തിരുവനന്തപുരം/കോഴിക്കോട്/കൊച്ചി: നിപ വൈറസ് ബാധിച്ച് 17 പേർ മരിക്കുകയും വൈറസ് ബാധ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയുംചെയ്ത സാഹചര്യത്തിൽ അതിജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.

നിപ ബാധിതരുമായി ഇടപഴകിയവർക്ക് വൈറസ് പകരാൻ സാധ്യതയുള്ളതിനാൽ ഇത്തരക്കാർ ജാഗ്രതപാലിക്കണമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കോഴിക്കോട്ട് കൺട്രോൾ റൂമും ആരോഗ്യവകുപ്പ് ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘവും പ്രവർത്തിക്കുന്നുണ്ട്. വൈറസ് ബാധ പൂർണമായും നിയന്ത്രണവിധേയമാകുംവരെ ഈ സംഘത്തെ നിലനിർത്തും.

ഇത് മറ്റൊരു രോഗംപോലെയല്ല. ശരീരത്തിൽ വന്നാൽ പെട്ടെന്ന് തലച്ചോറിനെ ബാധിക്കുന്ന പ്രത്യേകതരം വൈറസാണ്. കേന്ദ്രസർക്കാരുമായും ഇത്തരം അനുഭവമുള്ള രാജ്യങ്ങളുമായും ബന്ധപ്പെട്ടുവരികയാണ്. വൈറസ് ബാധയുടെ രണ്ടാംഘട്ടം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ പ്രതിരോധ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നേരത്തേ നിപ ബാധിച്ചവരുമായി ബന്ധപ്പെട്ട ആളുകളെ നിരീക്ഷിക്കണം. നിപയുമായി ബന്ധപ്പെട്ട ലക്ഷണങ്ങൾ കാണിക്കുന്ന സമയത്ത് പരിശോധിച്ചാൽ മാത്രമേ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് അറിയാനാവൂ. അതിനാലാണ് ജാഗ്രത വേണമെന്ന് നിർദേശിക്കുന്നത്.

നിപ ബാധിതരുമായി ഇടപഴകിയവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

* നിശ്ചിത കാലയളവുവരെ കഴിവതും കൂട്ടായ്മകൾ ഒഴിവാക്കുക. മറ്റുള്ളവരുമായി ഇടപഴകുന്നത് ഒഴിവാക്കുക.

* നിപ രോഗിയുമായി ഇടപഴകിയിട്ടുണ്ടെങ്കിൽ അക്കാര്യം ഗസ്റ്റ് ഹൗസിലെ കൺട്രോൾ റൂമിൽ അറിയിക്കണം.

* ചെറിയ ലക്ഷണങ്ങൾ കണ്ടാൽപ്പോലും ആശുപത്രിയിൽ ചികിത്സതേടണം.

* വൈറസ് ബാധയേറ്റാൽ രോഗലക്ഷണം പ്രകടിപ്പിക്കാൻ അഞ്ചുമുതൽ 14 ദിവസംവരെ വേണ്ടിവരും. 45 ദിവസത്തിനുശേഷം ലക്ഷണം പ്രകടിപ്പിച്ച സംഭവങ്ങളുമുണ്ട്.

പി.എസ്.സി. പരീക്ഷകൾ മാറ്റി

പി.എസ്.സി. ജൂൺ 16 വരെ നിശ്ചയിച്ചിരുന്ന ഒ.എം.ആർ., ഓൺലൈൻ പരീക്ഷകളെല്ലാം മാറ്റി. പുതുക്കിയ തീയതികൾ പിന്നീട്. മേയ് അഞ്ചിന് നടത്താനിരുന്ന എച്ച്.എസ്.എസ്.ടി. ഫിസിക്സ്, ഒൻപതിന് നിശ്ചിയിച്ചിരുന്ന കമ്പനി/ബോർഡ് അസിസ്റ്റന്റ്/പി.ആർ.ഡി. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ പരീക്ഷകളും ഇതിൽപ്പെടും. മേയ് 26-ന് നടത്താനിരുന്ന സിവിൽ പോലീസ് ഓഫീസർ പരീക്ഷ നേരത്തേ മാറ്റിവെച്ചിരുന്നു. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ലാസ്റ്റ് ഗ്രേഡ് രേഖാപരിശോധനയും മാറ്റി.

കോടതി സിറ്റിങ്ങിന് നിയന്ത്രണം

വൈറസ് ബാധിത മേഖലകളിലെ കൂടുതൽ ആളെത്തുന്ന കോടതികളിൽ ജൂൺ ആറുവരെ സിറ്റിങ് ഒഴിവാക്കി. കോടതി ഓഫീസ് പ്രവർത്തിക്കും. കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ചാണ് ഹൈക്കോടതി ഭരണവിഭാഗം ജില്ലാ കോടതിക്ക് മുൻകരുതൽ നിർദേശം നൽകിയത്. ജൂൺ ആറിന് സാഹചര്യം വിലയിരുത്തി തുടർനടപടി തീരുമാനിക്കും.

ബാലുശ്ശേരി ആശുപത്രി ഡോക്ടർമാർക്കും ജീവനക്കാർക്കും അവധിനൽകി

: നിപ ബാധിച്ച് രണ്ടുപേർ മരിച്ച ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർക്കും ജീവനക്കാർക്കും അവധിനൽകി. എട്ടു ഡോക്ടർമാരും ഏഴു നഴ്സുമാരും പാരാമെഡിക്കൽ ഉൾപ്പെടെയുള്ള മറ്റു ജീവനക്കാരും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. പകരം സംവിധാനമായി മൂന്ന് ഡോക്ടർമാരെ പുതുതായി നിയമിച്ചു. ഒ.പി. വിഭാഗം തുടരും.

വയനാട്ടിൽ സ്കൂളുകൾക്ക് അവധി

വയനാട്ടിലെ പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ അഞ്ചുവരെ കളക്ടർ എസ്. സുഹാസ് അവധി പ്രഖ്യാപിച്ചു. രോഗബാധ ഉണ്ടായേക്കാമെന്ന് ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ച സാഹചര്യത്തിലാണിത്. വെള്ളിയാഴ്ച ജില്ലയിലെ സ്കൂളുകൾ തുറന്നിരുന്നു. ജില്ലയിൽ രണ്ടുപേർക്ക് രോഗബാധ സംശയിക്കുന്നതായി വെള്ളിയാഴ്ച റിപ്പോർട്ടുണ്ട്.

മുൻകരുതലുമായി താമരശ്ശേരി രൂപത

നിപയുടെ സാഹചര്യത്തിൽ, പള്ളികളിൽ വിശുദ്ധകുർബാന സ്വീകരിക്കുമ്പോൾ, വിശ്വാസികളുടെ കൈകളിൽ കുർബാന നൽകണമെന്ന് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. ഇടവകകളിലെ കുടുംബകൂട്ടായ്മകൾ, മാമ്മോദീസ, വീട് വെഞ്ചരിപ്പ്, വിവാഹം തുടങ്ങി മാറ്റിവയ്ക്കാൻ സാധിക്കുന്ന എല്ലാ ചടങ്ങുകളും മാറ്റിവയ്ക്കണമെന്നും അദ്ദേഹം നിർദേശിച്ചു.