കണ്ണൂർ: അർധരാത്രി വാഹനമിടിച്ച് തലയ്ക്ക് സാരമായ പരിക്കേറ്റ പെരുമ്പാമ്പ് ഒമ്പതുമാസത്തെ ചികിത്സയ്ക്കുശേഷം സുഖംപ്രാപിച്ചു. താടിയെല്ലുകൾ നുറുങ്ങിപ്പോയ പെരുമ്പാമ്പിന് ആറുമണിക്കൂർ നീണ്ട ശസ്ത്രക്രിയനടത്തി. നാലരമാസത്തോളം കഴിഞ്ഞാണ് ഭക്ഷണം കഴിക്കാൻതുടങ്ങിയത്. മുറിവുണങ്ങി. ഇനി വൈകാതെ ’വീട്ടിലേക്ക്’ മടങ്ങും. ഒരുകൂട്ടം പ്രകൃതിസ്നേഹികളുടെ അശ്രാന്തപരിശ്രമമാണിതിന്‌ പിന്നിൽ.

കഴിഞ്ഞ ഒക്ടോബർ 21-ന് പുലർച്ചെ താഴെചൊവ്വയിൽ ലോറി കയറി ചാകാറായി കടയുടെ തൂണിനടുത്ത് അവശനിലയിൽ പെരുമ്പാമ്പ് കിടക്കുന്നത് രാത്രി പട്രോളിങ്ങിനുപോയ പോലീസുകാരാണ് കണ്ടത്. അവർ പ്രകൃതിസ്നേഹികളുടെ സംഘടനയായ മാർക്കിന്റെ (മലബാർ അവയർനെസ് ആൻഡ്‌ റസ്‌ക്യു സെന്റർ ഫോർ വൈൽഡ് ലൈഫ്) പ്രവർത്തകൻ രഞ്ജിത്ത് നാരായണനെ വിവരമറിയിച്ചു. അദ്ദേഹം ഓടിയെത്തി ചൊവ്വയിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി പരിചരിച്ചു. പിന്നീട് ജില്ലാ മൃഗാസ്പത്രിയിലെത്തിച്ചു. താടിയെല്ല് പന്ത്രണ്ട് കഷണമായി നുറുങ്ങിയിരുന്നു. മരുന്നുകൊടുത്ത് മയക്കി നടത്തിയ ആറുമണിക്കൂർ ശസ്ത്രക്രിയയിൽ വെറ്ററിനറി സർജൻ ഡോ. ഷെറിൻ പി. സാരംഗ് എല്ലുകൾ കൂട്ടിച്ചേർത്തുവെച്ചു.

പിറ്റേന്ന് പറശ്ശിനിക്കടവ് സ്‌നേക്ക് പാർക്കിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റി. അവിടെ ക്യൂറേറ്റർ നന്ദൻ വിജയകുമാറും ജയേഷും പരിചരണച്ചുമതല ഏറ്റെടുത്തു. ദിവസവും മുറിവിൽ മരുന്നുവെയ്ക്കും ദേഹത്ത് ഈച്ച വരാതെ ലോഷനിടും. നാൾകൾക്കുശേഷം, രാത്രി ചെറിയ അനക്കം കാട്ടിത്തുടങ്ങി. പിറ്റേന്ന് വെള്ളഎലിയെ ഭക്ഷണമായി നൽകി. പ്രതികരണമില്ല. ഒരാഴ്ച കഴിഞ്ഞ് കോഴിക്കുഞ്ഞിനെ കൊടുത്തപ്പോൾ അനങ്ങി. പക്ഷേ, ഭക്ഷിച്ചില്ല. പിറ്റേ ആഴ്ച കൊടുത്ത എലിയെ രാത്രി വിഴുങ്ങി. ഈ വർഷം ജൂൺ ആയപ്പോഴേക്കും പതിവുരീതിയിൽ ഭക്ഷണം കഴിച്ചുതുടങ്ങി. ഇപ്പോൾ പൂർണ ആരോഗ്യമുണ്ട് പാമ്പിന്. പതിവുപോലെ പടം പൊഴിച്ചുതുടങ്ങി. ആരെങ്കിലും ആക്രമിക്കാൻ വരുന്നതായി തോന്നിയാൽ ശക്തമായി ചീറ്റി പ്രതിരോധിക്കും. ഇടയ്ക്കിടെ തലയുടെ എക്‌സ്‌റേ എടുക്കുന്നുണ്ടായിരുന്നു. എല്ലുകൾ കൂടിച്ചേർന്നുവരുന്നതിന്റെ ലക്ഷണം അതിൽ പ്രകടമായി. ഇപ്പോൾ തലയുടെ ഭാഗത്ത് തുന്നൽ ഉണങ്ങിയതിന്റെ പാട് മാത്രമേ അവശേഷിക്കുന്നുള്ളൂ.

‘ദേഹത്ത് ധാരാളം കൊഴുപ്പുള്ള ജീവിയാണ് പെരുമ്പാമ്പ്. കുറെ നാളത്തേക്ക് ഭക്ഷണമില്ലെങ്കിലും സ്വന്തം ശരീരത്തിലെ കൊഴുപ്പ് വലിച്ചെടുത്ത് അത് ജീവൻ നിലനിർത്തും. ദേഹം വരണ്ടുപോകരുതെന്നേ ഉള്ളൂ. ഞങ്ങൾ ഇടയ്ക്കിടെ വെള്ളം ഒഴിച്ചുകൊടുക്കുമായിരുന്നു. സ്വന്തമായി ഇരതേടാനും പ്രതിരോധിക്കാനും ശേഷിയായാലേ സ്വതന്ത്രമാക്കാനാകു. അല്ലെങ്കിൽ മറ്റ് ജീവികളുടെ ആക്രമണത്തിന് വിധേയമാകും-നന്ദൻ വിശദീകരിച്ചു. അധികം വൈകാതെ കാട്ടിൽ വിടാനാണ് രക്ഷകരുടെ തീരുമാനം.