തൃശ്ശൂർ: വർധിച്ചുവരുന്ന ഇന്ധന ആവശ്യകതയും കൂടിയ വിലയും മുതലെടുക്കാൻ പൊതു-സ്വകാര്യ കമ്പനികൾ കൂടുതൽ പെേട്രാൾ പമ്പുകൾ തുറക്കുന്നു. പൊതുമേഖലയിലുള്ള ഇന്ത്യൻ ഒായിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം കമ്പനികൾ മൂന്നുവർഷത്തിനകം 40,000 പന്പുകളാണ് തുറക്കാൻ തീരുമാനിച്ചിരിക്കുന്നത്.

നിലവിൽ 1343 പെട്രോൾ പന്പുകളുള്ള റിലയൻസ് മൊത്തം എണ്ണം 5000 ആയി ഉയർത്തും. ഇതിന് അനുമതിയായിട്ടുണ്ട്. ആഗോള പെട്രോളിയം കുത്തകക്കമ്പനിയായ ബി.പി.(ബ്രിട്ടീഷ് പെട്രോളിയം) ഇന്ത്യയിൽ 3500 പെട്രോൾ പമ്പുകൾ തുടങ്ങാനുള്ള അനുമതി 2016 ഒക്ടോബറിൽ കരസ്ഥമാക്കിയിരുന്നു. ആദ്യഘട്ടത്തിൽ 2000 എണ്ണം തുടങ്ങാനായി ബി.പി. റിലയൻസുമായി ഉടമ്പടിയുണ്ടാക്കി. മൂന്നുവർഷത്തിനിടെ ദേശീയ പാതയോരങ്ങളിൽ 2,000 പമ്പുകൾ സംയുക്തമായി തുറക്കാനാണ് തീരുമാനം.

ലണ്ടൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബി.പി. റിലയൻസിന്റെ എണ്ണ ഖനന-വിപണന മേഖലയിൽ പങ്കാളിയാണ്. റിലയൻസ് എണ്ണ-വാതക ഉത്‌പാദന വിതരണത്തിനായി 21 കമ്പനികളുമായി ഉണ്ടാക്കിയ കരാറുകൾക്കായി ചെലവിട്ട തുകയുടെ 30 ശതമാനം ഒാഹരി ബി.പി.യുടേതാണ്. രാജ്യത്ത് വാതകവിതരണത്തിന് രൂപംനല്കിയ ഇന്ത്യ ഗ്യാസ് സൊലൂഷൻസ് എന്ന കമ്പനിയിൽ റിലയൻസും ബി.പി.യും തുല്യ പങ്കാളികളുമാണ്.

രാജ്യത്ത് മൊത്തമുള്ള 57,312 പെട്രോൾ പമ്പുകളിൽ 5,800 എണ്ണം റിലയൻസ്, എസ്സാർ, ഷെൽ എന്നീ സ്വകാര്യ കമ്പനികളുടേതാണ്.

ഇന്ത്യയിലെ മൊത്തം പെട്രോൾ പമ്പുകളിലെ വില്പനയിൽ ആറ് ശതമാനം റിലയൻസിന്റേതാണ്. 2004-ൽ റിലയൻസ് 1470 പെട്രോൾ പമ്പുകളുമായി ചെറുകിട വിപണനത്തിനിറങ്ങിയപ്പോൾ മൊത്തം വില്പനയുെട 12 ശതമാനം കമ്പനിയുടേതായിരുന്നു. പിന്നീട് പമ്പുകളെല്ലാം പൂട്ടി. വില നിർണയാധികാരം എണ്ണക്കന്പനികൾക്ക് കൈവന്ന ശേഷമുണ്ടായ വിലക്കയറ്റത്തിലാണ് പൂട്ടിയ പമ്പുകൾ റിലയൻസ് വീണ്ടും തുറന്നത്.