കൊച്ചി:‘‘ചൊവ്വാഴ്ച ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോവുകയാണ്. ഇപ്പോഴും എന്റെ മകന് അറിയില്ല അവൻ കടന്നുപോയത് ഒരു നിപ കാലത്തിലൂടെയായിരുന്നെന്ന്. വീട്ടിലെത്തിയിട്ടുവേണം പതുക്കെ എല്ലാം പറഞ്ഞു മനസ്സിലാക്കാൻ’’. നിപ ബാധയിൽനിന്ന് മുക്തനായ യുവാവിന്റെ അമ്മയുടെ വാക്കുകളാണിത്. സാധാരണ പനി എന്നുകരുതിയാണ് വീടിനടുത്തുള്ള ക്ലിനിക്കിൽ കാണിച്ചത്. അത് ഇത്രയും വലിയൊരു രോഗമാകുമെന്ന് കരുതിയിരുന്നില്ല.

ചൊവ്വാഴ്ച മകനെ കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽനിന്ന് ഡിസ്ചാർജ്‌ ചെയ്യുമ്പോൾ ഈ അമ്മയുടെ പ്രാർഥനയാണ് സഫലമാകുന്നത്. മേയ് 30-ന് ആസ്റ്ററിൽ പ്രവേശിപ്പിച്ച യുവാവിന് നിപയാണെന്ന് ഡോക്ടർമാർ പറയുമ്പോൾ മകനെ ആരോഗ്യത്തോടെ തിരിച്ചുകിട്ടണമേയെന്നു മാത്രമായിരുന്നു പ്രാർഥന. മറ്റൊരു ആശുപത്രിയിലെ ജീവനക്കാരിയായതിനാൽ നിപ എന്തെന്ന് വ്യക്തമായി അറിയാമായിരുന്നു. ആശുപത്രിയിലെ ജീവനക്കാർതന്ന പിന്തുണ വളരെ വലുതായിരുന്നു. അവരെ എത്ര ഓർത്താലും മതിയാവില്ല.

ചികിത്സ തുടരുന്നതിനിടെ കാണാൻ ചെന്നിരുന്നു. കണ്ടെങ്കിലും അടുത്തനിമിഷം അവൻ അതെല്ലാം മറന്നു. ഇപ്പോൾ കാണാൻ വരുന്നവർ തനിക്കുവേണ്ടി പ്രാർഥിച്ചുവെന്ന് പറയുമ്പോൾ യുവാവിന് അതിശയമാണ്. പനി നിയന്ത്രിക്കാനാവാത്തവിധം കൂടി എന്നുമാത്രമാണ് അവന്റെ ഇപ്പോഴുമുള്ള ധാരണ. ആരോഗ്യം 90 ശതമാനവും തിരിച്ചുകിട്ടിയെങ്കിലും മകന്റെ പുഞ്ചിരി എവിടെയോ മാഞ്ഞിട്ടുണ്ട്. മകന്റെ നിറഞ്ഞ പുഞ്ചിരിയും ചുറുചുറുക്കുമാണ് ഇനി ഞങ്ങൾക്ക് തിരിച്ചുപിടിക്കാനുള്ളത്- നിറകൺചിരിയോടെ ആ അമ്മ പറഞ്ഞു.

content highlights: Nipah eranakulam patient's mother speaks