Nipahതൊടുപുഴ: നിപ വൈറസ് ബാധ സംശയിക്കുന്ന കോളേജ് വിദ്യാർഥി താമസിച്ച വാടകവീട്ടിലും പഠിച്ചിക്കുന്ന കോളേജിലും ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി. വീടും പരിസരങ്ങളും കുടിവെള്ള സ്രോതസ്സും പരിശോധിച്ച സംഘം വീട്ടുടമയിൽ നിന്നും അയൽവാസികളിൽനിന്നും വിവരങ്ങൾ ശേഖരിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നാട്ടുകാരെ ബോധ്യപ്പെടുത്തിയാണ് മെഡിക്കൽസംഘം മടങ്ങിയത്.

താമസിച്ചത് പരീക്ഷാ ദിവസങ്ങളിൽ

രോഗലക്ഷണങ്ങളോടെ കൊച്ചിയിൽ ചികിത്സയിൽ കഴിയുന്ന യുവാവ് തൊടുപുഴയിലെ കോളേജിലാണ് പഠിച്ചതെന്ന് അറിഞ്ഞപ്പോൾത്തന്നെ ജില്ലാമെഡിക്കൽ ഓഫീസർ എൻ. പ്രിയയുടെ നേതൃത്വത്തിലുള്ള മെഡിക്കൽസംഘം രാവിലെ തന്നെ അവിടെയെത്തി. യുവാവിന്റെ സഹപാഠികളുടെ പേരുവിവരങ്ങൾ ശേഖരിച്ചു. അവരിൽ ആർക്കെങ്കിലും പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉണ്ടോയെന്ന് അന്വേഷിച്ചു. വൈകീട്ട് മൂന്നോടെയാണ് ഡെപ്യൂട്ടി ഡി.എം.ഒ. പി.കെ. സുഷമയുടെ നേതൃത്വത്തിലുള്ള സംഘം വിദ്യാർഥികൾ താമസിക്കുന്ന വീട്ടിലെത്തിയത്. വിദ്യാർഥികൾ പാചകത്തിന് വെള്ളമെടുത്തിരുന്ന കിണർ സംഘം പരിശോധിച്ചു.

മറ്റാർക്കും പനിയില്ല

പഠിക്കുന്ന കോളേജിനു സമീപമുള്ള വാടകവീട്ടിൽ ആശുപത്രിയിൽ കഴിയുന്ന വിദ്യാർഥിയെ കൂടാതെ നാല് കൂട്ടുകാരും താമസിച്ചിരുന്നു. എല്ലാവരും മേയ് 12-ന് വീട്ടിലേക്ക് തിരിച്ചു പോയിരുന്നു. തുടർന്ന് 16-ലെ പരീക്ഷ എഴുതാനാണ് തിരികെയെത്തിയത്. പരീക്ഷ കഴിഞ്ഞപ്പോൾ തന്നെ തിരികെ പോയിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. ഇതിനുശേഷം രോഗലക്ഷണം കാണിച്ച വിദ്യാർഥിയുൾപ്പടെയുള്ളവർ മേയ് 20-നാണ് തൃശ്ശൂരിൽ പരിശീലന പരിപാടിക്ക് പോയത്. യുവാവ് ഉൾപ്പടെ പതിനെട്ടുപേർ ഈ പരിപാടിയിൽ പങ്കെടുത്തു.

വിദ്യാർഥിയുടെ കൂടെ താമസിച്ചിരുന്ന മറ്റു നാലു പേരുടെയും ആരോഗ്യസ്ഥിതി അധികൃതർ അന്വേഷിച്ചിരുന്നു. ആർക്കും പനി ലക്ഷണങ്ങളില്ല. ആശുപത്രികളിൽ നിപ അലർട്ട്

ജില്ലയിലെ ആശുപത്രികളിൽ നിപ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോളേജിന്റെയും വീടിന്റെയും സമീപപ്രദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതരുടെ നിരന്തര നിരീക്ഷണത്തിലാണ്.

വടക്കേക്കരയിലും പറവൂരിലും ജാഗ്രതാനിര്‍ദേശം

പറവൂര്‍: വടക്കേക്കര പഞ്ചായത്തിലെ പോളിടെക്നിക് വിദ്യാര്‍ഥിക്ക് നിപബാധ സംശയിക്കുന്ന സാഹചര്യത്തില്‍ പറവൂരിലും വടക്കേക്കരയിലും പരിസരത്തും ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. ജനങ്ങളുടെ ആശങ്കയകറ്റാന്‍ വടക്കേക്കര പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, മൂത്തകുന്നം ഗവ. ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ശോഭ തുടങ്ങിയവര്‍ സംബന്ധിച്ചു.

