: രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം മൂന്നാംതവണ കേരളത്തിലെത്തുന്ന (2018-കോഴിക്കോട്, 2019-കൊച്ചി) നിപ വൈറസ് രോഗബാധയ്ക്ക് മരണ നിരക്ക് കൂടുതലാണെങ്കിലും രോഗവ്യാപനം താരതമ്യേന കുറവാണ്. പ്രത്യേകിച്ച് കോവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആബാലവൃദ്ധം ജനങ്ങളും മാസ്ക് ധാരിക്കുന്നതും സാനിറ്റൈസറുപയോഗിച്ച് ഇടയ്ക്കിടെ കൈകൾ അണുവിമുക്തമാക്കുന്നതും നിപ വൈറസിന്റെ വ്യാപനത്തെ ചെറുക്കുമെന്നാണ് വിദഗ്ധാഭിപ്രായം.

രോഗലക്ഷണങ്ങൾ

പനി, തലവേദന, തലകറക്കം, ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ഛർദി, ക്ഷീണം, കാഴ്ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് നാലു മുതൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചിലപ്പോൾ 21 ദിവസംവരെയാകാം. രോഗലക്ഷണങ്ങൾ ആരംഭിച്ച ഒന്നുരണ്ടു ദിവസങ്ങൾക്കകംതന്നെ അബോധാവസ്ഥയിൽ (കോമ) അവസ്ഥയിലെത്താൻ സാധ്യതയുണ്ട്. തലച്ചോറിലെ എൻസഫൽ എന്ന ഭാഗത്തെയും ശ്വാസകോശത്തെയും ബാധിച്ചേക്കാം.

രോഗം പകരാതിരിക്കാൻ

* മാസ്ക് ധരിക്കുക. പരമാവധി ഗുണമേന്മയേറിയ എൻ-95 മാസ്ക് തന്നെ.

* സാമൂഹിക അകലംപാലിക്കുക. ആൾക്കൂട്ടങ്ങൾ കഴിവതും ഒഴിവാക്കുക.

* ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡെടുത്ത് കഴുകുക. ആൾക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കുക.

* രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തുനിന്ന്‌ അകലംപാലിക്കുകയും ചെയ്യുക.

* രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

* രോഗം ഉണ്ടെന്നു സംശയിക്കുന്ന രോഗിയെ പ്രവേശിപ്പിച്ചാൽ ഉടൻ ആരോഗ്യവകുപ്പിനെ അറിയിക്കണം. ∙

രോഗസ്ഥിരീകരണം

തൊണ്ടയിൽനിന്നും മൂക്കിൽനിന്നുമുള്ള സ്രവം, രക്തം, മൂത്രം, നട്ടെല്ലിൽനിന്ന് കുത്തിയെടുക്കുന്ന സ്പൈനൽ ഫ്ളൂയിഡ് എന്നിവയിൽ നിന്നുമെടുക്കുന്ന സാംപിളുകളുടെ ആർ.ടി.പി.സി.ആർ. പരിശോധന വഴി രോഗം സ്ഥിരീകരിക്കാം.

നിപ വൈറസ് ബാധ:

വൈറസ് ബാധയുള്ള വവ്വാലുകളിൽനിന്നോ പന്നികളിൽനിന്നോ മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ള നിപ വൈറസ് പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽനിന്ന്‌ മൃഗങ്ങളിലേക്കും മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കും പകരാം. അസുഖബാധയുള്ളവരെ പരിചരിക്കുന്നവരിലേക്കും രോഗം പകരാം. അതിനാൽ ആശുപത്രി ജീവനക്കാരും ശ്രദ്ധിക്കണം.

രോഗംവന്നു മരണമടഞ്ഞ ആളിൽനിന്നും രോഗം പടരാതിരിക്കാൻ

*മൃതദേഹം കൊണ്ടുപോകുന്ന സമയത്ത് മുഖവുമായും ശാരീരികസ്രവങ്ങളുമായും സമ്പർക്കം ഉണ്ടാകാതിരിക്കാൻ ശ്രമിക്കുക

*അന്ത്യചുംബനം അർപ്പിക്കുക, കവിളിൽ തൊടുക എന്നിവ ഒഴിവാക്കുക

*മൃതദേഹം കുളിപ്പിക്കുന്ന സമയത്ത് മുഖം മറയ്ക്കുക

*മൃതദേഹം കുളിപ്പിച്ചതിനുശേഷം കുളിപ്പിച്ച വ്യക്തികൾ ദേഹം മുഴുവൻ സോപ്പ് തേച്ചുകുളിക്കുക

*മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാത്രങ്ങൾ തുടങ്ങിയ വീണ്ടും ഉപയോഗിക്കാവുന്ന സാധനങ്ങൾ സോപ്പോ ഡിറ്റർജന്റോ ഉപയോഗിച്ച് കഴുകുക

*മരണാനന്തര ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരമാവധി ചുരുക്കുക

എന്ത് കഴിക്കാം, എങ്ങനെ കഴിക്കാം

പഴങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിമാത്രം ഉപയോഗിക്കുക. പക്ഷികളോ മൃഗങ്ങളോ കടിച്ചവ പൂർണമായും ഒഴിവാക്കുക. ജലസ്രോതസ്സുകളിൽ വവ്വാലുകളുടെ ശരീരസ്രവമോ കാഷ്ഠമോ വീഴാതിരിക്കാൻ സൂക്ഷിക്കണം. കിണറുകൾക്കും ടാങ്കുകൾക്കും വലകളും മറ്റും ഭദ്രമായി സ്ഥാപിക്കുക. മാംസങ്ങൾ നല്ലവണ്ണം വേവിച്ച് കഴിക്കുക. വേവിച്ച് കഴിക്കുന്ന മാംസങ്ങളിൽ വൈറസിന് അതിജീവിക്കാൻ സാധിക്കില്ല. കട്ടിയുള്ള തോടുള്ള പഴങ്ങൾ സാധാരണയായി കൂടുതൽ സുരക്ഷിതമാണ്. ഇത് പക്ഷികൾക്ക് കൊത്താനാകില്ല.

രോഗി ഏറ്റവും ഗുരുതരാവസ്ഥ പ്രാപിച്ച ഘട്ടത്തിൽ മതിയായ സുരക്ഷാ മുൻകരുതലുകൾ ഇല്ലാതെ ഏറ്റവും അടുത്ത് ഇടപഴകുന്നവരിലേക്കുമാത്രമാണ് നിപ ഒരു രോഗിയിൽനിന്ന് മറ്റൊരാളിലേക്കു പകരുക.

രോഗസംക്രമണ ശേഷി തീരെ കുറഞ്ഞ, റിപ്രൊഡക്‌ഷൻ നമ്പർ 0.4 മാത്രമായ നിപ വൈറസ് സ്വയം കെട്ടടങ്ങുകയാണ് പതിവ്. അതുവരെ ജാഗ്രത പാലിക്കുകയാണു വേണ്ടത്.

2018-ൽ കേരളത്തിൽ ആകെ 23 കേസുകളും 21 മരണവും ആയപ്പോൾ മരണ നിരക്ക്‌ 92 ശതമാനം ആയിരുന്നു.