കോഴിക്കോട്: മറവിരോഗമായ അല്‍ഷിമേഴ്‌സിനെ പ്രാരംഭഘട്ടത്തില്‍ തന്നെ തിരിച്ചറിയാനുള്ള മാര്‍ഗ്ഗവുമായി മലയാളി ഗവേഷകര്‍. നിലവില്‍ പൂര്‍ണ്ണമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയാത്ത രോഗമാണെങ്കിലും, തുടക്കത്തിലേ കണ്ടെത്തിയാല്‍ ഒരു പരിധിവരെ രോഗതീവ്രത കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പറയുന്നു. 

സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് മെഡിസിനില്‍ ഗവേഷകരായ നിമ്മി ബേബി, സജികുമാര്‍ ശ്രീധരന്‍ എന്നിവരടങ്ങിയ ഗവേഷകസംഘമാണ്, അല്‍ഷിമേഴ്‌സ് രോഗത്തിന്റെ വരവ് മുന്‍കൂട്ടിയറിയാന്‍ സഹായിച്ചേക്കാവുന്ന നൂതന 'ബയോമാര്‍ക്കര്‍' (biomarker) കണ്ടെത്തിയത്. പുതിയ ലക്കം 'ഏജിങ് സെല്‍' (Aging Cell) ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചു.

പ്രായാധിക്യം കൊണ്ടുണ്ടാകുന്ന മേധാക്ഷയം അഥവാ ഡിമന്‍ഷ്യയുടെ വിഭാഗത്തില്‍പെട്ട ഒന്നാണ് അല്‍ഷിമേഴ്‌സ് രോഗം. സാധാരണഗതിയില്‍ 65 കഴിഞ്ഞവരിലാണ് ഇത് പ്രത്യക്ഷപ്പെടുക. എങ്കിലും, പാരമ്പര്യമായോ അല്ലാതെയോ വ്യക്തികളില്‍ മുപ്പതുകളിലും നല്‍പ്പതുകളിലും രോഗത്തിന്റെ പ്രാരംഭഘട്ടം ആവിര്‍ഭവിച്ചിരിക്കാം. 65 വയസ്സ് കഴിഞ്ഞാല്‍ ഓരോ അഞ്ചുവര്‍ഷത്തിലും അല്‍ഷിമേഴ്‌സ് ഇരട്ടിയാകാനാണ് സാധ്യത. അതിനാല്‍, രോഗം നേരത്തെ നിര്‍ണ്ണയിക്കുക എന്നതാണ് നിലവില്‍ രോഗതീവ്രത കുറയ്ക്കാനുള്ള ഏക വഴി.

ബീറ്റാ അമിലോയ്ഡുകള്‍ (Aß peptides), ന്യൂറോഫിബ്രില്ലറി ടാങ്‌ലെസ് (neurofibrillary tangles) എന്നീ പ്രോട്ടീനുകള്‍ മസ്തിഷ്‌ക്കത്തില്‍ അധികമായി ശേഖരിക്കപ്പെടുന്നതാണ് അല്‍ഷിമേഴ്‌സ് രോഗത്തിന് പ്രധാന കാരണം. പ്രോട്ടീനുകള്‍ ശേഖരിക്കപ്പെടുന്നത് സിരാകോശങ്ങളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കി ഓര്‍മകളെ നശിപ്പിക്കുന്നു. 

alzheimer'
തലച്ചോറിലെ ഹിപ്പോകാമ്പസ്-അല്‍ഷൈമേഴ്‌സ് രോഗം ആദ്യം ബാധിക്കന്ന മേഖല. Pic Credit: psychcentral.com

ഈ പ്രശ്‌നം ആദ്യം ബാധിക്കുക മസ്തിഷ്‌ക്കത്തിലെ ഹോപ്പോകാമ്പസിനെ (hippocampus) ആണ്. ദീര്‍കാല ഓര്‍മകള്‍ ഏകീകരിക്കുന്നതില്‍ ഹിപ്പോകാമ്പസ് പ്രധാനമാണ്. അല്‍ഷിമേഴ്‌സ് ബാധിക്കുന്നതോടെ ഹിപ്പോകാമ്പസ്സിലെ സിരാകോശങ്ങള്‍ക്ക് (നാഢീകോശങ്ങള്‍ക്ക്) പ്രവര്‍ത്തനശേഷി നഷ്ടപ്പെടും, അങ്ങനെ ഓര്‍മകളുടെ ഏകീകരണം അസാധ്യമാകുന്നു. 

