തിരുവനന്തപുരം: സ്വർണക്കടത്ത് കേസന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ.) സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്യാമറാദൃശ്യങ്ങൾ പകർത്തിത്തുടങ്ങി. തിങ്കളാഴ്ച 11 മണിയോടെ മുന്നറിയിപ്പൊന്നുമില്ലാതെ എത്തിയ നാലംഗ സംഘമാണ് ദൃശ്യങ്ങൾ പകർത്തുന്നത്.

മുഖ്യമന്ത്രിയുടെ ഓഫീസ് അടങ്ങുന്ന ബ്ലോക്ക്, ചീഫ് സെക്രട്ടറിയുടെ ഓഫീസ്, ജി.എ.ഡി. പൊളിറ്റിക്കൽ, കന്റോൺമെന്റ് ഗേറ്റ് എന്നിവയ്ക്കു സമീപത്തുള്ള ക്യാമറകളിലെ ദൃശ്യങ്ങളാണു പകർത്തുന്നത്. 82 ക്യാമറകളുള്ളതിൽ 14 എണ്ണത്തിൽനിന്നുള്ള ദൃശ്യങ്ങളാണ് പകർത്തുന്നത്. ചൊവ്വാഴ്ചയും തുടരും.

സെക്രട്ടേറിയറ്റിൽനിന്നുള്ള ക്യാമറാദൃശ്യങ്ങൾ പകർത്തിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനാവശ്യമായ ഹാർഡ് ഡിസ്ക് ലഭ്യമല്ലെന്നായിരുന്നു പൊതുഭരണവകുപ്പി‌ന്റെ മറുപടി. ഒരുവർഷത്തെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടിരുന്നത്. ഹാർഡ് ഡിസ്ക് വാങ്ങാൻ അനുമതി ലഭിക്കുകയും പൊതുഭരണവകുപ്പ് അതിനുള്ള നടപടികളിലേക്കു നീങ്ങുകയും ചെയ്തിരുന്നു. എന്നാൽ, അത് വൈകിയതിനു പിന്നാലെയാണ് എൻ.ഐ.എ. സംഘം തന്നെ ഹാർഡ് ഡിസ്കുമായി എത്തി ദൃശ്യങ്ങൾ പകർത്തിത്തുടങ്ങിയത്.