തിരുവനന്തപുരം: നിപയുടെ കാര്യത്തിൽ നടക്കുന്ന തെറ്റായ പ്രചാരണങ്ങൾ തടയുമെന്നും ഇതിൽ ആരും പെട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിനൊപ്പം നിപ പ്രതിരോധത്തിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു. രോഗ ഉറവിടവും സമ്പർക്കത്തിലുള്ളവരെയും കണ്ടെത്താൻ ഊർജിതശ്രമമാണ് നടക്കുന്നത്. വയനാട് ജില്ലയിലെ നാലും മലപ്പുറത്തെ എട്ടും കണ്ണൂരിലെ മൂന്നും എറണാകുളം, പാലക്കാട്, കൊല്ലം ജില്ലകളിലെ ഓരോരുത്തർ വീതവുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്‌.

കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ളവരെ കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്. ഇവർക്കുവേണ്ട ചികിത്സയും പരിചരണവും നൽകുന്നുണ്ട്. ആർക്കും ഗുരുതരമായ രോഗലക്ഷണങ്ങളില്ല.

ബോധവത്കരണം ഊർജിതമാക്കി. നിപ സ്ഥിരീകരിച്ച പ്രദേശത്ത് പരിശീലനം നേടിയവർ ഗൃഹസന്ദർശനം നടത്തി വിവരങ്ങൾ ശേഖരിക്കും. 25 വീടുകൾക്ക് ഒരു സംഘം എന്നരീതിയിലാണ് ക്രമീകരിച്ചത്. സ്റ്റേറ്റ് നിപ കൺട്രോൾ സെൽ വഴി ജില്ലകളിലെ പ്രതിരോധം ശക്തമാക്കാനും ഏകോപിപ്പിക്കാനും സാധിക്കും. കൂടാതെ മാർഗനിർദേശവും പരിശീലനവും നൽകും. രോഗംസംബന്ധിച്ച എല്ലാ വിവരങ്ങളും അറിയുന്നതിനും കൈമാറുന്നതിനും ഇ ഹെൽത്ത് സോഫ്റ്റ്‌വേർ ഏർപ്പെടുത്തി. മന്ത്രിമാരായ വീണാ ജോർജ്, എ.കെ. ശശീന്ദ്രൻ, പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതായും അദ്ദേഹം അറിയിച്ചു.

കോവിഡിൽ കാര്യമായ വർധനയില്ല

കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ചയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ കാര്യമായി വർധനയില്ലെന്ന് മുഖ്യമന്ത്രി. ദശാംശം ആറുശതമാനം മാത്രമാണ് ഈയാഴ്ചത്തെ വർധന. ഓഗസ്റ്റ് 24 മുതൽ 30 വരെയുള്ള ആഴ്ചയിൽ 18.49 ആയിരുന്നു രോഗസ്ഥിരീകരണനിരക്ക്. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ ആറുവരെയുള്ള ആഴ്ചയിൽ 17.91 ആയി കുറഞ്ഞു. കൂടുതൽ ജാഗ്രത തുടർന്നാൽ രോഗികളുടെ എണ്ണം കുറയ്ക്കാൻ സാധിക്കും.