വില്ലനായി ആര്‍ എന്‍ എ 

രോഗിയുടെ മസ്തിഷ്‌ക്കത്തില്‍ ഓര്‍മകള്‍ ഏകീകരിക്കാന്‍ കഴിയാതെ വരുന്നതിന് കാരണം, ഹിപ്പോകാമ്പസില്‍ ഒരു 'മൈക്രോ-ആര്‍എന്‍എ'യുടെ പ്രവര്‍ത്തന വ്യത്യാസമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഡോ.നിമ്മിയും സംഘവും. 'മൈക്രോ-ആര്‍എന്‍എ-134-5പി' (MicroRNA-134-5p) ആണ് വില്ലനാകുന്ന ഹ്രസ്വ ആര്‍എന്‍എ. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 

ജീവന്റെ തന്മാത്ര എന്നു വിളിക്കുന്ന ഡിഎന്‍എയില്‍ നിന്ന് ജനിതകവിവരങ്ങള്‍ ആര്‍എന്‍എ യിലേക്കാണ് പകര്‍ത്തപ്പെടുക. ആര്‍എന്‍എ വഹിക്കുന്ന വിവരങ്ങള്‍ പ്രകാരമാണ് കോശങ്ങള്‍ പ്രോട്ടീന്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുക. അതേസമയം, വിവരങ്ങള്‍ പ്രോട്ടീനുകളിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിവില്ലാത്ത ആര്‍എന്‍എകളുമുണ്ട്. അവയെ 'നോണ്‍-കോഡിങ് ആര്‍എന്‍എ' (non-coding MicroRNA) എന്നു വിളിക്കുന്നു. ഇത്തരം ആര്‍എന്‍എകളില്‍ പ്രധാനപ്പെട്ടവയാണ് ഏതാണ്ട് 22 ന്യൂക്ലിയോടൈഡുകള്‍ (ബേസുകള്‍) മാത്രമുള്ള 'മൈക്രോ-ആര്‍എന്‍എ'കള്‍. അതില്‍ പെട്ടതാണ് അള്‍ഷൈമേഴ്‌സിന്റെ കാര്യത്തില്‍ വില്ലനാകുന്ന 'മൈക്രോ-ആര്‍എന്‍എ-134-5പി'. 

ഇത്രയും കാലവും ഓര്‍മ്മ സംബന്ധിച്ച പഠനങ്ങളില്‍ ശ്രദ്ധിക്കപെടാതെപോയ ഒരു വിഭാഗമാണ് 'നോണ്‍-കോഡിങ് ആര്‍എന്‍എ'കള്‍. അല്‍ഷിമേഴ്‌സ് ബാധിച്ചവരുടെ ഹിപ്പോകാമ്പസില്‍ 'മൈക്രോ-ആര്‍എന്‍എ-134-5പി'യുടെ സാന്നിധ്യം കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടു. ഇവയുടെ അമിതപ്രവര്‍ത്തനം മൂലം ഓര്‍മകള്‍ക്ക് ആവശ്യമായ പ്രോട്ടീനുകളുടെ ലഭ്യത കുറയുന്നു, ഓര്‍മകളുടെ ഏകീകരണം തടസ്സപ്പെടുന്നു. മൈക്രോ-ആര്‍എന്‍എകള്‍ക്ക്, ഓര്‍മകളുടെ കാര്യത്തില്‍ ഇത്രയും പ്രധാന്യമുണ്ടെന്ന കാര്യം ആദ്യമായാണ് കണ്ടെത്തുന്നത്. 

