കൊച്ചി: നിപ സ്ഥിരീകരണം വന്നിട്ടും പറവൂരും പരിസരപ്രദേശങ്ങളും ശാന്തമാണ്. നിപ സ്ഥിരീകരിച്ച വിദ്യാർഥിയുടെ നാട്ടിലെ കവലയിലെ കടകൾ ചൊവ്വാഴ്ച പതിവുപോലെ തുറന്നു. നിപ എന്ന മഹാരോഗത്തിന്റെ തീവ്രതയൊക്കെ ഇവിടുത്തുകാർക്കറിയാം. ഭീതിയോടെയല്ല, രോഗത്തെ പോരാടി തോൽപ്പിക്കാൻ തന്നെയാണ് അവരുടെ തീരുമാനം.

യുവാവിന് പനിയാണെന്ന വിവരം അയൽക്കാർക്ക് അറിയാമായിരുന്നു. എന്നാൽ, നിപ ആണെന്ന സ്ഥിരീകരണം വന്നത് ചൊവ്വാഴ്ച രാവിലെയാണ്. വിവരം പുറത്തറിഞ്ഞതു മുതൽ കവലകളിൽ ചെറിയ ആൾക്കൂട്ടമായി. പിന്നെ ചർച്ചയെല്ലാം നിപയെന്ന ഒറ്റപ്പേരുമാത്രം. രോഗത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്തിയിട്ടില്ലാത്തതിനാൽ അവസ്ഥയുടെ ഗൗരവത്തെക്കുറിച്ച് നാട്ടുകാർക്ക് ബോധ്യപ്പെട്ടുതുടങ്ങി.

ഒരുമിച്ച് കളിച്ച പതിനെട്ടുപേർ നീരീക്ഷണത്തിൽ

തൃശ്ശൂരിലേക്ക് പോകുന്നതിനു മുമ്പ് വീടിന് തൊട്ടുമുന്നിലുള്ള സ്ഥലത്ത് ഫുട്ബാൾ കളിക്കുന്ന കുട്ടികളോടൊപ്പം ഈ യുവാവും കൂടിയിരുന്നു. പനിബാധിച്ച് തിരിച്ചു വീട്ടിലെത്തിയപ്പോൾ ഇവരിൽ പലരും കാണാനെത്തി. ചിലർ ആശുപത്രിയിൽ കാണാനെത്തുകയും കൂട്ടിരിക്കുകയും ചെയ്തിരുന്നു. ഇവരാണ് നിരീക്ഷണത്തിലുള്ളത്. നാട്ടിൽത്തന്നെയുള്ള ഒരു വീട്ടിൽ ഇവരെ ഒരുമിച്ച് താമസിപ്പിച്ചിരിക്കുകയാണ്. 21 ദിവസം ഇവർ നീരീക്ഷണത്തിൽ തുടരും. രക്ത സാന്പിളുകൾ അടുത്ത ദിവസം ശേഖരിക്കും.

നിലവിൽ ആർക്കും പനിയുടെ ലക്ഷണങ്ങളില്ല

നിപ സ്ഥിരീകരിച്ച യുവാവിന്റെ വീടിനുപരിസരത്തായുള്ള എഴുവീടുകളിലുള്ളവരും നീരീക്ഷണത്തിലാണ്. കുട്ടികളെയും കിടപ്പുരോഗികളെയും ഗർഭിണികളെയും പ്രദേശത്തുനിന്ന് മാറ്റിപ്പാർപ്പിച്ചു. പക്ഷേ, മറ്റുള്ളവർ മാറിത്താമസിക്കാൻ നിർദേശങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് ഇവർ പറയുന്നു.

ബോധവത്കരണ യോഗം

വടക്കേക്കരയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ എഴിക്കരയിൽ ആരോഗ്യവകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. ഏഴിക്കര സാമൂഹികാരോഗ്യകേന്ദ്രത്തിനു കീഴിൽ വരുന്ന അഞ്ച്‌ പഞ്ചായത്തുകളുടെ പ്രതിനിധികൾ പങ്കെടുത്തു. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. ശ്രീജയുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിൽ നേരിട്ടെത്തി ബോധവത്കരണം നടത്തുന്നുണ്ട്.

പടരുന്നത് വ്യാജപ്രചാരണം

രോഗത്തിന്റെ ഭീതിയെക്കാൾ നാട്ടുകാരെ വലയ്ക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. നിലവിൽ ആശങ്കപ്പെടാനുള്ള ഒരു സാഹചര്യവും ഇല്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. എന്നാൽ സാമൂഹിക മാധ്യമങ്ങളിലടക്കം അതിശയോക്തി കലർത്തിയുള്ള കഥകളാണ് പുറത്തുവരുന്നത്. ഇതറിഞ്ഞ് അകലെയുള്ള പല ബന്ധുക്കളും വിളിച്ച് ആശങ്കപ്പെടുന്നു. വീടുവിട്ട് പോരാൻ ആവശ്യപ്പെട്ട് ബന്ധുക്കൾ വിളിക്കുന്നുവെന്ന് ഇവിടത്തുകാർ പറയുന്നു.