നെയ്യാറ്റിന്‍കര: മഞ്ചവിളാകത്ത് കൊള്ളപ്പലിശസംഘം വീട്ടമ്മയെ ആറു മണിക്കൂറിലേറെ പൂട്ടിയിട്ടു. തുടര്‍ന്ന് വനിത ഹെല്‍പ്പ് ലൈനിന്റെ സഹായത്തോടെ മാരായമുട്ടം പോലീസെത്തി വീട്ടമ്മയെ മോചിപ്പിച്ചു. എയ്തുകൊണ്ടകാണി ബഥേല്‍ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന നടൂര്‍ക്കൊല്ല മാങ്കോട്ടുകോണം എസ്.ബി.ഭവനില്‍ പരേതനായ ശിംശോന്റെ ഭാര്യ ബിന്ദുവിനെയാണ് മണലിക്കോണം മണിഭവനില്‍ യശോദ അവരുടെ വീട്ടില്‍ വിളിച്ചുവരുത്തിയ ശേഷം മുറിയില്‍ പൂട്ടിയിട്ടത്.

ബുധനാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം. ബിന്ദുവിന്റെ ഭര്‍ത്താവ് ശിംശോന്‍ ഏഴ് വര്‍ഷം മുന്‍പ് യശോദയില്‍ നിന്നും മുപ്പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. ആറു വര്‍ഷം മുന്‍പ് ശിംശോന്‍ മരിച്ചു. പിന്നീട് ബിന്ദു മുതലും പലിശയുമടക്കം അറുപതിനായിരത്തോളം രൂപ യശോദക്ക് പലപ്പോഴായി കൊടുത്തു. എന്നാല്‍ ഇനിയും പണം നല്‍കാനുണ്ടെന്നാണ് യശോദയുടെ വാദം.

ഇതിനിടെ യശോദ ബിന്ദുവിനെകൊണ്ട് മുദ്രപത്രത്തില്‍ എഴുതിവാങ്ങുകയും മാങ്കോട്ടുകോണത്തെ വീടിന്റെ പ്രമാണം വാങ്ങിവെക്കുകയും ചെയ്തു. 135000 രൂപ നല്‍കാനുണ്ടെന്നാണ് എഴുതി വാങ്ങിയത്. ഇതിനായി യശോദ വീട്ടിലെത്തി ബിന്ദുവിനെ ഭീഷണിപ്പെടുത്തി. മൂന്ന് വര്‍ഷം മുന്‍പാണ് ബിന്ദു എയ്തുകൊണ്ടകാണിയിലെ വാടകവീട്ടിലേക്ക് മാറിയത്.

യശോദയുടെ ഭീഷണി തുടര്‍ന്നതോടെ ബിന്ദു കഴിഞ്ഞ ദിവസം പോലീസില്‍ പരാതി കൊടുക്കാന്‍ തയ്യാറായി. ഈ സമയം പ്രശ്‌നം ഒത്തുതീര്‍ക്കാമെന്ന് പറഞ്ഞ് പ്രാദേശിക സി.പി.എം. നേതാവായ ശശി ഇടപെടുകയും ബിന്ദുവിനെ യശോദയുടെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം ബിന്ദുവിന്റെ പേരിലുള്ള സ്ഥലം എഴുതി നല്‍കാനാവശ്യപ്പെടുകയായിരുന്നു.

ഇതേത്തുടര്‍ന്ന് ബിന്ദു സമീപവാസിയായ സി.പി.ഐ. നേതാവിനെ വിളിച്ച് വിവരം പറഞ്ഞു. സി.പി.ഐ. നേതാവ് വനിതാ ഹെല്‍പ്പ് ലൈനില്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്നാണ് രാത്രി പത്തു മണിയോടെ മാരായമുട്ടം പോലീസെത്തി ബിന്ദുവിനെ മോചിപ്പിച്ചത്.

ബിന്ദുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മാരായമുട്ടം പോലീസ് യശോദയുടെയും ഇവരുടെ മകന്‍ അജിയുടെയും ശശിയുടെയും പേരില്‍ കേസെടുത്തു.