മസ്തിഷ്‌കത്തിലെ സിരാകോശങ്ങളില്‍ നിന്ന് രക്തത്തിലെക്കും സെറിബ്രോസ്പിനാല്‍ ഫ്ളൂയിഡ് (CSF) ലേക്കും ഈ മൈക്രോ-ആര്‍എന്‍എ ചോര്‍ന്നെത്താറുണ്ട്. അതിനാല്‍, രക്തം, സി.എസ്.എഫ്. എന്നിവയിലെ 'മൈക്രോ-ആര്‍എന്‍എ-134-5പി' യുടെ അളവുനോക്കി  രോഗനിര്‍ണയം നേരത്തേ നടത്തുക സാധ്യമാണ്. രോഗം നേരത്തെയറിയാന്‍ ഈ മൈക്രോ-ആര്‍എന്‍എ ഒരു 'ബയോമാര്‍ക്കര്‍' (biomarker) ആയി ഉപയോഗിക്കാനാകും. 

Aß peptides
അള്‍ഷൈമേഴ്‌സിന് കാരണമായി സിരാകോശങ്ങള്‍ ബീറ്റാ അമിലോയ്ഡുകള്‍ അടിഞ്ഞുകൂടിയ നിലയില്‍. Pic Credit: NIH National Institute on Aging

അല്‍ഷിമേഴ്‌സ് രോഗം നേരത്തേ നിര്‍ണയിക്കാന്‍ വഴിതുറക്കുന്ന പ്രധാന ചുവടുവെപ്പാണ് ഈ പഠനമെന്ന്, കൊച്ചിന്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ന്യൂറോസയന്‍സിന്റെ ഡയറക്ടറും, 'ഉദ്‌ബോദ്' (Udbodh) എന്ന പേരില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റി നടത്താനിരിക്കുന്ന അല്‍ഷിമേഴ്‌സ് രോഗത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ കണ്‍വീനറുമായ ഡോ.ബേബി ചക്രപാണി അഭിപ്രായപ്പെട്ടു. പ്രസ്തുത സമ്മേളനത്തില്‍ സിങ്കപ്പൂരിനെ പ്രതിനിധീകരിച്ച് ഡോ.സജികുമാര്‍ ശ്രീധരന്‍ പുതിയ പഠനം  നവംബര്‍ രണ്ടിന് അവതരിപ്പിക്കും. 

അമ്പലപ്പുഴ പുത്തന്‍ചിറയില്‍ ബേബി തോമസിന്റെയും സാലിമ്മയുടെയും മകളാണ് ഡോ.നിമ്മി. 2015-ല്‍ സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ന്യൂറോസയന്‍സില്‍ പി.എച്ച്.ഡി. കരസ്ഥമാക്കിയ ഡോ.നിമ്മി, 2016 മുതല്‍ ഡോ.സജികുമാറിന്റെ ഗവേഷകസംഘത്തില്‍ അള്‍ഷൈമേഴ്‌സ് രോഗവുമായി ബന്ധപ്പെട്ട ഗവേഷണം നടത്തുന്നു. സിങ്കപ്പൂരില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലയില്‍ ജോലിചെയ്യുന്ന ബിനോയ് ചാക്കോ ആണ് ഡോ.നിമ്മിയുടെ ഭര്‍ത്താവ്. 

ഓര്‍മയുടെ തന്മാത്രാശാസ്ത്രവുമായി ബന്ധപ്പെട്ട് രണ്ടു പതിറ്റാണ്ടായി പഠനരംഗത്തുള്ള ഡോ.സജികുമാര്‍, സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറാണ്.  ഹരിപ്പാട് ചിങ്ങോലി സൗപര്‍ണ്ണികയില്‍ കെ.ശ്രീധരന്റെയും പരേതയായ സരസമ്മയുടെയും മകനാണ്. പാലക്കാട് ചിതലി നവക്കോട് സ്വദേശിയും സിങ്കപ്പൂര്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്റിസ്റ്റുമായ ഡോ.ഷീജ നവക്കോട് ആണ് ഭാര്യ.