നിലമ്പൂര്‍: കഴിഞ്ഞ തിങ്കളാഴ്ചരാത്രി കരുളായി വനമേഖലയിലെ മുണ്ടക്കടവ് ആദിവാസികോളനിയില്‍ പോലീസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പിന്റെ ഉത്തരവാദിത്വം മാവോവാദികള്‍ ഏറ്റെടുത്തു.
 
മുണ്ടക്കടവില്‍ ഉണ്ടായ വെടിവെപ്പില്‍ ആദ്യ വെടിയുതിര്‍ത്തത് ഞങ്ങള്‍ തന്നെയെന്ന് മാവോവാദി വക്താവ് അക്ബര്‍ 'മാതൃഭൂമി'യോട് പറഞ്ഞു. വര്‍ഗീസിനെ പോലീസ് ക്രൂരമായി വെടിവെച്ചുകൊന്ന ചരിത്രം ആവര്‍ത്തിക്കാമെന്നാണ് പോലീസിന്റെ വ്യാമോഹമെങ്കില്‍ അത് അനുവദിക്കില്ലെന്നും മാവോവാദികള്‍ പറഞ്ഞു.

തണ്ടര്‍ബോള്‍ട്ടിനോട് വ്യക്തിപരമായി ഞങ്ങള്‍ക്കെതിര്‍പ്പില്ല. പോലീസ് പണവും മദ്യവുംനല്‍കി ഞങ്ങളെ ഒറ്റുകൊടുക്കാന്‍ കോളനികളില്‍ ആളുകളെ നിര്‍ത്തിയിരിക്കുകയാണ്.
 
ഞങ്ങളെ വളഞ്ഞുവെച്ച് കൊല്ലാനാണ് പോലീസിന്റെ ശ്രമം. അത് കൈയുംകെട്ടി നോക്കിനില്‍ക്കില്ല. ഞങ്ങള്‍ തികച്ചും ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളുടെ സുരക്ഷയെ കരുതിയാണ് തോക്കുകള്‍ കൊണ്ടുനടക്കുന്നത്. ആദിവാസികളെ ഭീഷണിപ്പെടുത്തിയല്ല ഭക്ഷണംവാങ്ങുന്നത്.
 
അവരുടെ തികച്ചും ന്യായമായ പ്രശ്‌നങ്ങളില്‍ ഇടപെടുന്നു എന്നതിനാല്‍ അവര്‍ ഞങ്ങളെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്യുന്നതെന്നും മാവോവാദി വക്താവ് അക്ബര്‍ പറഞ്ഞു.

മുണ്ടക്കടവ്, കല്‍ക്കുളം, ഉച്ചക്കുളം എന്നിവിടങ്ങളിലെ ആദിവാസികള്‍ക്ക് വനജോലികളില്‍ വനംവകുപ്പും കരാറുകാരും നല്‍കുന്നത് നാമമാത്രമായ കൂലിയാണ്. വൗച്ചറില്‍ 600 രൂപ കൂലിയെഴുതി 425ഉം 475ഉം രൂപ മാത്രമാണ് നല്‍കുന്നത്.
 
അത്തരം അഴിമതിയില്‍ ഞങ്ങള്‍ ഇടപെടുന്നു. ഇവിടങ്ങളില്‍ രണ്ടുമാസത്തിലേറെയായി ആദിവാസികള്‍ സമരംചെയ്യുന്നു. അത് പൊളിക്കാനാണ് പോലീസും വനംവകുപ്പും ശ്രമിക്കുന്നത്. ആദിവാസികള്‍ക്കു വേണ്ടി ശബ്ദമുയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുമ്പോള്‍ ഞങ്ങളെ വളഞ്ഞുവെച്ച് കൊല്ലാന്‍ ശ്രമിച്ചാല്‍ തീര്‍ച്ചയായും തിരിച്ചടിക്കുമെന്നും അക്ബര്‍ പറഞ്ഞു.

തങ്ങളുടേത് ഒരു രാഷ്ട്രീയദൗത്യമാണ്. അതു തടയാന്‍ ശ്രമിച്ചാല്‍ ശക്തമായിത്തന്നെ തിരിച്ചടിക്കാനാണ് തീരുമാനമെന്നും മാവോവാദികള്‍ സൂചിപ്പിച്ചു. മുണ്ടക്കടവില്‍ ജനങ്ങള്‍ക്ക് പ്രശ്‌നമുണ്ടാകരുതെന്നു കരുതി കാട്ടിലേക്കുകയറിയ തങ്ങളെ വെടിവെച്ചു കൊല്ലാനാണ് പോലീസ് ശ്രമിച്ചത്.
 
തങ്ങള്‍ ആരെയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ലെന്നും അതിനവസരം മുമ്പുണ്ടായിട്ടും അത് സ്വീകരിച്ചില്ലെന്നും ഇവര്‍ പറയുന്നു. എന്നാല്‍ ബദല്‍ സമരത്തിനെ തടയാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും മാവോവാദികള്‍ വ്യക്തമാക്കി.