കൊല്ലം : രക്തസാക്ഷിസ്മാരകത്തിന് പിരിവുനൽകാത്തതിന്റെ പേരിൽ സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയും കൃഷി ഓഫീസറും ചേർന്ന് ഓഡിറ്റോറിയം നിർമാണം തടസ്സപ്പെടുത്തുന്നതായി പ്രവാസിസംരംഭകരായ കുടുംബത്തിന്റെ പരാതി. വയൽ നികത്തിയാണ് ഓഡിറ്റോറിയം നിർമിക്കുന്നതെന്നും പാർട്ടി പണം ആവശ്യപ്പെട്ടിട്ടില്ലെന്നും വിശദീകരിച്ച് സി.പി.എം. ജില്ലാനേതൃത്വവും രംഗത്തെത്തി.

അമേരിക്കയിൽ ജോലിചെയ്യുന്ന കോവൂർ മായാവിലാസത്തിൽ ഷഹി വിജയനും ഭാര്യ ഷൈനിയുമാണ് തങ്ങൾ ചവറയിൽ നിർമിക്കുന്ന കൺവെൻഷൻ സെന്ററിന്റെ പണികൾ തടസ്സപ്പെടുത്തുന്നതായി സി.പി.എം. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി ബിജുവിനും തേവലക്കര കൃഷി ഓഫീസർക്കുമെതിരേ മുഖ്യമന്ത്രിക്ക് പരാതിനൽകിയത്. ബിജു, ഷഹിയുടെ ബന്ധുവുമായി സംസാരിക്കുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്.

ഷഹിയും ഷൈനിയും തങ്ങളുടെ സമ്പാദ്യം മുടക്കിയും വായ്പയെടുത്തും ആണ്‌ ചവറ മുഖംമൂടിമുക്കിൽ കൺവെൻഷൻ സെന്റർ നിർമിക്കുന്നത്. ഇതിന്റെ ഉദ്ഘാടനം അടുത്തുതന്നെ നടക്കാനിരിക്കെയാണ് ദമ്പതിമാരുടെ ബന്ധുവിനെ ഫോണിൽവിളിച്ച് സി.പി.എം.നേതാവിന്റെ ഭീഷണിയുണ്ടായത്. പാർട്ടി നിർമിക്കുന്ന ശ്രീകുമാർ സ്മാരകമന്ദിരത്തിന് വാഗ്ദാനംചെയ്ത പിരിവ് രണ്ടുവർഷമായിട്ടും നൽകാത്തതിനാൽ കൺവെൻഷൻ സെന്ററിന്റെ സ്ഥലത്ത് കൊടികുത്തുമെന്നും ഇതിനോടുചേർന്നുള്ള വയൽ നികത്താൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയതായാണ് പരാതി. പത്തുപൈസ പിരിവായി ഇനി വേണ്ടെന്നും ഇനി വസ്തുവിൽ ഒറ്റപ്പണി നടക്കില്ലെന്നും തഹസിൽദാരും വില്ലേജ് ഓഫീസറും അവിടെ വരുമെന്നും കൊടികുത്തുമെന്നും ബിജുവിന്റെ ശബ്ദരേഖയിലുണ്ട്‌. ക്ഷേത്രത്തിലെ ഉത്സവത്തിന് 15,000 രൂപ ചോദിച്ചിട്ട് നൽകിയില്ലെന്നും സൂചിപ്പിക്കുന്നുണ്ട്.

നടപടിയെടുത്തില്ല

ഡേറ്റാ ബാങ്കിൽനിന്ന് സ്ഥലം ഒഴിവാക്കാൻ അപേക്ഷ നൽകിയിട്ടും നടപടി സ്വീകരിച്ചില്ല. സി.പി.എം. നേതാവും കൃഷി ഓഫീസറും ഒത്തുകളിക്കുകയാണ്. ലക്ഷക്കണക്കിന്‌ രൂപ കടംവാങ്ങിയാണ്‌ കൺവെൻഷൻ സെന്റർ നിർമിക്കുന്നത്‌. പാർട്ടിയോട്‌ അടുപ്പമുള്ള കുടുംബമാണ്‌ എന്റേത്.

-ഷഹി വിജയൻ

പ്രവാസി സംരംഭകൻ

അടർത്തിയെടുത്ത സംഭാഷണം

ഫോൺ സംഭാഷണങ്ങളിൽനിന്ന്‌ അടർത്തിയെടുത്ത ഭാഗങ്ങളാണ്‌ പ്രചരിക്കുന്നത്‌. ഷഹിയുമായി പ്രശ്നങ്ങളൊന്നുമില്ല. വയൽനികത്തലിനെതിരായി മാത്രമാണ്‌ പ്രതികരിച്ചത്.

-ബിജു, സി.പി.എം. ചവറ മുകുന്ദപുരം ബ്രാഞ്ച് സെക്രട്ടറി

ആരെയും ഭീഷണിപ്പെടുത്തിയില്ല

ബിജു ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അനധികൃതമായാണ് കൺവെൻഷൻ സെന്റർ നിർമിക്കുന്നത്.

-എസ്.സുദേവൻ, സി.പി.എം. ജില്ലാസെക്രട്ടറി

േഡറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലമെന്ന്‌ കൃഷിവകുപ്പ്‌

ഓഡിറ്റോറിയത്തോടുചേർന്ന്‌ ഡേറ്റാബാങ്കിൽ ഉൾപ്പെട്ട സ്ഥലമുണ്ട്‌. അവിടെ നടക്കുന്ന നിർമാണങ്ങൾക്കാണ്‌ വിലക്ക്‌. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന്‌ കൃഷിവകുപ്പ്‌ അധികൃതർ പറഞ്ഞു.