കാക്കനാട്: നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. കളമശ്ശേരി മെഡിക്കൽ കോളേജിൽനിന്ന് രണ്ട് പേരെ കൂടി വ്യാഴാഴ്ച ഡിസ്ചാർജ് ചെയ്തു. ഇനി നാലുപേരാണ് മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലുള്ളത്. ഇവരുടെ പരിശോധനാ ഫലം നെഗറ്റീവാണെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ. സഫീറുള്ള പത്രസമ്മേളനത്തിൽ അറിയിച്ചു.

മെഡിക്കൽ കോളേജിലുള്ള ഒരു രോഗിയുടെ രണ്ടാം ഘട്ട സാമ്പിൾ പരിശോധനയ്ക്ക് ശേഖരിച്ചു. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽനിന്നുള്ള ഒരു രോഗിയുടെ കൂടി സാമ്പിൾ പരിശോധനയ്ക്ക് ലഭിച്ചിട്ടുണ്ട്. ജില്ലയിൽ മേയ് മാസത്തിൽ സംഭവിച്ച 1,798 മരണങ്ങളുടെ രേഖകൾ പൂർണമായും പരിശോധിച്ചു. നിപ സംശയിക്കത്തക്ക മരണങ്ങളൊന്നും കണ്ടെത്തിയില്ല.

വ്യാഴാഴ്ച നാലായിരം പേർക്ക് നിപ രോഗ പ്രതിരോധ പരിശീലനം നൽകി. ഇതേവരെ 30,198 പേർക്കാണ് പരിശീലനം നൽകിയത്. രോഗിയുമായി സമ്പർക്കത്തിലുണ്ടായിരുന്നതിനെത്തുടർന്ന് നിരീക്ഷണ പട്ടികയിലുണ്ടായിരുന്നവരിൽ 47 പേരെ നിരീക്ഷണ കാലയളവായ 21 ദിവസം പൂർത്തിയാക്കിയതിനെത്തുടർന്ന് ഒഴിവാക്കി.

ഇപ്പോൾ നിരീക്ഷണത്തിലുള്ളത് 283 പേരാണ്. ഇതിൽ 52 പേർ ഹൈ റിസ്ക് വിഭാഗത്തിലും 231 പേർ ലോ റിസ്ക് വിഭാഗത്തിലും തുടരുന്നു. 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാകുന്ന മുറയ്ക്ക് ഓരോരുത്തരെയും പട്ടികയിൽനിന്ന് ഒഴിവാക്കും. നിരീക്ഷണ പട്ടികയിലെ അവസാനത്തെ ആളിനും രോഗലക്ഷണം ഇല്ലെന്ന് സ്ഥിരീകരിച്ച ശേഷം സ്ഥിതിഗതികൾ വിലയിരുത്തി സർക്കാർ പ്രഖ്യാപനം നടത്തും. നിപ ചികിൽസ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ 11 ദിവസമായി നടന്നുവന്നിരുന്ന കോർ കമ്മിറ്റി കോ-ഓർഡിനേഷൻ മീറ്റിങ്‌ വ്യാഴാഴ്ചയോടെ അവസാനിപ്പിച്ചു.

Content Highlights: Nipah Virus Kerala, Two Patients Discharged