എടക്കര(നിലമ്പൂർ): കനത്ത മഴയെത്തുടർന്ന് അന്തഃസംസ്ഥാന പാതയായ നാടുകാണിച്ചുരം റോഡിൽ വിള്ളൽ. കല്ലള ഭാഗത്ത് റോഡ് അല്പം താഴ്ന്നു. ചുരത്തിലെ വ്യു പോയന്റിനുസമീപമുള്ള അത്തിക്കുറുക്കിലാണ് 40 മീറ്റർ നീളത്തിൽ റോഡിന്റെ മധ്യഭാഗത്തോടുചേർന്ന് വിള്ളലുണ്ടായത്. ഇതേത്തുടർന്ന് ഇതുവഴി രാത്രി എട്ടുമുതൽ രാവിലെ ആറുവരെയുള്ള ഗതാഗതം നിരോധിച്ചു.
നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്റെ ഭാഗമായി വീതികൂട്ടി നിർമിച്ച പ്രദേശമാണ് ഇവിടം. വർഷങ്ങളായി മഴക്കാലത്ത് റോഡ് തകരുന്ന പ്രദേശമാണ് കല്ലള. കഴിഞ്ഞവർഷത്തെ ഉരുൾപൊട്ടലിൽ റോഡ് വിണ്ടുകീറിയിരുന്നു. നവീകരണത്തിന്റെ ഭാഗമായി നിർമാണം പൂർത്തിയാക്കിയ ഇവിടെ കഴിഞ്ഞമാസം ഇഷ്ടികപാകി ഭംഗിയാക്കിയിരുന്നു. പൊതുമരാമത്ത് അസി. എക്സിക്യുട്ടീവ് എൻജിനിയർ തിങ്കളാഴ്ച സ്ഥലം സന്ദർശിക്കും.