തൃശ്ശൂർ : കോടതിയുടെ ഇടപെടലും ജനങ്ങളുടെ പ്രതിഷേധവും ഫലം കണ്ടപ്പോൾ കേരളത്തിൽനിന്നു ഹർത്താൽ സ്ഥലംവിട്ടു. സംസ്ഥാനത്ത് ഒരു ഹർത്താൽ നടന്നിട്ട് ഇപ്പോൾ 120 ദിവസമായി. സി.പി.എം. പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് മാർച്ച് മൂന്നിന് കൊല്ലം ജില്ലയിലെ ചിതറ പഞ്ചായത്തിൽ നടന്നതാണ് അവസാനത്തെ പ്രാദേശിക ഹർത്താൽ. പെരിയ ഇരട്ടക്കൊലയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഫെബ്രുവരി 18-ന് നടത്തിയതാണ് അവസാനത്തെ സംസ്ഥാന ഹർത്താൽ.

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂലായ് വരെ 29 ഹർത്താൽ

കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ജൂലായ് ഒന്ന് വരെ ചെറുതും വലുതുമായ 29 ഹർത്താലാണ് നടന്നത്. 2017-ൽ ഇതേകാലയളവിലെ എണ്ണം 49 ആയിരുന്നു. ഹർത്താൽ ദിനത്തിൽ വീട്ടിലിരിക്കുന്ന സ്ഥിതിയിൽനിന്ന് ജനങ്ങൾ പ്രതികരിക്കാൻ തുടങ്ങിയതിനു പിന്നാലെ കോടതിയും വടിയെടുത്തു. ഹർത്താൽ നടത്താൻ ഏഴുദിവസത്തെ നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇതുപാലിക്കാതെ നടത്തിയ സംസ്ഥാന ഹർത്താലിൽ ആഹ്വാനംചെയ്ത സംഘടനയുടെ പ്രധാന ഭാരവാഹിയിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും ഉത്തരവിട്ടു.

ബന്ദ് കോടതി വിലക്കിയതോടെയാണ് രൂപവും പേരും മാറ്റി കേരളത്തിൽ ഹർത്താലായി രംഗപ്രവേശം ചെയ്തത്. വർഷം ശരാശരി 100 എന്ന നിലയിലായിരുന്നു കേരളത്തിൽ ഹർത്താൽ. ഇതിനെതിരെ ‘സേ നോ ടു ഹർത്താൽ’ എന്ന കൂട്ടായ്മ ഉൾപ്പടെയുള്ളവർ രംഗത്തുവന്നു. ഗാന്ധിജി വിഭാവനംചെയ്ത പ്രതിഷേധമായ ഹർത്താൽ ഭാരതത്തിൽ ആദ്യമായി നടന്നതിന്റെ നൂറാംവർഷത്തിലാണ് ഏറ്റവും കൂടുതൽ ഹർത്താൽ നടക്കുന്ന കേരളത്തിൽ അതിന് ശമനമുണ്ടായത് എന്നത് യാദൃശ്ചികം മാത്രം. റൗലറ്റ് ആക്ട് എന്ന കരിനിയമത്തിനെതിരേ ഭാരതത്തിൽ ആദ്യമായി ഹർത്താലിന് ആഹ്വാനംചെയ്തത് ഗാന്ധിജിയാണ്. 1919 ഏപ്രിൽ ആറിനായിരുന്നു അത്.

ഫലം കണ്ടത് കോടതി ഇടപെടൽ

ഹർത്താലുകൾ നടത്തിയാൽ ആഹ്വാനം ചെയ്യുന്നവരെ കോടതി പിടികൂടുമെന്ന് തെളിഞ്ഞതോടെയാണ് ശമനമുണ്ടായത്. കോടതിക്ക് ഹർത്താൽ നിരോധിക്കാനാവില്ല. നിയന്ത്രിക്കാം. എന്നാൽ സർക്കാരിന് നിരോധിക്കാം. അതുണ്ടാകുന്നില്ല. അവിടെയാണ് കോടതി നിയന്ത്രിക്കാൻ എത്തിയത്. ഹർത്താൽ നടത്തിയാൽ പിടിക്കപ്പെടുമെന്നും രാഷ്ട്രീയഭാവി ഇല്ലാതാകുമെന്നുമുള്ള സന്ദേശം കിട്ടിയതോടെയാണ് ഇതിന് ശമനമുണ്ടായത്. ഇതേപോലെ പ്ലാസ്റ്റിക് നിരോധനത്തിലും പ്രളയദുരിതാശ്വാസ കാര്യത്തിലും കോടതി ഇടപെടേണ്ടിയിരിക്കുന്നു- അഡ്വ. ഹരീഷ് വാസുദേവൻ

content highlights: no hartal in kerala in 120 days