കോഴിക്കോട്: നിപ വൈറസ് ബാധയെക്കുറിച്ചുള്ള ഉത്കണ്ഠ കൂട്ടി കോഴിക്കോട് ഒരുമരണം കൂടി. നരിപ്പറ്റ പഞ്ചായത്തിലെ കൈവേലി പടിഞ്ഞാറെ കുന്നില്‍ പാറക്കെട്ടില്‍ കല്യാണി(80)യാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച മരിച്ചത്. ഇതോടെ നിപ വൈറസ് ബാധ സ്ഥിരീകരിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒമ്പതുപേര്‍ കോഴിക്കോട്ടും മൂന്നുപേര്‍ മലപ്പുറത്തും. ഇതുമായി ബന്ധപ്പെട്ട് മരിച്ച പേരാമ്പ്ര ചങ്ങരോത്തെ സാബിത്തിനെക്കൂടി കൂട്ടുമ്പോള്‍ മരണസംഖ്യ 13 ആകും. സാബിത്തിന്റെ സാമ്പിള്‍ അയച്ചിട്ടില്ലാത്തതിനാല്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

വിവിധ ആശുപത്രികളില്‍നിന്ന് അയച്ച സാമ്പിളുകളില്‍ 77 എണ്ണത്തിന്റെ പരിശോധനാഫലമാണ് ഇതുവരെ ലഭിച്ചത്. ഇതില്‍ 15 പേര്‍ക്കാണ് നിപ സ്ഥിരീകരിച്ചത്. അതില്‍ 12 പേര്‍ മരിച്ചു. ഒരു മരണംകൂടി ഉണ്ടായതോടെ, മുന്‍കരുതലെന്ന നിലയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂടുതല്‍ രോഗികളും കൂട്ടിരിപ്പുകാരും എത്തുന്ന സാഹചര്യം ഒഴിവാക്കാന്‍ നടപടി തുടങ്ങി.

അമിതമായി മരുന്ന് ഉള്ളില്‍ച്ചെന്നനിലയില്‍ മേയ് 16-നാണ് കല്യാണിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. കല്യാണി ആശുപത്രിയിലുള്ള ദിവസങ്ങളില്‍ നിപ ബാധിതരായി മരിച്ച മലപ്പുറം സ്വദേശികള്‍ അവിടെയുണ്ടായിരുന്നു. അവിടെനിന്നാണ് ഇവര്‍ക്ക് രോഗബാധയുണ്ടായതെന്നാണ് കരുതുന്നതെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത പറഞ്ഞു.

ശനിയാഴ്ചയാണ് കല്യാണിക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഡെങ്കിപ്പനി ബാധിച്ച് മരിച്ച മലപ്പുറം ചെറുവായൂരിലെ ശരത്തിന്റെ മൃതദേഹവും ഇതേ ശ്മശാനത്തിലാണ് സംസ്‌കരിച്ചത്.

കോഴിക്കോട് ജില്ലയില്‍ 11, മലപ്പുറത്ത് നാല് എന്നിങ്ങനെയാണ് ഇതുവരെ നിപ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടുപേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുണ്ട്. വൈറസ് ബാധ സംശയിച്ച് ആശുപത്രിയിലുള്ളവരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. 12 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. അവരെല്ലാം കോഴിക്കോട് ജില്ലയിലാണ്.

വെള്ളിയാഴ്ച എട്ടു ജില്ലകളിലായി 26 പേരാണ് വൈറസ് ബാധ സംശയിച്ച് ആശുപത്രികളിലുണ്ടായിരുന്നത്. കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ സംശയത്തില്‍ ചികിത്സയിലുണ്ടായിരുന്നവര്‍ ആശുപത്രി വിട്ടിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളവരില്‍ 10 പേര്‍ കോഴിക്കോട് ജില്ലക്കാരും രണ്ടുപേര്‍ മലപ്പുറം ജില്ലക്കാരുമാണ്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതില്‍ നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്‍. രാജേന്ദ്രന്‍ പറഞ്ഞു. പരമാവധി രോഗികളെ മെഡിക്കല്‍ കോളേജിലേക്ക് വിടാതെ താഴെത്തട്ടിലുള്ള ആശുപത്രികളില്‍ത്തന്നെ ചികിത്സിക്കണമെന്ന അഭ്യര്‍ഥനയാണുള്ളതെന്ന് മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ വിശദീകരിച്ചു. ഒരു രോഗിക്കും ചികിത്സ നിഷേധിക്കുന്ന സാഹചര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

പരേതനായ പാറക്കെട്ടില്‍ കടുങ്ങാന്റെ ഭാര്യയാണ് കല്യാണി. മക്കള്‍: മാതു, ദേവി, ചന്ദ്രി, നാണു, രാജന്‍. മരുമക്കള്‍: കണ്ണന്‍, കുമാരന്‍, പവിത്രന്‍, കമല, മോളി.