മലപ്പുറം: കേരളത്തിലെ നിര്‍ഭയ ഹോമുകളില്‍ അഗതികളായെത്തുന്ന പെണ്‍കുട്ടികള്‍ തിങ്ങിനിറയുന്നു. സ്വന്തം വീട്ടില്‍നിന്ന് ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട പെണ്‍കുട്ടികളാണ് ഇവിടെയെത്തുന്നത്. സ്വന്തം വീട്ടില്‍ സുരക്ഷിതരല്ലാത്ത ഇവരെ താമസിപ്പിക്കുന്നത് അസൗകര്യങ്ങള്‍ നിറഞ്ഞ വാടക കെട്ടിടത്തിലാണ്. ഈ പെണ്‍കുട്ടികളുടെ ക്ഷേമത്തിനായി പ്രഖ്യാപനങ്ങള്‍ ധാരാളമുണ്ടെങ്കിലും ഒന്നും വേണ്ടവിധത്തില്‍ നടപ്പാകുന്നില്ല.

ശാരീരികമായി ഉപദ്രവിക്കപ്പെട്ടെന്ന ഒറ്റക്കാരണത്താല്‍ വീട്ടില്‍നിന്ന് നിര്‍ഭയ ഹോമുകളിലേക്ക് കൂടുമാറേണ്ടിവന്നവരാണ് ഇവര്‍. സംസ്ഥാനത്തെ നിര്‍ഭയ ഹോമുകളില്‍ ആകെ 348 അന്തേവാസികളാണുള്ളത്.

10 ജില്ലകളിലായി 12 ഹോമുകളാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ മൂന്നെണ്ണം തിരുവനന്തപുരത്ത്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇതുവരെയും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുപോലുമില്ല. ഒരു കേന്ദ്രത്തില്‍ പരമാവധി 25 പേരെയാണ് താമസിപ്പിക്കാനാവുക. എന്നാല്‍ പലയിടത്തും ഇരട്ടിയോളം പേരുണ്ട്.

തിങ്ങിനിറഞ്ഞ മുറികളില്‍ തറയില്‍പ്പോലും കിടക്കാനിടമില്ലാത്ത അവസ്ഥ. വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളില്‍ 40 ലധികം പേരാണ് ഓരോ കേന്ദ്രങ്ങളിലും താമസിക്കുന്നത്. 25 പേര്‍ക്ക് ഒതുങ്ങി ജീവിക്കാവുന്ന ചെറിയ വാടക കെട്ടിടങ്ങളില്‍ താമസിക്കുന്ന ഇവരുടെ സ്ഥിതി ദയനീയമാണ്.

തൃശ്ശൂര്‍, എറണാകുളം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളില്‍ സ്വന്തം കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നുണ്ട്.

കേസുകളില്‍ നടപടിയില്ല

കേരള മഹിളാ സമാഖ്യ സൊസൈറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എട്ട് കേന്ദ്രങ്ങളുടെ കീഴില്‍ പല വര്‍ഷങ്ങളിലായി റിപ്പോര്‍ട്ട് ചെയ്തത് 700 കേസുകളാണ്. ഇതില്‍ 32 എണ്ണം മാത്രമാണ് തീര്‍പ്പായത്.

ഇത്തരം കേസുകളില്‍ അതിവേഗത്തില്‍ നടപടിയുണ്ടാകുകയാണ് ആദ്യം വേണ്ടതെന്ന് കേരള മഹിളാ സമാഖ്യ സൊസൈറ്റി പ്രൊജക്ട് ഡയറക്ടര്‍ പി.ഇ. ഉഷ പറഞ്ഞു.

നിര്‍ഭയ ഹോമുകളിലെ കുട്ടികളുടെ എണ്ണം

കാസര്‍കോഡ് - 36

വയനാട് - 44

മലപ്പുറം - 43

പാലക്കാട് - 26

വെഞ്ഞാറമ്മൂട് - 32

പൂജപ്പുര (1)- 31

പൂജപ്പുര (2) - 33

ഇടുക്കി - 41

എറണാകുളം - 20

കോഴിക്കോട് - 20

കൊല്ലം - 18

തൃശ്ശൂര്‍ - 4