റാന്നി: 18 മക്കളും അവരുടെ മരുമക്കളും 31 കൊച്ചുമക്കളും അവരുടെ കുടുംബവും അടങ്ങുന്ന വലിയകുടുംബത്തിന്റെ സ്നേഹവലയത്തിൽനിന്ന് കാരണവർ യാത്രയായി. വെച്ചൂച്ചിറ നിരപ്പേൽ എൻ.എം. ഏബ്രഹാമാണ് (കുട്ടിപാപ്പൻ-90) കുടുംബത്തിലേക്ക് തിരിച്ചുവരവില്ലാതെ മടങ്ങിയത്.

വെച്ചൂച്ചിറയിലെ ആദ്യകാല കുടിയേറ്റ കർഷകരിലൊരാളായ ഏബ്രഹാം ശനിയാഴ്ച പുലർ‍ച്ചെ രണ്ടരയോടെയാണ് മരിച്ചത്. ഞായറാഴ്ച വെച്ചൂച്ചിറ സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ ശവസംസ്കാരം നടന്നു. ആറര പതിറ്റാണ്ടുമുമ്പ് പാലാ ഇടമറ്റത്തുനിന്നാണ് ഏബ്രഹാം വെച്ചൂച്ചിറയിലെത്തിയത്. ആദ്യം കുന്നത്തായിരുന്നു താമസം. കുന്നത്ത് റബ്ബർ വ്യാപാരം നടത്തിയിരുന്നു. മാതൃകാ കർഷകനായിരുന്നു. പിന്നീട് വെച്ചൂച്ചിറയിലേക്ക് താമസം മാറ്റി.

പെരുവന്താനം ഒട്ടലാങ്കല കുടുംബാംഗം മേരിക്കുട്ടിയാണ് ഭാര്യ. ഇവർ 19 കുട്ടികൾക്ക് ജന്മം നല്കിയെങ്കിലും ഒരുകുട്ടി ജനനത്തിൽതന്നെ മരിച്ചു. മക്കളിൽ 15 പേർ ഇപ്പോഴുമുണ്ട്. നാലാം തലമുറക്കാരെവരെ കാണാനുള്ള ഭാഗ്യം ലഭിച്ചു. പലരും വിദേശത്തും മറ്റും ആയതിനാൽ എല്ലാവരുമായുള്ള ഒത്തുചേരൽ വല്ലപ്പോഴുമായിരുന്നു. മൂന്നുവർഷം മുമ്പ് ഏബ്രഹാമിന്റെയും മേരിക്കുട്ടിയുടെയും 60-ാം വിവാഹ വാർഷികത്തിനാണ് എല്ലാവരും ഒത്തുചേർന്നത്.

ത്രേസ്യാമ്മ, ആനിയമ്മ, ആന്റണി, റാണി, ഗീത, ജെയിംസ്, വിൻസെന്റ്, ബിജു, സീന, സിസ്റ്റർ ക്രിസ്‌റ്റീന, റെജീന, ബിക്കി, ദീപ, മിക്കു, നീതു, പരേതരായ ബാബു, മൈക്കിൾ, ലൈല മോൾ എന്നിവരാണ് മക്കൾ. മരുമക്കൾ: സെബാസ്റ്റ്യൻ, മേരി, എൽസമ്മ, കുഞ്ഞുമോൻ, ബെൻസി, സ്വപ്ന, റോബിൻ, റോജി, റിൻസി, ജസ്റ്റിൻ, നിമ്മി, ജിജോ.