കൊച്ചി: നിപ ബാധിച്ച് 53 ദിവസമായി കൊച്ചി ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന യുവാവ് പൂർണആരോഗ്യത്തോടെ വീട്ടിലേക്കുമടങ്ങി. പൂർണമായും രോഗവിമുക്തനായാണ് 23- കാരൻ മടങ്ങുന്നതെന്ന് ചികിത്സയ്ക്ക് നേതൃത്വം നൽകിയ ഡോ. ബോബി വർക്കിയും ഡോ. അനൂപ് ആർ.വാരിയരും പറഞ്ഞു.

യുവാവിനെ ഡിസ്ചാർജ് ചെയ്യുന്ന ചടങ്ങിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയും പങ്കെടുത്തു. എറണാകുളത്തെ നിപ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി ചടങ്ങിൽ പ്രഖ്യാപിച്ചു. ചികിത്സാരംഗത്ത് സർക്കാർ-സ്വകാര്യ മേഖലകൾ കൈകോർത്തുപിടിച്ചതിന്റെ വിജയമുഹൂർത്തമാണിതെന്ന് മന്ത്രി പറഞ്ഞു.

ബയോ സേഫ്റ്റി ലെവൽ (3) ലാബുകൾ ആരംഭിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ഊർജിതമാക്കിയതായി മന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ ലാബ് ഉടൻ പ്രവർത്തനമാരംഭിക്കും. കോഴിക്കോട് ലാബ് ആരംഭിക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയിട്ടുണ്ട്. ആലപ്പുഴയിലെ ലാബ് കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

ഡോക്ടർമാർക്കും നഴ്സുമാർക്കും പുരസ്കാരം

നിപ ബാധിച്ച യുവാവിനെ ചികിത്സിച്ച ഡോക്ടർമാർക്കും നഴ്‌സുമാർക്കും മറ്റു ജീവനക്കാർക്കും ആരോഗ്യമന്ത്രി ഉപഹാരങ്ങൾ കൈമാറി. നിപയ്‌ക്കെതിരേ പ്രതിരോധപ്രവർത്തനം നടത്തിയവരുടെ സംഗമം ഓഗസ്റ്റ് നാലിന് കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഘടിപ്പിക്കും.

കേരളത്തിൽ സ്ഥാപിക്കുന്ന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന് പരിശോധനാ ഉപകരണങ്ങൾ വാങ്ങാൻ 50 ലക്ഷം രൂപ നൽകുമെന്ന് ചടങ്ങിൽ പങ്കെടുത്ത ആസ്റ്റർ മെഡിസിറ്റി ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്റ്റർ മെഡിസിറ്റി തയ്യാറാക്കിയ നിപ സമഗ്ര മെഡിക്കൽ ബുള്ളറ്റിൻ മന്ത്രി കെ.കെ. ശൈലജയ്ക്കു നൽകി അദ്ദേഹം പ്രകാശനം ചെയ്തു.

കളക്ടർ എസ്. സുഹാസ്, ആസ്റ്റർ മെഡിസിറ്റി ഇന്ത്യ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ഹരീഷ് പിള്ള, കൊച്ചി സി.ഇ.ഒ. കമാൻഡർ ജെയ്‌സൺ എ. കവലക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

content highlights: Nipah patient to be discharged from Kochi hospital