കൊച്ചി: പനിബാധിച്ച് കളമശ്ശേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ള ഏഴുപേർക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. പുണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലത്തിലാണ് സ്ഥിരീകരണം. നിപ ബാധിച്ച്‌ ചികിത്സയിൽക്കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

ചികിത്സയിലുള്ള യുവാവിന് വ്യാഴാഴ്ച രാവിലെ പനിയുണ്ടായെങ്കിലും പിന്നീട്‌ വന്നിട്ടില്ലെന്ന് വിദഗ്ധസംഘത്തിലുൾപ്പെട്ട ഡോ. അനുരൂപ് ബാലഗോപാൽ പറഞ്ഞു. ഇപ്പോഴും ഐസൊലേഷൻ വാർഡിലാണ്. ഭക്ഷണം കഴിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. ഓർമക്കുറവുണ്ടെങ്കിലും അമ്മയെ തിരിച്ചറിയുന്നുണ്ട്. ഇന്റർകോമിലൂടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. നിംഹാൻസ്, എയിംസ് എന്നിവിടങ്ങളിലെ വിദഗ്ധസംഘം യുവാവിനെ പരിചരിക്കാനായി എത്തിയിട്ടുണ്ടെന്നും ഡോ. അനുരൂപ് പറഞ്ഞു.

നിപയില്ലെന്ന് സ്ഥിരീകരിച്ച ഏഴുപേർ നിപ ബാധിച്ച യുവാവുമായി അടുത്തിടപഴകിയവരാണ്. രണ്ടുപേർകൂടി കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ട്. ഇതിലൊരാളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ശേഷിക്കുന്നയാളെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

പരിശോധനാഫലം നെഗറ്റീവാണെങ്കിലും ആരെയും ഡിസ്ചാർജ് ചെയ്യില്ല. ഇവരുടെ നിരീക്ഷണവും പരിശോധനയും രോഗത്തിന്റെ സാധ്യതാകാലയളവ് (ഇൻക്യുബേഷൻ പിരീഡ്) കഴിയുന്നതുവരെ തുടരും.

തിരുവനന്തപുരത്ത് രണ്ടുപേരും കോഴിക്കോട്ട് ഒരാളും ഉൾപ്പെടെ ഏതാനുംപേർ നിരീക്ഷണത്തിലുണ്ട്. നിപ ബാധിച്ച യുവാവുമായി അടുത്തിടപഴകിയ 316 പേർ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇതിൽ 255 പേരെ ആരോഗ്യവകുപ്പ് ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ പറഞ്ഞു. 224 പേരുടെ വിവരങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്തു.

ഇതിൽ 33 പേർ അതിജാഗ്രതാ നിരീക്ഷണത്തിലാണ്. 191 പേർ സാധാരണ നിരീക്ഷണത്തിലും.

ജാഗ്രത തുടരേണ്ടതുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. കോഴിക്കോട് നിപയുണ്ടായ സമയത്ത് രോഗബാധിതരുടെ സാമ്പിളുകൾ പലതവണ പരിശോധിച്ച് ഉറപ്പിച്ചശേഷമാണ് ഭീതി ഒഴിവായതായി പ്രഖ്യാപിച്ചത്. ഇപ്പോൾ ആ ഘട്ടത്തിലേക്ക് എത്തിയിട്ടില്ല.

സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച യോഗം ചേർന്നു. വിവിധ വകുപ്പുകളുടെ കോർകമ്മിറ്റി യോഗവുമുണ്ടായി. പ്രതിരോധത്തിന്റെ ഭാഗമായി ചിട്ടയായ പ്രവർത്തനങ്ങളാണ് ജില്ലയിൽ നടക്കുന്നതെന്ന് വിലയിരുത്തി. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ആശ്വാസകരം

ചികിത്സയിലുണ്ടായിരുന്ന ഏഴുപേർക്ക് നിപയില്ലെന്ന പരിശോധനാഫലം ആശ്വാസകരമാണ്. ഭീതിജനകമായ സാഹചര്യം ഇപ്പോഴില്ല. വലിയ അളവിൽ രോഗം ബാധിച്ചിട്ടില്ലെന്നതിന്റെ സൂചനയായി ഇതിനെ കണക്കാക്കാം -ആരോഗ്യമന്ത്രി കെ.കെ. ശൈലജ

content highlights: nipah virus seven suspected patients test negative