കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള യുവാവിന് കഴിഞ്ഞ 48 മണിക്കൂറായി പനിയില്ല. രോഗിയുടെ നില മെച്ചപ്പെട്ടതിന്റെ സൂചനയാണിതെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.

ആരോഗ്യനിലയിൽ കൂടുതൽ പുരോഗതിയുള്ളതായി കളക്ടർ കെ. മുഹമ്മദ് വൈ. സഫിറുള്ള അറിയിച്ചു. പരസഹായമില്ലാതെ നടക്കാനാകും. ഭക്ഷണം കഴിക്കാനും ബുദ്ധിമുട്ടില്ല. നന്നായി ഉറങ്ങാനും കഴിയുന്നുണ്ട്.

യുവാവുമായി അടുത്തിടപഴകിയവരിൽ ഉൾപ്പെട്ട മാവേലിക്കരയിൽനിന്നുള്ള ഇരുപത്തേഴുകാരിയെ പനിയെത്തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ ഇവരെ വീട്ടിൽനിന്ന് ആംബുലൻസിലാണ് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ആശുപത്രിയിൽ കൊണ്ടുവന്നത്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലുള്ള ഏഴുരോഗികളുടെയും സാമ്പിളുകൾ പരിശോധിച്ചതിൽ നിപയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. മറ്റുചികിത്സകൾ തുടരുന്നതിന് ഇവരിൽ ഒരാളെ വാർഡിലേക്കും മറ്റൊരാളെ ഐ.സി.യു.വിലേക്കും മാറ്റി.

എറണാകുളം മെഡിക്കൽ കോളേജിൽ കഴിഞ്ഞദിവസം പരിശോധിച്ച അഞ്ച് സാമ്പിളുകളിലും നിപ കണ്ടെത്തിയിട്ടില്ല. 10 സാമ്പിളുകൾകൂടി പരിശോധിക്കുന്നുണ്ട്. രോഗിയുമായി അടുത്തിടപഴകിയതായി കണ്ടെത്തിയിരിക്കുന്നത് 329 പേരെയാണ്. ഇതിൽ 52 പേർ അതിജാഗ്രതാ നിരീക്ഷണത്തിലാണ്.

നിപയുടെ ഉറവിടം കണ്ടെത്തുന്നതിനായി വവ്വാലുകളിൽ പരിശോധന തുടരുകയാണ്. ആലുവ പാലസിൽ 45 വവ്വാലുകളിൽനിന്ന് സാമ്പിളുകൾ ശേഖരിച്ചു. ബുധനാഴ്ച പറവൂർ മേഖലയിൽ സാമ്പിളുകൾ ശേഖരിക്കും.

Content Highlights: Nipah Virus; Patient's Condition Improves