കൊച്ചി: സ്ത്രീസുരക്ഷയ്ക്ക് സംസ്ഥാനത്താരംഭിച്ച നിര്‍ഭയ പദ്ധതി അഞ്ചുവര്‍ഷം പിന്നിടുമ്പോഴും നാലുജില്ലകളില്‍ അഭയകേന്ദ്രങ്ങളില്ല. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍ എന്നിവിടങ്ങളിലാണ് അഭയകേന്ദ്രത്തിനായി ഭൂമി കണ്ടെത്താനാകാത്തത്. നേരത്തേ സാമൂഹികനീതി വകുപ്പിന് കീഴിലായിരുന്ന പദ്ധതി നിലവില്‍ മഹിളാ ശിശുക്ഷേമ വികസനവകുപ്പിന് കീഴിലാണ്.

2012-ല്‍ മുഖ്യമന്ത്രി ചെയര്‍മാനായാണ് നിര്‍ഭയ പദ്ധതി ആരംഭിച്ചത്. എല്ലാ ജില്ലകളിലും ലൈംഗികാതിക്രമത്തെ അതിജീവിക്കുന്ന സ്ത്രീകളെ സുരക്ഷിതമായി താമസിപ്പിക്കാന്‍ ഒരിടം എന്നതായിരുന്നു പദ്ധതിയുടെ പ്രഥമലക്ഷ്യം. സൗജന്യ നിയമസഹായം, വൈദ്യസഹായം, കൗണ്‍സലിങ്, പോലീസിന്റെ അടിയന്തരസഹായം എന്നിവ അഭയകേന്ദ്രങ്ങളില്‍ ലഭ്യമാക്കുകയെന്നതും പദ്ധതിയുടെ ലക്ഷ്യങ്ങളാണ്.

പദ്ധതിയുടെ ഭാഗമായി ത്രിതല ജാഗ്രതാസമിതികളും രൂപവത്കരിച്ചിരുന്നു. സമിതിയുടെ പ്രവര്‍ത്തനം എല്ലാ ജില്ലയിലും കാര്യക്ഷമമല്ലെന്ന അഭിപ്രായം നിര്‍ഭയ വോളന്റിയര്‍മാരില്‍നിന്ന് ഉയരുന്നുണ്ട്. മൂന്നുമാസം കൂടുമ്പോഴാണ് ജാഗ്രതാസമിതി യോഗം കൂടേണ്ടത്. എന്നാല്‍, ആറുമാസത്തെ ഇടവേളയിലാണ് മിക്ക ജില്ലകളിലും യോഗം കൂടുന്നത്.

സംസ്ഥാനത്ത് ആകെയുള്ള 12 അഭയകേന്ദ്രങ്ങളില്‍ എട്ടെണ്ണം മഹിളാസമാജം സൊസൈറ്റിയുടെയും നാലെണ്ണം സര്‍ക്കാരിതര സംഘടനകളുടെയും കീഴിലാണ്.

ഇല്ലാത്തിടത്ത് ഉടന്‍

ഷെല്‍ട്ടര്‍ഹോമുകളില്ലാത്ത ജില്ലകളില്‍ ഉടനെ തന്നെ ആരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മഹിളാസമാജം സൊസൈറ്റികളുമായി കൂടിയാലോചിച്ച് ഭൂമിയേറ്റെടുക്കല്‍ ചര്‍ച്ചകളും നടത്തി. തൃശ്ശൂരില്‍ പുതിയത് ആരംഭിക്കാനും തീരുമാനമായി.ബിജു പ്രഭാകര്‍,

മഹിളാ-ശിശുക്ഷേമവകുപ്പ് പ്രത്യേക സെക്രട്ടറി