കൊച്ചി: നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ പനി പൂർണമായും മാറിയതായി ജില്ലാ കളക്ടർ കെ. മുഹമ്മദ് വൈ. സഫീറുള്ള അറിയിച്ചു. യുവാവിന് ഇപ്പോൾ പരസഹായമില്ലാതെ നടക്കാനാകും.

അതിനിടെ, രോഗിയുമായി സമ്പർക്കം പുലർത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. വരാപ്പുഴ സ്വദേശിയാണ്. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിലവിൽ ഏഴു രോഗികളാണുള്ളത്.

പുതുതായി പ്രവേശിപ്പിച്ച രോഗിയുടേതടക്കം അഞ്ച് സാമ്പിളുകളാണ് തിങ്കളാഴ്ച പരിശോധനയ്ക്കയച്ചത്. തൃശ്ശൂർ മെഡിക്കൽ കോളേജ്, ഇടുക്കി ജില്ലാ ആശുപത്രി എന്നിവിടങ്ങളിൽനിന്നെത്തിയ ഓരോ സാമ്പിളുകളും എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ രണ്ടാംഘട്ട പരിശോധനാ സാമ്പിളും ഇതിൽ ഉൾപ്പെടുന്നു.

നിപ രോഗിയുമായി സമ്പർക്കം പുലർത്തിയവരിൽ ആകെ 329 പേരാണ് പട്ടികയിലുള്ളത്. ഇതിൽ 52 പേർ ഹൈ റിസ്ക് വിഭാഗത്തിലുള്ളവരാണ്.

പുതിയ ഐസൊലേഷൻ വാർഡ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ 30 പേരെ കിടത്താവുന്ന പുതിയ ഐസൊലേഷൻ വാർഡ് സജ്ജമാക്കി. രോഗി ആംബുലൻസിൽ എത്തുന്നതു മുതൽ ഐസൊലേഷൻ വാർഡിൽ എത്തുന്നതുവരെയുള്ള ഓരോ ഘട്ടവും പരിശോധിക്കുന്നതിന് ട്രയൽ റണ്ണും നടത്തി.

വിദഗ്ദ്ധ സംഘത്തിന്റെ പഠനം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്നുള്ള വിദഗ്ദ്ധ സംഘം തൊടുപുഴ, മുട്ടം മേഖലകളിൽനിന്നുള്ള 52 പഴംതീനി വവ്വാലുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. ഇവ പുണെയിലേക്ക് അയയ്ക്കും. ആലുവ, പറവൂർ മേഖലകളിൽനിന്നും സാമ്പിളുകൾ ശേഖരിക്കും. ഡോ. സുദീപിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡോ. ഗോഖലെ, ഡോ. ബാലസുബ്രഹ്മണ്യൻ എന്നീ ശാസ്ത്രജ്ഞരുമുണ്ട്.

നാളെ സ്കൂളിൽ ബോധവത്കരണം

സ്കൂൾ വിദ്യാർഥികളിൽ പകർച്ചവ്യാധി പ്രതിരോധത്തെക്കുറിച്ചും ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിന് ‘വരയ്ക്കാം ആരോഗ്യത്തിനായി’ എന്ന പേരിൽ ജില്ലയിലെ എൽ.പി., യു.പി., ഹൈസ്കൂൾ, വി.എച്ച്.എസ്.ഇ., ഹയർ സെക്കൻഡറി വിഭാഗം വിദ്യാർഥികൾക്ക് ബുധനാഴ്ച സ്കൂൾ തലത്തിൽ മത്സരം നടത്തും. സ്കൂൾ തലത്തിലെയും ഉപജില്ലാ തലത്തിലെയും ജില്ലാ തലത്തിലെയും മികച്ച രചന തിരഞ്ഞെടുത്ത് സമ്മാനം നൽകും. പ്രത്യേകം തയ്യാറാക്കിയ ബോധവത്കരണ സന്ദേശം എല്ലാ സ്കൂളുകളിലും അസംബ്ലിയിൽ വായിക്കും.

നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച 2,327 പേർക്ക് പരിശീലനം നൽകി. ഇതോടെ ആകെ പരിശീലനം ലഭിച്ചവരുടെ എണ്ണം 18,655 ആയി.

Content Highlights: Nipah Virus; Patient's Health Condition Improves