തിരുവനന്തപുരം: മൊറട്ടോറിയത്തിന്റെ കാലാവധി അവസാനിച്ചെങ്കിലും വായ്പ തിരിച്ചുപിടിക്കാനുള്ള നടപടികളിലേക്ക് ഉടൻ ബാങ്കുകൾ പോകില്ല. മൊറട്ടോറിയം ബാധകമായിരുന്ന വായ്പകൾ കിട്ടാക്കടമായി മാറുന്നതിന് മൂന്നുമാസമെടുക്കും. ഇതിനിടെ മൊറട്ടോറിയം കാലാവധി നീട്ടുന്നതിനുള്ള അനുകൂല തീരുമാനം റിസർവ് ബാങ്കിൽനിന്ന് നേടിയെടുക്കാൻ സർക്കാരിനായാൽ അത് ബാങ്കുകൾക്കും ആശ്വാസമാകും. ഇതിനായി സർക്കാർ പ്രതിനിധി റിസർവ് ബാങ്ക് ഗവർണറെ കാണാനും സാധ്യതയുണ്ട്. ഇതിനുമുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും. സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എൽ.ബി.സി.) പ്രതിനിധികളും കൃഷി, റവന്യൂ, ധനമന്ത്രിമാരും പങ്കെടുക്കും.

മൊറട്ടോറിയം ഡിസംബർ 31-വരെ നീട്ടണമെന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിയുടെ ആവശ്യത്തിൽ റിസർവ് ബാങ്ക് തീരുമാനമായില്ല. ഇതേ ആവശ്യവുമായുള്ള മുഖ്യമന്ത്രിയുടെ കത്ത് മന്ത്രി വി.എസ്. സുനിൽകുമാർ നേരിട്ട് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസിനും മൊറട്ടോറിയം കൈകാര്യം ചെയ്യുന്ന ഡെപ്യൂട്ടി ഗവർണർ നരേന്ദ്ര ജെയ്‌നും നൽകിയിട്ടുണ്ട്.

വായ്പകൾ പുനഃക്രമീകരിക്കുന്നതിനു റിസർവ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതാണു മൊറട്ടോറിയം നീട്ടുന്നതിനുള്ള പ്രധാന തടസ്സം. വായ്പകൾ പുനഃക്രമീകരിക്കാതെ മൊറട്ടോറിയം ബാധമാക്കുന്നതിന് റിസർവ് ബാങ്കിന്റെ എതിർപ്പുണ്ടാകാനിടയില്ല. ഇതാണ് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് ഉചിതമായ തീരുമാനമെടുക്കാമെന്ന് റിസർവ് ബാങ്ക് അറിയിച്ചതിന്റെ കാരണം.

മൊറട്ടോറിയം കാലയളവ് വായ്പയുടെ തിരിച്ചടവ് കാലഘട്ടമായി പരിഗണിക്കാതിരിക്കാനാണ് പുനഃക്രമീകരിക്കുന്നത്. വായ്പാ കാലാവധി നീട്ടി നൽകിയില്ലെങ്കിൽ, കാലാവധി കഴിഞ്ഞ വായ്പകൾക്ക് മൊറട്ടോറിയം ലഭിക്കില്ല. മാത്രവുമല്ല, മൊറട്ടോറിയം കാലയളവിൽ അടയ്‌ക്കേണ്ട തുക അതിനുശേഷം കൂട്ടി ബാങ്കിന് നൽകേണ്ടിയും വരും.

പ്രളയത്തിൽ കൃഷിനാശമുണ്ടായ മലയോര മേഖലയിലെ കർഷകർക്ക് ഇനിയും കൃഷി പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വിലത്തകർച്ച കാർഷിക, കാർഷികേതര വായ്പകൾ തിരിച്ചടയ്ക്കാനാവാതെയും ബുദ്ധിമുട്ടിലാണ്. ഇടുക്കി, വയനാട് ജില്ലകളിലാണു രൂക്ഷമായ പ്രശ്‌നം. ഇത് റിസർവ് ബാങ്കിനെ വീണ്ടും അറിയിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. മറ്റെന്തെങ്കിലും മാർഗമുണ്ടോയെന്ന കാര്യവും ഉന്നതതല യോഗത്തിൽ പരിശോധിക്കും.

Content Highlights: no attachment actions with in three months