കൊച്ചി: നിപമോചിതനായ യുവാവ് ചൊവ്വാഴ്ച ആശുപത്രി വിടും. സംസ്ഥാനം നിപവിമുക്തമെന്ന ഔദ്യോഗികപ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകും.

53 ദിവസത്തെ ആശുപത്രിവാസത്തിനുശേഷമാണ് പറവൂർ തുരുത്തിപ്പുറം സ്വദേശിയായ 23-കാരൻ വീട്ടിലെത്തുന്നത്. ആശുപത്രിവിട്ടാൽ പത്തുദിവസത്തിനുശേഷം യുവാവിന് കോളേജിൽ പോയിത്തുടങ്ങാമെന്ന് ചികിത്സിച്ച ഡോ. ബോബി വർക്കി മരമറ്റം പറഞ്ഞു. രണ്ടുദിവസംകൂടി നിരീക്ഷിക്കുകയും പതിവ് രക്തപരിശോധനകൾ നടത്തുകയും ചെയ്യും. ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്യും. രണ്ടുമാസത്തിനുശേഷം തുടർപരിശോധന നടത്തും.

മനുഷ്യനിൽനിന്ന് മനുഷ്യനിലേക്ക് നിപ പകർച്ചവ്യാധി തടയാൻ കേരളത്തിന് സാധിച്ചതായി ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ‘മാതൃഭൂമി’യോടു പറഞ്ഞു. നിപബാധിതരെയും അവരുമായി ഇടപഴകിയവരെയും കൃത്യമായി നിരീക്ഷിച്ച് വേണ്ട ചികിത്സ നൽകിയതിനാലാണ് ജീവഹാനി ഇല്ലാതാക്കാൻ കഴിഞ്ഞത് -അദ്ദേഹം പറഞ്ഞു.

ആശുപത്രിയിൽനിന്ന് പോകുന്നസമയത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ജില്ലാ കളക്ടർ എസ്. സുഹാസും എത്തും. മൂന്നാഴ്ചമുമ്പാണ് രക്തപരിശോധനയിലൂടെ നിപയിൽനിന്ന് മുക്തമായതായി തെളിഞ്ഞത്.

Content Highlights: nipah virus; student will get discharge on tuesday