കൊച്ചി: പനി ബാധിച്ച് കൊച്ചിയിലെ ആസ്പത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽനിന്ന് ഇതുസംബന്ധിച്ച സ്ഥിരീകരണം ലഭിച്ചിട്ടില്ല. മുൻകരുതലെന്ന നിലയിലാണ് പ്രതിരോധപ്രവർത്തനങ്ങൾ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. കളമശ്ശേരിയിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ ആരോഗ്യവകുപ്പ് അധികൃതരുമായുള്ള അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അവർ.

രോഗിയുമായി അടുത്തിടപഴകിയവരുൾപ്പെടെ 86 പേർ നിരീക്ഷണത്തിലാണ്. വരും ദിവസങ്ങളിലും ജാഗ്രത തുടരും. എന്നാൽ, ഭയപ്പെടേണ്ട സാഹചര്യമില്ല. ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ നിപയോട് സാദൃശ്യമുള്ള വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് മണിപ്പാലിലേക്കും അവിടെനിന്ന് പുണെയിലേക്കും അയച്ചത്.

പനി ബാധിച്ച യുവാവ് എറണാകുളത്തെ ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലാണ്. എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതർ അവിടെ ഒരുക്കിയിട്ടുണ്ട്. സർക്കാർ ആസ്പത്രിയിലേക്ക് മാറ്റേണ്ട സാഹചര്യമില്ല. മറ്റുള്ള രോഗികൾ ഭയപ്പെടേണ്ടതില്ല. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ജില്ലയിലെ ഐസൊലേഷൻ വാർഡ്.

മുൻകരുതലെന്ന നിലയ്ക്ക് എല്ലാ മെഡിക്കൽ കോളേജുകളിലും ഐസൊലേഷൻ വാർഡുകൾ തുറക്കാൻ നിർദേശം നൽകിയിട്ടുണ്ട്. എറണാകുളത്തിനോട് ചേർന്നുള്ള ജില്ലകളിലും ഐസൊലേഷൻ വാർഡ് സൗകര്യമുണ്ടാകും. കോഴിക്കോട് നിപ ബാധയുണ്ടായ സമയത്തെ അനുഭവങ്ങൾ മുൻനിർത്തിയാണ് കരുതൽ നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട്ടു നിന്നുള്ള വിദഗ്ധസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്.

ചികിത്സയ്ക്ക് മരുന്നുൾപ്പെടെയുള്ളവ ലഭ്യമാണ്. നിപ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുപയോഗിച്ച റിബാവിറിൻ എന്ന ഗുളികകൾ ആരോഗ്യവകുപ്പിന്റെ കൈവശമുണ്ട്. ഇത് ചികിത്സയിലുള്ള യുവാവിന്‌ നൽകുന്നുണ്ട്. മുമ്പ്‌ നിപ ബാധയുണ്ടായ സമയത്ത് ഓസ്‌ട്രേലിയയിൽ നിന്ന് മരുന്നെത്തിച്ചിരുന്നു. അന്നുകൊണ്ടുവന്ന ഹ്യൂമൻ മോണോ ക്ലോണൽ ആന്റിബോഡി ഇപ്പോൾ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലുണ്ട്. അത്യാവശ്യം വന്നാൽ അതു കേരളത്തിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

അവലോകനയോഗത്തിൽ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ തുടങ്ങിയവരും ജനപ്രതിനിധികളും പങ്കെടുത്തു.

നടപടികൾ ഇങ്ങനെ

* നിപ സംശയത്തെത്തുടർന്ന് നിരീക്ഷണത്തിലുള്ള യുവാവിന്റെ മുൻ യാത്രകൾ പരിശോധിക്കും. ഏതെല്ലാം സ്ഥലങ്ങളിൽ യാത്രചെയ്തു, ആരുമായെല്ലാം ഇടപഴകി എന്നെല്ലാം പരിശോധിക്കുന്നുണ്ട്. അടുത്തിടപഴകിയവരുമായി ബന്ധപ്പെട്ട് വരുംദിവസങ്ങളിലെല്ലാം തുടർ പരിശോധനകളുണ്ടാകും.

* യുവാവുമായി അടുത്തിടപഴകിയവരുൾപ്പെടെ നിരീക്ഷണത്തിലാണ്. ഇവരിൽ രോഗലക്ഷണം കണ്ടാൽ ആശുപത്രിയിലെത്തിക്കും. പനി പോലെയുള്ള സാധാരണ ലക്ഷണങ്ങളാണെങ്കിൽ പ്രത്യേകവാർഡിലും കൂടുതൽ ലക്ഷണങ്ങൾ കണ്ടാൽ ഐസൊലേഷൻ വാർഡിലും പ്രവേശിപ്പിക്കും.

* യുവാവ് യാത്ര ചെയ്തതായി സംശയിക്കുന്ന ജില്ലകളിൽ നിരീക്ഷണം കർശനമാക്കി.

* കളമശ്ശേരി സർക്കാർ മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സൗകര്യമുള്ള ഐസൊലേഷൻ വാർഡാണ് തുറന്നത്. 10 കിടക്കകളുണ്ട്. പ്രത്യേകമായി ആംബുലൻസും ഒരുക്കി.

* ജില്ലയിൽ മറ്റേതെങ്കിലും ആശുപത്രികളിൽ ഇത്തരം സംഭവങ്ങൾ കണ്ടെത്തിയാൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്.

* ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തും. നിപയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെല്ലാം വിശദീകരിക്കും.

* 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. പൊതുജനങ്ങൾക്കുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് സൗകര്യമുണ്ടാകും. അതത് സമയത്ത് വിവരങ്ങൾ നൽകും.

* ഡോക്ടർമാരുൾപ്പെടെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി. ആവശ്യമെങ്കിൽ കൂടുതൽ ജീവനക്കാരെ ലഭ്യമാക്കും.

ഭീതി പരത്തിയാൽ കർശന നടപടി

പൊതുജനങ്ങളിൽ ഭീതിയുണ്ടാക്കുന്ന തരത്തിലുള്ള സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ നിരീക്ഷിക്കാൻ സൈബർ സെല്ലിന് നിർദേശം നൽകിയിട്ടുണ്ട്. തമാശപറയേണ്ട സാഹചര്യമല്ലിത്. മുമ്പ്‌ നിപയുണ്ടായ സമയത്ത് സത്യമല്ലാത്ത വാർത്തകൾ പ്രചരിപ്പിച്ച 25 പേർക്കെതിരേ കേസെടുത്തിരുന്നു. 10 പേരെ അറസ്റ്റുചെയ്തുവെന്നും മന്ത്രി പറഞ്ഞു.

content highlights: nipah virus outbreak not yet confirmed in kerala