തൊടുപുഴ: കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർഥിക്ക് നിപ വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പഴംതീനി വവ്വാലുകളുടെ സ്രവം ശേഖരിച്ചുതുടങ്ങി. തൊടുപുഴയ്ക്കുസമീപം റബ്ബർ തോട്ടത്തിൽ സ്ഥാപിച്ചിരുന്ന കെണിയിൽ കുടുങ്ങിയ 30 വവ്വാലുകളിൽനിന്നാണ് പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നിന്നുമെത്തിയ വിദഗ്‌ധസംഘം സ്രവം ശേഖരിച്ചത്. ബുധനാഴ്ച കോളപ്രയ്ക്ക് സമീപമുള്ള ക്ഷേത്രത്തിനുസമീപം രണ്ടു കെണികൾകൂടി സംഘം സ്ഥാപിച്ചു.

അഞ്ചുദിവസംകൂടി

നിപ ബാധിതനായ വിദ്യാർഥി താമസിച്ച വീടിന്റെ സമീപപ്രദേശങ്ങളിൽ പഴംതീനി വവ്വാലുകളുടെ സാന്നിധ്യം കണ്ടെത്താനായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഗരത്തിനടുത്തുള്ള പ്രൈവറ്റ് ക്ലബ്ബിന് സമീപവും കുടയത്തൂരിലും വവ്വാലുകളെ കണ്ടെത്തിയത്. വിദ്യാർഥി താമസിച്ച വീടിന് ഏറ്റവും അടുത്തുള്ള പ്രൈവറ്റ് ക്ലബ്ബിന് സമീപത്തെ റബ്ബർതോട്ടത്തിൽ മൂന്നു കെണികൾ സ്ഥാപിച്ചത് ശനിയാഴ്ചയാണ്. ഞായറാഴ്ച രാവിലെ സംഘം തിരികെയെത്തിയപ്പോൾ 30 വവ്വാലുകൾ ഇതിൽ കുടുങ്ങിയിരുന്നു. ഇവയുടെ ഉമിനീരടക്കമുള്ള സ്രവങ്ങൾ ശേഖരിച്ചശേഷം വിട്ടയച്ചു. ശേഖരിച്ച സ്രവങ്ങൾ നിയന്ത്രിത ഊഷ്മാവിൽ സൂക്ഷിച്ചിരിക്കുകയാണ്.

അഞ്ചുദിവസത്തിനുള്ളിൽ തൊടുപുഴയിൽനിന്നും കോളപ്രയിൽനിന്നും പരമാവധി വവ്വാലുകളെ പിടികൂടി സ്രവം ശേഖരിക്കാനാണ് സംഘത്തിന്റെ ശ്രമം. അതിനുശേഷം വിദ്യാർഥിയുടെ നാടായ വടക്കൻ പറവൂരിൽനിന്ന് വവ്വാലിനെ പിടികൂടും.

പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡെപ്യൂട്ടി ഡയറക്ടർ ഡോ. എ.ബി. സുദീപ്, അസിസ്റ്റന്റ് ഡയറക്ടർ എം.ബി. ഗോഖലെ, ആലപ്പുഴയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബാലസുബ്രഹ്മണ്യം എന്നിവരാണ്‌ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Content Highlights: Nipah Virus; Taking Samplings from Fruit bats