അടിമാലി/ കോട്ടയം: നിപ വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഇടുക്കി സ്വദേശികളായ രണ്ടുപേർ നിരീക്ഷണത്തിൽ. കടുത്തപനിയുമായി കോതമംഗലത്തെ മാർ ബസേലിയോസ് ആശുപത്രിയിലെത്തിയ അടിമാലി സ്വദേശിയായ 85-കാരനെ കൊച്ചിയിലേക്കു മാറ്റി.

ലക്ഷണങ്ങൾ പ്രകാരം നിപ വൈറസ് ബാധ സംശയിക്കുന്നതായി റിപ്പോർട്ട് നൽകിയശേഷം ഇദ്ദേഹത്തെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. താലൂക്ക് ആശുപത്രിയിൽ രോഗനിർണയം നടത്താനുള്ള സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ഇടുക്കി ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

മെനിെഞ്ചെറ്റിസ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയ ഇടുക്കി സ്വദേശിയുടെ ശരീരദ്രവം നിപ പരിശോധനയ്ക്കായി അയച്ചു. പുറമേ എച്ച് വൺ എൻ വൺ പരിശോധനയും നടത്തുന്നുണ്ട്. കരുതൽ എന്ന നിലയിൽ പ്രത്യേക നിരീക്ഷണമുറിയിലേക്ക്‌ രോഗിയെ മാറ്റിയെന്ന് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാർ അറിയിച്ചു.

content highlights:nipah doubt: two idukki natives are under observation