തിരുവനന്തപുരം: ഓൺലൈനിലൂടെ മദ്യം ബുക്ക് ചെയ്യാമെന്ന് സ്വപ്നം കാണേണ്ട. അതു തടയുന്നതിനുള്ള മാർഗങ്ങൾ ഉറപ്പിക്കുകയാണ് ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി. രാജ്യത്തൊരിടത്തും ഓൺലൈൻ മദ്യവിൽപ്പനയ്ക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നൽകരുതെന്നാണ് അതോറിറ്റി ഉത്തരവ്. രാജ്യത്ത് ചിലയിടങ്ങളിൽ ഭക്ഷ്യവിഭാഗത്തിൽപ്പെടുത്തി ആൾക്കഹോൾ കലർന്ന ഉത്പന്നങ്ങൾ വിൽക്കാനുള്ള ലൈസൻസ് അപേക്ഷ ലഭിച്ചതിനെത്തുടർന്നാണ് മുൻകരുതൽ.
മദ്യവിൽപ്പന അധികാരം സംസ്ഥാനങ്ങൾക്കാണ്. അനുമതി നൽകുന്നത് അതതിടത്തെ ചട്ടങ്ങൾക്ക് വിധേയമായി എക്സൈസ് വകുപ്പാണ്. എന്നാൽ, ഭക്ഷ്യോത്പന്നങ്ങളുടെ ഉത്പാദനത്തിനും സംഭരണത്തിനും വിതരണത്തിനും മറ്റ് അനുമതികൾക്കൊപ്പം ഭക്ഷ്യസുരക്ഷാ ലൈസൻസും വേണം. ഓൺലൈൻ വഴിയുള്ള ഭക്ഷ്യവിതരണ സംവിധാനങ്ങളാണെങ്കിലും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ലൈസൻസോ രജിസ്‌ട്രേഷനോ ആവശ്യവുമാണ്.
ഭക്ഷ്യോത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കുകീഴിൽ ഓൺലൈൻ മദ്യവിൽപ്പനയ്ക്കുള്ള അപേക്ഷകൾ വന്നാൽ സംസ്ഥാനങ്ങളിലെ എക്സൈസിൽനിന്നുള്ള അനുമതിയും എതിർപ്പില്ലാ രേഖയും ഉണ്ടെങ്കിൽ മാത്രം രജിസ്‌ട്രേഷനോ ലൈസൻസോ നൽകിയാൽ മതിയെന്നാണ് നിർദേശം. രാജ്യത്ത് ഒരു സംസ്ഥാനത്തും ഓൺലൈൻ മദ്യവിൽപ്പന അനുവദിച്ചിട്ടില്ലാത്തതിനാൽ എക്സൈസിന്റെ അനുമതിപത്രം അപേക്ഷയോടൊപ്പം വെക്കാനുമാകില്ല. ഓൺലൈൻ മദ്യവിൽപ്പന സംബന്ധിച്ച് കർണാടക ഹൈക്കോടതിയുടെ വിധി ചൂണ്ടിക്കാട്ടിയാണ് ഭക്ഷ്യസുരക്ഷാ കമ്മിഷണർമാർക്ക് അതോറിറ്റി മുന്നറിയിപ്പ് നൽകിയത്.
ഭക്ഷ്യോത്പന്നങ്ങളുടെ ഓൺലൈൻ വിൽപ്പനയ്ക്കുള്ള ഭക്ഷ്യസുരക്ഷാ ലൈസൻസിന് അപേക്ഷ സ്വീകരിക്കുമ്പോൾ മദ്യമോ മദ്യം കലർന്ന ഭക്ഷ്യവസ്തുക്കളോ വിൽക്കില്ലെന്നും മദ്യത്തിന്റെ പരസ്യമോ ചിത്രങ്ങളോ പ്രദർശിപ്പക്കില്ലെന്നുമുള്ള സത്യവാങ്മൂലം ഉണ്ടാകണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ മറവിൽ മദ്യമോ മദ്യം കലർന്ന വസ്തുക്കളോ വിൽപ്പന നടത്താതിരിക്കുന്നതിനുള്ള മുൻകരുതലാണിതെന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Content Highlights: no online liquor sale; food safety authority given order