കണ്ണൂർ: നിപ വൈറസിന്റെ സ്രോതസ്സ്‌ ബ്രോയിലർ കോഴിയാണെന്ന വ്യാജസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്റെ പേരിൽ ഒരാളെ പോലിസ് അറസ്റ്റ്‌ ചെയ്തു. മൂവാറ്റുപുഴ എഴക്കപ്പിള്ളിയിലെ സി.എം.സുനിലി(41)നെയാണ് കണ്ണൂർ എസ്.പിയുടെ നിർദേശപ്രകാരം ടൗൺ എസ്.ഐ. ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്.

വവ്വാലുകളാണ് നിപ വൈറസിന് കാരണമെന്ന കണ്ടെത്തൽ ശരിയല്ലെന്നും ബ്രോയിലർ കോഴികളാണ് വൈറസ് പരത്തുന്നതെന്നും പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. ആനന്ദബാസു അറിയിച്ചുവെന്നും ബ്രോയിലർ കോഴികളെ ആരും ഭക്ഷിക്കരുതെന്നും ഇയാൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ടു. കഴിഞ്ഞ തിങ്കളാഴ്ച വാട്‌സാപ്പിൽ വന്ന പോസ്റ്റ് നിരവധി പേർ ഷെയർ ചെയ്തിരുന്നു. അന്വേഷണത്തിൽ സുനിൽ ആണ് പോസ്റ്റിട്ടതെന്ന് മനസ്സിലായതിനെ തുടർന്നാണ് പോലീസ് കേസെടുത്തത്.