തിരുവനന്തപുരം: അക്രമസംഭവങ്ങളെത്തുടർന്ന് ഒരാഴ്ചയായി അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. പുതിയ പ്രിൻസിപ്പലായി ഡോ. സി.സി. ബാബു കഴിഞ്ഞദിവസം ചുമതലയേറ്റു. ഏറെ നാളായി ഇൻചാർജ് ഭരണത്തിലാണു കോളേജ് പ്രവർത്തിച്ചിരുന്നത്.

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കർശനനിർദേശങ്ങൾ അനുസരിച്ചാണ് കോളേജ് വീണ്ടും തുറക്കുന്നത്. വിദ്യാർഥി സംഘടനകളുടെ പ്രവർത്തനങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കോളേജിലെ എസ്.എഫ്.ഐ.യുടെ ബോർഡുകളും ചുവരെഴുത്തുകളും മാറ്റുമെന്നാണ് കോളേജ് വിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ കെ.കെ. സുമ പറഞ്ഞിരുന്നത്. എന്നാൽ, കൊടിമരങ്ങളും ഇതിനോടുചേർന്നുള്ള മണ്ഡപങ്ങളും മാറ്റിയിട്ടില്ല. കോളേജിനുമുന്നിൽ മാത്രമല്ല വിവിധ വകുപ്പുകൾക്കുമുന്നിലും എസ്.എഫ്.ഐ.യുടെ കൊടിമരങ്ങളുണ്ട്.

കോളേജിലെ കെട്ടിടങ്ങളിലും നടപ്പാതകളിലുമെല്ലാമുള്ള മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും മായ്ച്ചു. ഇടിമുറിയെന്നറിയപ്പെട്ടിരുന്ന യൂണിയൻ ഓഫീസ് ക്ലാസ്‌മുറിയാക്കി. സംഭവത്തിൽ അധ്യാപകർക്കും മറ്റു ജീവനക്കാർക്കും പങ്കുണ്ടെങ്കിൽ നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

പന്ത്രണ്ടാം തീയതിയാണ് കോളേജിലെ എസ്.എഫ്.ഐ. യൂണിറ്റ് മുൻ നേതാക്കളുടെ നേതൃത്വത്തിൽ വിദ്യാർഥികളെ ആക്രമിച്ചത്. ഇതേത്തുടർന്നു പ്രതിഷേധവുമായി വിദ്യാർഥികൾ തെരുവിലേക്കിറങ്ങുകയായിരുന്നു.

Content Highlights: New Principal joined; University college will open on monday