തൊടുപുഴ: നിപ ബാധിച്ച് കൊച്ചിയിൽ ചികിത്സയിലുള്ള വിദ്യാർഥി പഠിച്ചിരുന്ന കോളേജിലും താമസിച്ചിരുന്ന വീട്ടിലും നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ വിദഗ്‌ധസംഘം ഉറവിടസാധ്യതാ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ, രോഗത്തിന്റെ ഉറവിടം ഇവിടെനിന്നല്ലെന്ന നിഗമനത്തിലെത്തിയെന്ന് ഡി.എം.ഒ. ഡോ. എൻ. പ്രിയ പറഞ്ഞു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമില്ലെന്ന് പ്രദേശവാസികൾ അറിയിച്ചു.

നിപ സ്ഥിരീകരിച്ചതോടെ, വിദ്യാർഥി താമസിച്ചിരുന്ന വീടിനു സമീപമുള്ളവരും നിരീക്ഷണത്തിലായിരുന്നു. കേന്ദ്രസംഘത്തിന്റെ പരിശോധന കഴിഞ്ഞതോടെ ഇത് നിർത്തി. വിദ്യാർഥിയുടെ വീടും നൈപുണ്യപരിശീലനത്തിനുപോയ സ്ഥലവും പരിശോധിച്ചശേഷം അടുത്തദിവസത്തെ ഉന്നതതല യോഗത്തിൽ വിശദറിപ്പോർട്ട് നൽകും.

വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെ ഡോ. റിജി ജയിൻ (തിരുവനന്തപുരം), ഡോ. സതീഷ് നാഗരാജ് (ഡൽഹി), ഡോ. രഘു (കോഴിക്കോട്), ഇടുക്കി ഡി.എം.ഒ. ഡോ. എൻ. പ്രിയ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. വിദ്യാർഥി താമസിച്ചിരുന്ന വീടിനടുത്ത് വവ്വാലുകളുടെ സാന്നിധ്യമുണ്ടോയെന്നും പരിശോധിച്ചു.

ഏതൊക്കെ പഴങ്ങൾ ഈ മേഖലയിൽ ഉണ്ടാകുന്നു, ഇവയുടെ ഇപ്പോഴത്തെ ലഭ്യത എന്നീ വിവരങ്ങൾ ശേഖരിച്ചു. വിദ്യാർഥികൾ ഭക്ഷണം പാകംചെയ്തിരുന്നോ, സമീപകാലത്ത് ഇവർ ഇവിടെ എത്രദിവസം താമസിച്ചു തുടങ്ങിയ വിവരങ്ങൾ വീട്ടുടമസ്ഥനോട് ചോദിച്ചറിഞ്ഞു. വിദ്യാർഥികൾ കുടിക്കാനുപയോഗിച്ചിരുന്ന വെള്ളം എടുക്കുന്ന കിണറും പരിസരവും വിശദമായി പരിശോധിച്ചു.

content highlights: nipah infection