ചൊവ്വാഴ്ച മുതല്‍ പ്രദേശത്ത് ബോധവത്കരണം നടത്തും. ഡി.എം.ഒ.യുടെ നേതൃത്വത്തില്‍ ഉന്നതതലസംഘം ചൊവ്വാഴ്ച വടക്കേക്കര തുരുത്തിപ്പുറത്തെത്തും. കോഴിക്കോടുനിന്നുള്ള ഡോക്ടര്‍മാരുടെ സംഘവും ഇവരോടൊപ്പം ഉണ്ടാകുമെന്ന് അറിയുന്നു.

വിദ്യാര്‍ഥിയുടെ വീട്ടുകാരുടെയും സുഹൃത്തുകള്‍ അടങ്ങുന്നവരുടെയും രക്തസാമ്പിളുകള്‍ പരിശോധിക്കാന്‍ സാധ്യതയുണ്ട്.

പനി ബാധിച്ചശേഷം വീട്ടിലെത്തിയതിനാല്‍ ബന്ധുക്കളുടെയും ഇടപഴകിയ സുഹൃത്തുക്കളുടെയും രക്തവും ഉമിനീരും മറ്റും ശേഖരിച്ച് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. പ്രദേശത്ത് ആര്‍ക്കും പനിയോ മറ്റുരോഗലക്ഷണങ്ങളോ ഇല്ല. മുന്‍കരുതലായാണ് പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുള്ളതെന്നും പറവൂരില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.

വിദ്യാര്‍ഥി തൃശ്ശൂരിലെത്തിയത് 20-ന്, 26 പേര്‍ നിരീക്ഷണത്തില്‍

തൃശ്ശൂര്‍: നിപബാധിതനെന്ന സംശയത്താല്‍ എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി തൃശ്ശൂരിലെത്തിയത് മേയ് 20-ന്. പഠനത്തിന്റെ ഭാഗമായ ഇന്റേണ്‍ഷിപ്പ് പരിശീലനത്തിനാണ് ഇവിടെയെത്തിയത്. 21 മുതല്‍ ടൗണിലെ ഒരു കോളേജിന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തിലായിരുന്നു പരിശീലനം.

വാടകയ്ക്ക് വീടെടുത്ത് ആറു കൂട്ടുകാര്‍ക്കൊപ്പം മൂന്നു ദിവസം തങ്ങി. പനിയുടെ ലക്ഷണമുണ്ടായിരുന്നു. ഇവിടെവെച്ച് പനി കൂടി. ഇടയ്ക്ക് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയില്‍നിന്ന് മരുന്നുവാങ്ങി. കുറയാത്തതിനാല്‍ മൂന്നാംദിവസം ബന്ധുക്കളെത്തി വടക്കന്‍ പറവൂരിലെ വീട്ടിലേക്കു കൊണ്ടുപോയി. അവിടെ ആശുപത്രിയില്‍ കാണിച്ചിട്ടും കുറയാത്തതിനാല്‍ പിന്നീട് എറണാകുളത്തെ ആശുപത്രിയിലാക്കി.

വിദ്യാര്‍ഥിക്കൊപ്പം ഹോസ്റ്റലില്‍ താമസിച്ചവര്‍, തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. 16 പേരാണ് ക്ലാസിലുണ്ടായിരുന്നത്. ഇവരുടെ മേല്‍വിലാസം അതത് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നല്‍കി. ഇവരെ കണ്ടെത്തി നിരീക്ഷിക്കുന്നുണ്ട്.

ഇവര്‍ക്കുപുറമേ 16 അധ്യാപകരും പനിക്ക് ചികിത്സനടത്തിയ മൂന്ന് ഡോക്ടര്‍മാരും അഞ്ചു ബന്ധുക്കളും നിരീക്ഷണത്തിലാണ്. ഇവരിലാര്‍ക്കും ഇതുവരെ പനിലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല. തൃശ്ശൂരില്‍ മാത്രം 26 പേര്‍ നിരീക്ഷണത്തിലുണ്ട്. മൊത്തം 52 പേരാണ് നിരീക്ഷണത്തിലുള്ളത്.

നിപയുടെ സംശയം രൂക്ഷമായതോടെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക നിരീക്ഷണ-ചികിത്സാ വാര്‍ഡുകള്‍ തുറന്നു. വിദ്യാര്‍ഥിക്ക് രോഗബാധയുണ്ടായത് തൃശ്ശൂരില്‍നിന്നല്ലെന്നും ആശങ്കവേണ്ടെന്നും തൃശ്ശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.ജെ. റീന പറഞ്ഞു.

content highlights: nipah eranakulam