തൃശ്ശൂർ: തകർച്ചയുടെ വക്കിൽനിൽക്കുന്ന ബി.എസ്.എൻ.എൽ., എം.ടി.എൻ.എൽ എന്നീ പൊതുമേഖലാ കമ്പനികളെ കേന്ദ്രബജറ്റ് അവഗണിച്ചു. കമ്പനികൾക്കായി പ്രത്യേക പാക്കേജ് ബജറ്റിൽ ഉണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ബജറ്റിൽ ബി.എസ്.എൻ.എല്ലിന്റെ പേരുപറയാൻപോലും ധനമന്ത്രി ശ്രമിച്ചില്ല.
എണ്ണായിരത്തോളം കോടി രൂപ നഷ്ടത്തിലാണ് ബി.എസ്.എൻ.എൽ. ബാങ്കുകളിൽനിന്ന് വായ്പപോലും എടുക്കാനാവാത്ത സ്ഥിതി. വലിയ ആസ്തിയുണ്ടെങ്കിലും അതെല്ലാം ടെലികോം വകുപ്പിന്റെ അധീനതയിലായതാണ് വായ്പയ്ക്ക് തടസ്സം. ടെലികോംവകുപ്പ് ‘ലെറ്റർ ഓഫ് കംഫർട്ട്’ നൽകിയാൽ വായ്പ കിട്ടാൻ തടസ്സമില്ല. എന്നാൽ അത്തരത്തിലുള്ള നടപടികൾ നിയമോപദേശത്തിനുവിട്ട് വൈകിപ്പിക്കുകയാണ്.
നിലവിൽ രാജ്യത്തെ എല്ലാ മൊബൈൽ സേവനദാതാക്കളും ചേർന്ന് വിവിധ ബാങ്കുകളിൽ നിന്നെടുത്ത വായ്പ ആറ്ുലക്ഷം കോടി രൂപയാണ്. എന്നാൽ, ഇതിൽ 12,300 കോടി രൂപ മാത്രമാണ് ബി.എസ്.എൻ.എല്ലിന്റേത്. ബാക്കിയെല്ലാം സ്വകാര്യ കമ്പനികളുടേതാണ്. വായ്പയെടുത്ത കമ്പനികളിൽ ചിലത് പൂട്ടിപ്പോയിട്ടുമുണ്ട്. ഈ വായ്പകൾ കിട്ടാക്കടമായി അവശേഷിക്കുന്ന പശ്ചാത്തലത്തിലാണ് ബി.എസ്.എൻ.എല്ലിന് വായ്പ നിഷേധിക്കുന്നത്.
സർക്കാർ അടിയന്തരസഹായമായി 20,000 കോടി രൂപയും 4-ജി സ്‌പെക്ട്രവും കിട്ടിയാൽ കമ്പനിയെ തകർച്ചയിൽനിന്ന് രക്ഷിക്കാനാവുമെന്ന് മാനേജ്‌മെന്റ് തലപ്പത്തുള്ളവർ പറയുന്നത്. സാമ്പത്തികപ്രതിസന്ധി നേരിടുന്ന പശ്ചാത്തലത്തിൽ ബജറ്റിൽ പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്ന സൂചന ഉണ്ടായിരുന്നു. കാബിനറ്റ് സെക്രട്ടറി പി.കെ. സിൻഹ ടെലികോം ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയതായിരുന്നു പ്രതീക്ഷകൾ നൽകിയത്.
content highlights: no revival package for bsnl in union budget