തിരുവനന്തപുരം: വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ പൂജ്യത്തിനും ഇടം. ഒന്നുമുതൽ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം ഉപയോഗിക്കണം. സംസ്ഥാനത്തെ വാഹന രജിസ്ട്രേഷൻ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക് മാറുന്നതിന്റെ ഭാഗമായാണിത്.

ഡിസംബർമുതൽ നൽകുന്ന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാൻസിനമ്പർ ശ്രേണിയിലെ സൂപ്പർ നമ്പറായ ഒന്ന് ഇനിമുതൽ 0001 എന്ന് എഴുതേണ്ടിവരും.

ഓട്ടോറിക്ഷയ്ക്ക് പ്രത്യേക ഡ്രൈവിങ് ലൈസൻസ് നൽകുന്നത് ഒഴിവാക്കും. ലൈറ്റ് മോട്ടോർ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഓട്ടോറിക്ഷ ഓടിക്കാം. നിലവിലുള്ള ഓട്ടോറിക്ഷ ലൈസൻസുകൾ ഇ-റിക്ഷ ലൈസൻസുകളായി മാറും. രാജ്യവ്യാപക ഡ്രൈവിങ് ലൈസൻസ് ശൃംഖലയായ ‘സാരഥി’യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഡ്രൈവിങ് ലൈസൻസിൽനിന്ന് ഓട്ടോറിക്ഷ എന്ന വിഭാഗം ഒഴിവാകുകയാണ്. നിലവിൽ ഓട്ടോറിക്ഷ ഓടിക്കണമെങ്കിൽ പ്രത്യേക ലൈസൻസ് ടെസ്റ്റും പൊതുവാഹനമായതിനാൽ ബാഡ്ജും വേണ്ടിയിരുന്നു. സുപ്രീംകോടതി ഉത്തരവിനെത്തുടർന്ന് ബാഡ്ജ് നേരത്തേ ഒഴിവാക്കി.

തിരുവനന്തപുരം, കാട്ടാക്കട, തൃപ്രയാർ, വയനാട്, മാനന്തവാടി, ഇരിട്ടി, നന്മണ്ട, സുൽത്താൻബത്തേരി, പേരാമ്പ്ര, വെള്ളരിക്കുണ്ട് എന്നീ പത്ത് ഓഫീസുകളിൽ ബുധനാഴ്ച മുതൽ ഡ്രൈവിങ് ലൈസൻസ് വിതരണം സാരഥിയിലേക്ക് മാറും. തിരുവനന്തപുരം കുടപ്പനക്കുന്ന്, കരുനാഗപ്പള്ളി, ആലപ്പുഴ ഓഫീസുകളിൽ പരീക്ഷണ ഉപയോഗം നടക്കുന്നുണ്ട്. ഒരുമാസത്തിനുള്ളിൽ പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറേറ്റ് അറിയിച്ചു.

സംസ്ഥാനത്തെ ഡ്രൈവിങ് ലൈസൻസ് നമ്പറുകളും പുതിയ ശ്രേണിയിലേക്ക്‌ മാറ്റും. സംസ്ഥാനത്തിന്റെ സൂചനയായ കെ.എൽ. എന്ന അക്ഷരങ്ങൾക്കുപുറമേ 13 അക്കനമ്പറാണ് വരുന്നത്. ആദ്യ രണ്ട് നമ്പറുകൾ ഓഫീസ് കോഡും അടുത്ത നാല് നമ്പറുകൾ വർഷവും അവസാന ഏഴ് അക്കങ്ങൾ പ്രസ്തുത ഓഫീസിലെ ലൈസൻസ് വിതരണ നമ്പറുമായിരിക്കും. ഡ്രൈവിങ് ലൈസൻസുകളുടെ വിശദാംശങ്ങൾ രാജ്യത്ത് എവിടെനിന്നുവേണമെങ്കിലും പരിശോധിക്കാനാകും. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ ഏതുസംസ്ഥാനത്തെ ഉദ്യോഗസ്ഥർക്കും ചെക്ക് മെമ്മോ ആയി ലൈസൻസ് വിവരങ്ങളിൽ ഉൾക്കൊള്ളിക്കാൻ കഴിയും.