാചകം ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തിന് ദോഷകരമാകുമെന്നതിനാലാണ് അലുമിനിയ പാത്രങ്ങൾ ഒഴിവാക്കാൻ കാരണം. ജില്ലാതല സോഷ്യൽ ഓഡിറ്റ് സമിതിയാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയിട്ടുളളത്. പാത്രങ്ങൾക്കുളള ഫണ്ട് തദ്ദേശ സ്ഥാപനങ്ങൾ വഴിയോ മറ്റു തരത്തിലോ കണ്ടെത്തണം. സ്‌പെഷൽ സെക്രട്ടറി പി.കെ. പ്രഭാകരൻ സാമൂഹിക-നീതി-ക്ഷേമ വകുപ്പുദ്യോഗസ്ഥരുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് നിർദ്ദേശങ്ങൾ നൽകിയത്. സർക്കാർ തലത്തിൽ പരിശോധിച്ച് അടുത്തുതന്നെ ഉത്തരവിറക്കിയേക്കും.

നിർദേശം നൽകി

ഗവ.സ്‌പെഷൽ സെക്രട്ടറി പി.കെ. പ്രഭാകരന്റെ വീഡിയോ കോൺഫറൻസിലെ നിർദ്ദേശമനുസരിച്ച് അങ്കണവാടികളിലെ കുട്ടികളെ ഉറക്കുന്നത് ഒഴിവാക്കാനും മറ്റ് ഊർജപ്രധാനമായ കളികളിലേർപ്പെടുത്താനുമുളള നിർദേശം ഐ.സി.ഡി.എസ്.ഓഫീസർമാർക്ക് നൽകിയിട്ടുണ്ട്.- സി.ആർ.ലത, പ്രോഗ്രാം ഓഫീസർ, വനിതാ ശിശുവികസന വകുപ്പ് മലപ്പുറം).

ചെറിയകുട്ടികൾക്ക് ഉറക്കം അത്യാവശ്യം

അങ്കണവാടി പ്രായമുള്ള കുട്ടികൾക്ക് ഉറക്കം ബുദ്ധിവികാസത്തിന് അത്യാവശ്യമാണ്. ഉറങ്ങുന്നത് കൊണ്ട് അവർക്ക് ബുദ്ധിമാന്ദ്യമോ മന്ദതയോ ഉണ്ടാകാൻ സാധ്യതയില്ല. (ഡോ.അജിത്, ശിശുരോഗ വിഭാഗം തലവൻ, മഞ്ചേരി മെഡിക്കൽ കോളേജ്)

പകലുറക്കവും അത്യാവശ്യം.

36 മാസം വരെ പ്രായമുളള കുട്ടികൾക്ക് 14 മണിക്കൂർ രാത്രിയുറക്കവും ഒന്നു മുതൽ മൂന്നു മണിക്കൂർ വരെ പകലുറക്കവും അത്യാവശ്യമാണ്. അവരുടെ ബുദ്ധി വികാസത്തോടൊപ്പം ശാരീരിക പ്രവർത്തനങ്ങൾക്കുള്ള അറിവുകൾ തലച്ചോർ ശേഖരിച്ചുവെക്കുന്നതും ഈ സമയത്താണ്. ഇക്കാര്യത്തിൽ ഒരു നിബന്ധന മാത്രമേയുളളു. നിർബന്ധിച്ചുറക്കുകയോ നിർബന്ധിച്ച് കളിപ്പിക്കുകയോ ചെയ്യരുത്. - (മൈത്രി സമാഗത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഇന്നർ വിഷൻ, തൃശ്ശൂർ.)