തിരുവനന്തപുരം: സാങ്കേതിക വിദഗ്ധരെയും കൂട്ടി ചൊവ്വാഴ്ച സെക്രട്ടേറിയറ്റിലെത്തിയ എൻ.ഐ.എ. സംഘം ക്യാമറാ ദൃശ്യങ്ങളിൽ ക്രമക്കേട് നടന്നിട്ടുണ്ടോയെന്നാണ് പ്രധാനമായും പരിശോധിച്ചത്. സെർവർ റൂമിൽ സൂക്ഷിച്ചിട്ടുള്ള ദൃശ്യങ്ങൾ മായ്ക്കാനോ പകരം ദൃശ്യങ്ങൾ പകർത്താനോ ഉള്ള സാധ്യത എൻ.ഐ.എ. തള്ളിക്കളയുന്നില്ല. വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറാ ദൃശ്യങ്ങൾ ഒത്തുനോക്കി ക്രമക്കേടുകൾ കണ്ടെത്താനാകും. ദൃശ്യങ്ങളുടെ തുടർച്ചയാണ് ഈവിധത്തിൽ പരിശോധിക്കുന്നത്.
ഇടനാഴിയിൽക്കൂടി നടന്നുപോകുന്ന ഒരു വ്യക്തിയുടെ ദൃശ്യം ആ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഒന്നിലധികം ക്യാമറകളിൽ പതിയും. ഒരു ക്യാമറയുടെ റെക്കോഡിങ്മാത്രം മാറ്റിയാൽ അതിലെ ദൃശ്യങ്ങൾ മറ്റുള്ളവയുമായി ചേരില്ല. ദൃശ്യങ്ങളുടെ തുടർച്ചാപരിശോധനയിലൂടെയാണ് ഇത്തരം ക്രമക്കേടുകൾ കണ്ടെത്തുന്നത്. സെക്രട്ടേറിയറ്റിന്റെ പ്രധാന കവാടം മുതൽ ഉള്ളിലേക്കെല്ലാം തുടർച്ചയായി ക്യാമറകൾ ഉള്ളതിനാൽ എല്ലാത്തിലും മാറ്റംവരുത്തുക ബുദ്ധിമുട്ടാണ്. ദൃശ്യങ്ങൾ നശിപ്പിക്കാനാണ് പിന്നീട് സാധ്യതയുള്ളത്.
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനു പുറമേ മറ്റുപല ഉന്നതരെയും കാണാൻ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും പി.എസ്. സരിത്തും സെക്രട്ടേറിയറ്റിൽ എത്തിയിട്ടുണ്ട്. ഇത്തരം കേസുകളിൽ ഹാർഡ് ഡിസ്‌കുകൾ അടക്കം പിടിച്ചെടുത്ത് ഫൊറൻസിക് പരിശോധന നടത്തുകയാണ് പതിവ്. എന്നാൽ സെക്രട്ടേറിയറ്റിൽ ഉപയോഗിക്കുന്ന സംഭരണശേഷികൂടിയ ഹാർഡ് ഡിഡ്‌സുകൾ പിടിച്ചെടുക്കുമ്പോൾ പകരം സംവിധാനം ഏർപ്പെടുത്തേണ്ടിവരും. ഒരുവർഷത്തെ ദൃശ്യങ്ങൾ പകർത്തുന്നതിന് ഉയർന്ന സംഭരണ ശേഷിയുള്ള ഹാർഡ് ഡിസ്ക് കിട്ടാനില്ലെന്നാണ് പൊതുഭരണവകുപ്പ് പറയുന്നത്.