തിരുവനന്തപുരം: വടക്കാഞ്ചേരി ഫ്‌ളാറ്റിന്റെ നിര്‍മാണക്കരാര്‍ ഏറ്റെടുത്ത യുണിടാക് എന്ന സ്ഥാപനത്തോട് കമ്മിഷനായി സ്വപ്ന ആവശ്യപ്പെട്ട നാലുകോടി രൂപ ആര്‍ക്കൊക്കെ വേണ്ടിയാണ് എന്നാണ് ഇനി അറിയേണ്ടത്.
പദ്ധതിയുടെ പത്തുശതമാനം കമ്മിഷന്‍ വേണമെന്നായിരുന്നു സ്വപ്നയുടെ ഡിമാന്‍ഡ്. അതായത്, 40 കോടിരൂപയുടെ ഇടപാടാണ് റെഡ്ക്രസന്റ്, കോണ്‍സുലേറ്റ്, ലൈഫ് മിഷന്‍ എന്നിവയിലൂടെ മറയുന്നത് എന്നര്‍ഥം. ഈ ധാരണയുടെ അടിസ്ഥാനത്തില്‍ 3.78 കോടി രൂപ ഇതിനകം നിര്‍മാണക്കമ്പനി കമ്മിഷനായി നല്‍കിയിട്ടുണ്ടെന്നാണ് അവര്‍ ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞത്.
ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മാണക്കരാര്‍ ഏല്‍പ്പിച്ചുനല്‍കിയതിന് ഒരുകോടിരൂപ തനിക്ക് കമ്മിഷനായി ലഭിച്ചിട്ടുണ്ടെന്നാണ് സ്വപ്നാ സുരേഷ് വെളിപ്പെടുത്തിയത്. ഈ പണമാണ് ബാങ്ക് ലോക്കറില്‍നിന്ന് എന്‍.ഐ.എ. പിടിച്ചെടുത്തതെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതിനപ്പുറത്തേക്ക് നീളുന്ന ബന്ധവും കമ്മിഷന്‍ ഇടപാടുമാണ് ലൈഫ് പദ്ധതിയില്‍ നടന്നിരിക്കുന്നതെന്നാണ് നാലുകോടി എന്ന കണക്കിലൂടെ പുറത്തുവരുന്നത്.
കൃത്യമായ ആദായനികുതി വകുപ്പിന് കണക്ക് നല്‍കുകയും ഓഡിറ്റ് നടത്തുകയും ചെയ്യുന്ന സ്ഥാപനമാണ് യുണിടാക്. അതിനാല്‍, പണം കൈമാറ്റം അക്കൗണ്ടിലൂടെ മാത്രമേ നടത്താനാവൂവെന്ന് ഇവര്‍ ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍, ഇത്തരമൊരു ഇടപാടിനുള്ള ബുദ്ധിമുട്ട് സ്വപ്നയും അറിയിച്ചു. അതിനാല്‍, 3.78 കോടിയും പണമായി നല്‍കിയിട്ടില്ല. കുറച്ചുഭാഗം ദുബായില്‍ 'ദിര്‍ഹം' ആയി നല്‍കി. ഇത് കേരളത്തിലെ ഒരു ഉന്നതന് വേണ്ടിയാണത്രെ. അക്കാര്യം എന്‍.ഐ.എ. പരിശോധിക്കുകയാണ്. ലൈഫ് പദ്ധതിക്കായി 20 കോടി രൂപയാണ് റെഡ്ക്രസന്റ് സഹായമായി നല്‍കാമെന്ന് അറിയിച്ചതെന്നാണ് മുഖ്യമന്ത്രിയടക്കം നല്‍കിയ വിശദീകരണം.
റെഡ്ക്രസന്റുമായി എം.ഒ.യു. ഒപ്പുവെച്ചത് ലൈഫ് മിഷനാണ്. ഇതിലെവിടെയും കോണ്‍സുലേറ്റ് കക്ഷിയല്ല. എന്നിട്ടും, കരാറും കമ്മിഷനും ഒക്കെയായി കോണ്‍സുലേറ്റും അതില്‍ സ്വന്തം റോള്‍ നിര്‍വഹിച്ച് സ്വപ്നയും ശിവശങ്കറും ഉണ്ടാകുമ്പോഴാണ് ലൈഫ് പദ്ധതിയില്‍ കറപുരളുന്നത്. സ്വര്‍ണക്കടത്തിലെ അതേ കഥാപാത്രങ്ങള്‍ ഇവിടെയും അരങ്ങിലെത്തുന്നു.
content highlights: nia gets more information regarding financial irregularities in connection with life mission