കോഴിക്കോട്: നിപ വൈറസിനെ തുരത്താൻ ജീവൻ പണയംവെച്ചു പോരാടിയവർക്ക് മാതൃഭൂമിയുടെ ആദരം. ചെറുത്തുനിൽപ്പിന് മുൻകാല മാതൃകയൊന്നുമില്ലാത്ത രോഗം പൊടുന്നനെ പിടിമുറുക്കിയപ്പോൾ പകച്ചുനിൽക്കാതെ നേരിട്ടവരുടെ ത്യാഗപൂർണവും സമർപ്പിതവുമായ സേവനം മാനിക്കപ്പെടണമെന്ന ബോധ്യത്തിൽനിന്നാണ് മാതൃഭൂമിയുടെ ഈ തീരുമാനം. 

മന്ത്രിമാർ മുതൽ ശ്മശാനം തൊഴിലാളികൾ വരെയുള്ളവർ ഈ യുദ്ധത്തിൽ ഒരേ മനസ്സോടെ നിന്നു. അവരുടെ അത്യധ്വാനമാണ് നിപയെ തുരത്താൻ സഹായിച്ചത്. 1896-ൽ ബെംഗളൂരു നഗരത്തെ പ്ലേഗ് വിറപ്പിച്ചപ്പോൾ സ്വന്തം മരണപത്രം മുൻകൂട്ടി തയ്യാറാക്കിവെച്ച് രോഗികളെ പരിചരിക്കാനിറങ്ങിപ്പുറപ്പെട്ട ഡോ. പല്പുവിന്റെ മഹിതമാതൃകയാണ് ഡോക്ടർമാരും നഴ്‌സുമാരും ശുചീകരണത്തൊഴിലാളികളും ഉൾപ്പെടെ ഈ കണ്ണിയിൽ പങ്കാളികളായ ഓരോരുത്തരും പിൻതുടർന്നത്.

രണ്ടാമത്തെ രോഗിയിൽ തന്നെ നിപ സ്ഥിരീകരിക്കാൻ കഴിഞ്ഞത് ഡോക്ടർമാരുടെ ജാഗ്രതയുടെയും വൈദഗ്ധ്യത്തിന്റെയും തെളിവാകുന്നു. ആദ്യ ഉറവിടത്തിനപ്പുറത്തേക്ക് വൈറസ് ബാധിക്കാതിരുന്നത്  ഒറ്റക്കെട്ടായും ഏകോപനത്തോടെയുമുള്ള പ്രയത്നത്തിന്റെ ഗുണഫലമാണ്. രണ്ടുപേരെ സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിക്കാനായതിന് കേരളം കടപ്പെട്ടിരിക്കുന്നത് ഈ പോരാളികളോടാണ്. 

വികസിതരാജ്യങ്ങൾക്ക് സാധ്യമാകുന്നതിലും വേഗത്തിൽ നിപയെ തുരത്താൻ കഴിഞ്ഞതിനുപിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ ഒരേ വേദിയിൽ ആദരിക്കുന്ന ചടങ്ങാണ് മാതൃഭൂമി ഒരുക്കുന്നത്. മന്ത്രിമാരും വകുപ്പു മേധാവികളും കളക്ടറും ഉൾപ്പെടെ ഭരണത്തലപ്പത്തുള്ളവർ, രോഗപ്രതിരോധത്തിനും പ്രഭവകേന്ദ്രം കണ്ടെത്താനും ചികിത്സാ മാർഗനിർദേശത്തിനും നേതൃത്വം നൽകിയ വിദഗ്ധർ, ഡോക്ടർമാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ആംബുലൻസ് ഡ്രൈവർമാർ, സന്നദ്ധപ്രവർത്തകർ... അങ്ങനെ എല്ലാ തലങ്ങളിലുമുള്ളവർക്കാണ് ആദരവേകുന്നത്. നിപ ഭീതി പൂർണമായും ഒഴിഞ്ഞെന്ന് ആരോഗ്യവകുപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചശേഷമാണ് ഈ ജനകീയ ആദരിക്കൽ ചടങ്ങ് നടത്തുക.

ആരോഗ്യപ്രവർത്തന മികവിന് ലക്ഷംരൂപയുടെ പുരസ്കാരം

ആരോഗ്യപ്രവർത്തനത്തിലെ മികവ് കാട്ടുന്ന വ്യക്തിക്ക് വർഷംതോറും മാതൃഭൂമി ഒരുലക്ഷം രൂപയുടെ പുരസ്കാരം നൽകും. ആദ്യപുരസ്കാരം നിപ രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മരണാനന്തര ബഹുമതിയായി നൽകും.